കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായി കനത്ത മഴ

എടത്വ: കർഷകരുടെ കണക്കുകൾ തെറ്റിച്ച് വില്ലനായി കനത്ത മഴ. ഏറെ പ്രയാസം സഹിച്ച് നിലമൊരുക്കി വിതച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ കനത്ത മഴയില്‍ മുങ്ങി. തുടരെ പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വിത്ത് ചീഞ്ഞ് പോകുമോ എന്ന ആശങ്കയിലാണ് കർഷകർ. നിലമൊരുക്കി വെള്ളം പൂർണ്ണമായും വറ്റിച്ചതിന് ശേഷം വരി നെല്ലും കളകളും കിളിർപ്പിച്ചതിന് ശേഷം തോട്ടിൽ നിന്നും വെള്ളം കയറ്റി മുക്കിയിരുന്നു. അതിന് ശേഷം നടത്തിയ വിതയാണ് മുങ്ങി കിടക്കുന്നത്.

കഴിഞ്ഞ തവണ വിളവെടുപ്പ് സമയത്ത് ഉണ്ടായ മഴ മൂലം ഈർപ്പത്തിന്റെ കാരണം പറഞ്ഞ് നെല്ലെടുപ്പ് വൈകിയിരുന്നു. തലവടി ചൂട്ടുമാലി പാട ശേഖര നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ കൃഷി ഭവനിൽ പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്നാണ് നെല്ലെടുപ്പ് നടന്നത്.

ഈ കാരണത്താൽ ഇത്തവണ വിത ഇറക്കൽ നേരത്തെ ആക്കുകയായിരുന്നു. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയുടെ പൊതുയോഗ തീരുമാന പ്രകാരം ഒക്ടോബർ 20ന് വിത ഇറക്കി. അന്ന് മുതൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം ജലനിരപ്പ് ഉയർന്ന് വരമ്പുകള്‍ പോലും മുങ്ങിയ അവസ്ഥയാണ്.

വിത്ത് തയ്യാറാക്കിയെങ്കിലും തുടർച്ചയായ മഴ മൂലം വിതക്കാത്ത കർഷകർ ഉണ്ടെന്നും മഴ നിലയ്ക്കുന്ന പക്ഷം വിതയ്ക്കാന്‍ കാത്തിരി കയാണെന്നും കർഷകൻ കൂടിയായ ഡോ ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു.

കനത്ത മഴയില്‍ മുങ്ങിയ തലവടി ചൂട്ടുമാലി പാടശേഖരം

Leave a Comment

More News