ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യ, നേപ്പാൾ , ബംഗ്ലാദേശ്ഏഷ്യൻ രാജ്യങ്ങളിലെ കുറഞ്ഞ വരുമാനക്കാർക്കായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി ജനറൽ കൺവീനർ നൗഫൽ പാലേരി അറിയിച്ചു. ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്താന് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം ആളുകളാണ് ഇതുവരെ ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡ് അയക്കും. കാർഡിൽ രേഖപ്പെടുത്തുന്ന പരിശോധന സമയത്ത് കാർഡുമായാണ് മെഡിക്കൽ ക്യാമ്പിൽ എത്തേണ്ടതെന്നും കൺവീനർ അറിയിച്ചു .വിവിധ ഷിഫ്റ്റുകളിലായാണ് ക്യാമ്പിൽ പരിശോധന നടക്കുക.
ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 6.30 മുതൽ വൈകീട്ട് 4 മണി വരെ ഉംഅൽ സനീം ഹെൽത്ത് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പായ ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽ പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ, പരിശീലന ക്ലാസുകൾ നടക്കും.
ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബെറ്റിക് അസോസിയേഷൻ എന്നിവക്ക് പുറമെ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം തുടങ്ങിയ കൂട്ടായ്മകളും ക്യാമ്പിൽ പങ്കാളികളാകും. പുരുഷമാരും സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ അഞ്ഞൂറിലധികം സി.ഐ.സി വൊളന്റിയര്മാരും ക്യാമ്പിൽ സേവന സന്നദ്ധരായി ഉണ്ടാവും.

