“ഹിന്ദു” – സംസ്കാരമോ, മതമോ?: ജയശങ്കര്‍ പിള്ള

“ചരിത്ര ഏടുകളിൽനിന്ന് മാനവികതയുടെ വടവൃക്ഷത്തിലേക്ക്”

മനുഷ്യചരിത്രം പരിശോധിക്കുമ്പോൾ മതങ്ങളും സംസ്കാരങ്ങളും മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ മതത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം പോരടിക്കുകയും യുദ്ധങ്ങളും അധിനിവേശങ്ങളും ഭീകരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു: മനുഷ്യനെ മനുഷ്യനായി കാണാനും പ്രകൃതിയെയും സർവചരാചരങ്ങളെയും ആദരിക്കാനും, ബഹുമാനിയ്ക്കാനും,പകർന്നുനൽകുവാനും ഒരു വിശാലമായ ജീവിതദർശനം നമുക്ക് ആവശ്യമില്ലേ? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈന്ദവ സംസ്കാരത്തിന്റെ ചരിത്രത്തെയും ദാർശനിക പാരമ്പര്യത്തെയും അതിന്റെ മാനവികതിയേയും, സാധ്യതകളെയും നാം പരിശോധിക്കേണ്ടത്. ഈ പഠനാക്രമത്തിൽ ഉയരുന്ന മറ്റൊരു അർത്ഥവത്തായ ചോദ്യമാണ് , “ഹിന്ദു” ഒരു മതം മാത്രമാണോ?! അതോ മതത്തിന്റെ അതിരുകൾക്കപ്പുറം വ്യാപിച്ചുകിടക്കുന്ന ഒരു സംസ്കാരവും ജീവിതദർശനവുമാണോ?!

ഹൈന്ദവ പാരമ്പര്യത്തിന്റെ വേരുകൾ അന്വേഷിക്കുമ്പോൾ നാം അഖണ്ഡഭാരതീയ ഉപഭൂഖണ്ഡത്തിന്റെ പ്രാചീന ചരിത്രത്തിലേക്കാണ് കടന്നുചെല്ലുന്നത്. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദത്തിൽ അതിന്റെ ഉന്നതിയിലെത്തിയ സിന്ധു നദീതട സംസ്കാരം, അഥവാ ഹാരപ്പൻ സംസ്കാരം, ലോകത്തിലെ പ്രധാനപ്പെട്ട പ്രാചീന നഗരസംസ്കാരങ്ങളിലൊന്നായിരുന്നു. നഗരാസൂത്രണം, ജല ആഗമന,നിർഗമന സംവിധാനങ്ങൾ, കരകൗശലവിദ്യകൾ, വ്യാപാരം,വിദ്യാഭ്യാസം, ദൈവീക ആരാധന തുടങ്ങിയ മേഖലകളിൽ ഈ സംസ്കാരം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. അതിലെ ചില മുദ്രകളും പുരാവസ്തുക്കളും പിൽക്കാല ഇന്ത്യൻ മതപാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ കൃത്യമായ മതപരമായ അർത്ഥങ്ങളെക്കുറിച്ച് ഗവേഷകർക്കിടയിൽ, ചരിത്ര പഠിതാക്കൾക്കിടയിൽ ഏകാഭിപ്രായമില്ല. അതിനാൽ സിന്ധു നദീതട സംസ്കാരത്തെ ഇന്നത്തെ ഹിന്ദുമതവുമായി പൂർണമായി തുലനം ചെയ്യുന്നതിനെക്കാൾ, ഭാരതീയ സംസ്കാരത്തിന്റെ പ്രാചീന ചരിത്രപശ്ചാത്തലത്തിന്റെ ഭാഗമായി കാണുന്നതാണ് കൂടുതൽ ഉചിതം.

ലഭ്യമായിട്ടുള്ള വൈദിക പാരമ്പര്യങ്ങൾ, ഉപനിഷത്തുകളിലെ ദാർശനിക അന്വേഷണങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, വിവിധ ആരാധനാസമ്പ്രദായങ്ങൾ, ഭക്തിപ്രസ്ഥാനങ്ങൾ, പ്രാദേശിക വിശ്വാസങ്ങൾ,ഭാഷകളുടെ ഉപയോഗം,ലിപി, ശില്പവിദ്യകൾ,കലകൾ എന്നിവയിലൂടെ ഭാരതീയ മത-സാംസ്കാരിക ലോകം പല ഘട്ടങ്ങളിലായി വികസിച്ചു. ഈ വികാസം ഒരൊറ്റ കാലഘട്ടത്തിൽ സംഭവിച്ചതല്ല, അനേകം നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത ജനവിഭാഗങ്ങളും ഭാഷകളും പ്രദേശങ്ങളും ആശയധാരകളും,ദർശനങ്ങളും,അനുഷ്ഠാനങ്ങളും പരസ്പരം ഇടപഴകിയതിന്റെ ഫലമായി കൈവരിച്ചതാണ്. അതുകൊണ്ടുതന്നെ ഹൈന്ദവ സംസ്കാര പാരമ്പര്യത്തെ ഒരു സ്ഥാപകൻ, ഒരു വിശുദ്ധഗ്രന്ഥം, ഒരു പ്രവാചകൻ, ഒരൊറ്റ ആരാധനാരീതി, ആരാധനാ മൂർത്തി, എന്നിവയിൽ ഒതുക്കി നിർവചിക്കാൻ പ്രയാസമാണ്. ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രത്തിൽ വിശ്വാസവും അവിശ്വാസവും, ആചാരവും അന്വേഷണവും, ഭക്തിയും യുക്തിചിന്തയും,ചോദ്യങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, ഭക്തിയും, യുക്തിയും തമ്മിലുള്ള സംവാദങ്ങൾക്ക് വിവിധ രൂപങ്ങളിലും,തലങ്ങളിലും ഇടം ലഭിച്ചിട്ടുണ്ട്.

ഹൈന്ദവ സംസ്കാരത്തെ ഉപമിക്കേണ്ടത് പ്രകൃതിയുടെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന ഒരു മഹാവടവൃക്ഷത്തോടാണ്. ആഴത്തിൽ പടർന്നുപിടിച്ച വേരുകളും ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ശാഖകളും,പടർന്നു പന്തലിച്ച ചില്ലകളും, ഇടതൂർന്ന ഇലകളും, തളിരിലകളും മൊട്ടുകളും പൂക്കളും കായ്കളും നിറഞ്ഞ ഒരു മഹാവൃക്ഷം. അതിന്റെ വേരുകൾ ചരിത്രത്തിലും പാരമ്പര്യത്തിലും തത്ത്വചിന്തയിലും ആത്മീയാന്വേഷണത്തിലൈക്കും,നിരന്തരമായ ഉല്കാഴ്ചയുടെ അന്യോഷണത്തിലേയ്ക്കും ആഴ്ന്നിറങ്ങുന്നു. അതിന്റെ തായ്ത്തടി,കാതൽ,പുറംചട്ട,മൃദുവായ ഭാഗങ്ങൾ ജീവിത ദർശനത്തിന്റെ കരുത്തിനെ, മൃദുലതയെ, പ്രതിരോധത്തെ, പ്രതിനിധാനം ചെയ്യുന്നു. ശാഖകൾ വിവിധ അഭിപ്രായങ്ങളെ,(മതങ്ങളെ),വിശ്വാസങ്ങളെയും ദർശനങ്ങളെയും ആചാരങ്ങളെയും,അനുഷ്ടാങ്ങളെയും,രീതികളെയും പ്രതിനിധീകരിക്കുമ്പോൾ ഇലകളും പൂക്കളും കായ്കളും മനുഷ്യ ജീവിതത്തിന്റെ/ജന്മത്തിന്റെ വർണ്ണം,ചിന്തകൾ,വൈവിധ്യങ്ങളെയും സൗന്ദര്യങ്ങളെയും,വിവിധഭാഷകൾ,ഭക്ഷണരീതികൾ, അടയാളപ്പെടുത്തുന്നു.

ഏത് കാലാവസ്ഥയിലും തണൽ നൽകുന്ന ഈ മഹാവൃക്ഷം കൊടുംവെയിലിലും മഴയിലും മഞ്ഞിലും കൊടുങ്കാറ്റിലും അഭയം തേടിയെത്തുന്നവരെ അവരുടെ തിരിച്ചറിയലിന്റെ (Identity) പേരിൽ വേർതിരിക്കുന്നില്ല. അതിന്റെ ശാഖകളിൽ കിളികൾക്ക് കൂടുകൂട്ടാം; യാത്രാക്ഷീണിതർക്ക് തണലിൽ വിശ്രമിക്കാം. ചെറുജീവികൾക്കും കീടങ്ങൾക്കും പുഴുക്കൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അഭയം കണ്ടെത്താം. ആരാധനയ്‌ക്കും,പൂജയ്ക്കുള്ള പൂക്കളും പഴങ്ങളും നൽകുന്നതിനൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഈ മഹാവൃക്ഷം പങ്കുവഹിക്കുന്നു. ആരാണ് തന്റെ തണലിൽ അഭയം തേടുന്നതെന്ന് അന്വേഷിക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഈ മഹാവൃക്ഷത്തെപ്പോലെ, വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി ഹൈന്ദവ സംസ്കാരത്തിലെ പല പാരമ്പര്യങ്ങളിലും നമുക്ക് കാണാം. ഈ ഉപമയുടെ യഥാർത്ഥ സൗന്ദര്യം എല്ലാവരും ഒരുപോലെയാകുന്നതിലല്ല, വ്യത്യസ്തരായിരിക്കുമ്പോഴും ഒരുമിച്ച് നിലനിൽക്കാൻ കഴിയുന്നതിലാണ്,ചേർത്തുനിര്ത്തുന്നതിലാണ്.

ഈ പാരമ്പര്യത്തിന്റെ ദാർശനിക സമ്പന്നതയും അതിന്റെ വൈവിധ്യത്തെ,നാനാത്വത്തിൽ ഏകത്വത്തെ വ്യക്തമാക്കുന്നു. ഉപനിഷത്തുകളുടെ ആത്മാന്വേഷണം, അദ്വൈതത്തിന്റെ ഏകതാദർശനം, ഭക്തിപ്രസ്ഥാനങ്ങളുടെ സ്നേഹവും സമർപ്പണവും, യോഗത്തിന്റെ ആത്മനിയന്ത്രണവും, വിവിധ ദർശനങ്ങളുടെ യുക്തിപരമായ അന്വേഷണങ്ങളും ഭാരതീയ ചിന്താലോകത്തെ സമ്പന്നമാക്കി. ചാർവാക ദർശനം പോലുള്ള ഭൗതികവീക്ഷണങ്ങൾ മുതൽ ആത്മാവിനെയും പരമസത്യത്തെയും അന്വേഷിച്ച ദാർശനിക ധാരകൾ,ചിന്തകൾ,ലിഖിതങ്ങൾ വരെ വ്യത്യസ്ത പുലർത്തി ഇവിടെ നിലനിൽകുന്നു. ബൗദ്ധ-ജൈന പാരമ്പര്യങ്ങൾ ഉൾപ്പെടെയുള്ള മറ്റു ഭാരതീയ ദർശനങ്ങളുമായുള്ള നിരന്തര സംവാദങ്ങളും ഈ ബൗദ്ധിക ചരിത്രത്തിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരേ മതത്തിന്റെ (അഭിപ്രായത്തിന്റെ) ഭാഗമാണെന്നല്ല ഇതിന്റെ അർത്ഥം; മറിച്ച് ഭാരതീയ ഉപഭൂഖണ്ഡം വിവിധ ആശയങ്ങൾ വളരുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്ന വിശാലമായ സാംസ്കാരിക ഇടമാണ് എന്നതാണ്.

പ്രകൃതിയോടുള്ള ആദരവും സർവചരാചരങ്ങളോടുള്ള കരുണയും ഹൈന്ദവ പാരമ്പര്യത്തിലെ പല ആശയങ്ങളിലും പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. നദികളെയും പർവതങ്ങളെയും വൃക്ഷങ്ങളെയും മൃഗങ്ങളെയും, കാറ്റിനെയും, അഗ്നിയേയും, പവിത്രമായി കാണുന്ന സമീപനങ്ങൾ മനുഷ്യൻ പ്രകൃതിയിൽനിന്ന് വേറിട്ട ഒരു അധികാരിയല്ല, മറിച്ച് അതിന്റെ മാത്രം ഭാഗമാണ് എന്ന ബോധത്തിലേക്ക് നമ്മെ നയിക്കുന്നു. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” – ലോകത്തിലെ സകല ജീവികളും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയും. “വസുധൈവ കുടുംബകം” – ലോകം ഒരു കുടുംബമാണ് എന്ന ആശയവും വിശാലമായ മാനവികതയുടെ സന്ദേശങ്ങളായി എക്കാലവും പ്രസക്തമാണ്. ഇവയുടെ അർത്ഥം നമ്മുടെ കുടുംബത്തെയോ സമൂഹത്തെയോ മാത്രം സ്നേഹിക്കുക എന്നതല്ല; നമ്മുടെ അതിരുകൾക്കപ്പുറത്തുള്ളവരുടെ ക്ഷേമവും പരിഗണിക്കുക, സഹജീവികളെ മനസ്സിലാക്കുക എന്നതാണ്.

ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം മനുഷ്യസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ അന്വേഷണത്തിന് മാനവ ജനതയ്ക്കു പുതിയ ശക്തി നൽകി. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന സമൂഹത്തിൽ മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും വേണ്ടി ഗുരുക്കന്മാർ. നവോധാന നായകർ, പ്രസ്ഥാനങ്ങൾ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണ്. മതത്തിന്റെ പേരിൽ മനുഷ്യനെ ഉയർന്നവനെന്നും താഴ്ന്നവനെന്നും വേർതിരിക്കുന്ന പ്രവണതകളെ അതിജീവിക്കാതെ ഒരു സംസ്കാരത്തിനും യഥാർത്ഥ മാനവികത അവകാശപ്പെടാനാവില്ല. അതിനാൽ ഹൈന്ദവ പാരമ്പര്യത്തിലെ മഹത്തായ ആശയങ്ങളെ ആദരിക്കുന്നതോടൊപ്പം ജാതി വിവേചനം, അസമത്വം, അന്ധവിശ്വാസം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെ വിമർശിക്കുകയും തിരുത്തുകയും, സ്വയം ചോദ്യങ്ങൾ ചോദിച്ചു പരിഷ്കരിക്കപ്പെടേണ്ടതും ചെയ്യേണ്ടതുണ്ട്. പാരമ്പര്യത്തെ സ്നേഹിക്കുക എന്നത് അതിലെ എല്ലാ ചരിത്രാനുഭവങ്ങളെയും ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നല്ല, നല്ലതിനെ ഉൾക്കൊണ്ടുകൊണ്ട് അതിലെ മാനവിക മൂല്യങ്ങളെ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതുകൂടിയാണ്.

ഹിന്ദു എന്ന പദത്തിന്റെ ചരിത്രവും അതിന്റെ അർത്ഥവ്യാപ്തിയും കൂടി നാം മനസ്സിലാക്കിപ്പോകുന്നതാണ് ഉത്തമം. സിന്ധു നദിയുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ പ്രയോഗങ്ങളിൽനിന്ന് ചരിത്രപരമായി വികസിച്ചുവന്ന ‘ഹിന്ദു’ എന്ന പദം കാലക്രമേണ വ്യത്യസ്തമായ സാംസ്കാരികവും മതപരവുമായ അർത്ഥങ്ങൾ സ്വീകരിച്ചു. ഇന്ന് അത് ഒരു മതപരമായ സ്വത്വത്തെയും വിശാലമായ സാംസ്കാരിക പാരമ്പര്യത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. അതിനാൽ ഹിന്ദു എന്നത് മതപരമായ അർത്ഥമില്ലാത്ത, വെറും ഒരു അഭിപ്രായം എന്നർത്ഥം വരുന്ന ഒരു പദം മാത്രമാണെന്ന് പറയുന്നതും, അതിനെ കേവലം ഒരു മതപരമായ നിർവചനത്തിൽ ഒതുക്കുന്നതും അതിന്റെ ചരിത്രപരമായ അർത്ഥവ്യാപ്തിയെ പൂർണമായി വ്യക്തമാക്കുന്നില്ല. മതവും സംസ്കാരവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെങ്കിലും അവ രണ്ടും പൂർണമായും ഒന്നല്ല. ഒരു മതം വിശ്വാസത്തെയും ആരാധനയെയും ദൈവസങ്കൽപ്പങ്ങളെയും സംബന്ധിക്കുന്നതാകുമ്പോൾ സംസ്കാരം ഭാഷ, സാഹിത്യം, കല, സംഗീതം, ഭക്ഷണം, കുടുംബബന്ധങ്ങൾ, ഉത്സവങ്ങൾ, സാമൂഹികജീവിതം, പ്രകൃതിയോടുള്ള സമീപനം തുടങ്ങി വിശാലമായ മേഖലകളെ അതിവിശാലമായി ഉൾക്കൊള്ളുന്നു.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളും മത-വംശീയ സംഘർഷങ്ങളും ഭീകരാക്രമണങ്ങളും മനുഷ്യരെ അഭയാർഥികളാക്കുകയും കുടുംബങ്ങളെ തകർക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും, കുഞ്ഞുങ്ങളെ അനാധരാക്കുകയും ചെയ്യുന്നു . മതവും ആശയധാരകളും രാഷ്ട്രീയ അധികാരത്തിന്റെയും വിദ്വേഷത്തിന്റെയും ഉപകരണങ്ങളായി മാറുമ്പോൾ മനുഷ്യന്റെ അടിസ്ഥാനമാണ് അപകടത്തിലാകുന്നത്. ഈ സാഹചര്യത്തിൽ ലോകത്തിന് ആവശ്യമായത് മറ്റൊരു മതമത്സരമോ ഒരു സംസ്കാരത്തിന്റെ ആധിപത്യമോ അല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ മൂല്യം തിരിച്ചറിയുന്ന, വ്യത്യസ്ത വിശ്വാസങ്ങളെ ആദരിക്കുന്ന, അഹിംസയെയും കരുണയെയും സഹവർത്തിത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മാനവിക ദർശനമാണ്. ഹൈന്ദവ പാരമ്പര്യത്തിലെ അഹിംസ, ആത്മനിയന്ത്രണം, സർവ ജീവികളോടുള്ള കരുണ, ലോകക്ഷേമം തുടങ്ങിയ ആശയങ്ങളെ ഈ ദിശയിൽ പ്രയോജനപ്പെടുത്താൻ കഴിയും.

എന്നാൽ, യുദ്ധങ്ങളും ഭീകരതയും മറ്റുമതങ്ങളിൽ മാത്രം നിലനിൽക്കുന്ന പ്രശ്നങ്ങളാണെന്നും ഹൈന്ദവ പാരമ്പര്യം എല്ലായ്പ്പോഴും സംഘർഷങ്ങളിൽനിന്ന് മുക്തമായിരുന്നുവെന്നും, എതിർത്തിട്ടുണ്ട് എന്ന് പറയുന്നതും ചരിത്രത്തിന്റെ സങ്കീർണതകളെ അവഗണിക്കുന്നതായിരിക്കും. എല്ലാ മത – സാംസ്കാരിക പാരമ്പര്യങ്ങളിലും മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളുണ്ട്, അതുപോലെ അവയുടെ പേരിൽ അസഹിഷ്ണുതയും സംഘർഷങ്ങളും ഉണ്ടായിട്ടുമുണ്ട്. അതിനാൽ ഹൈന്ദവ സംസ്കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത് മറ്റുള്ളവരെ താഴ്ത്തിക്കാണിച്ചുകൊണ്ടല്ല, മറിച്ച് അതിലെ മികച്ച ആശയങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവെച്ചുകൊണ്ടാണ്. ഒരു ദർശനത്തിന്റെ മഹത്വം അതിന്റെ അനുയായികളുടെ എണ്ണത്തിലോ ചരിത്രത്തിന്റെ പഴക്കത്തിലോ മാത്രമല്ല, മനുഷ്യജീവിതത്തെ കൂടുതൽ നീതിപൂർവവും സമാധാനപരവും കരുണാപൂർണവുമാക്കാൻ അതിന് എത്രത്തോളം കഴിയുന്നു എന്നതിലാണ്. അതുകൊണ്ടുതന്നെ ഹൈന്ദവ സംസ്കാരത്തെ ഒരു മതപരമായ സ്വത്വമായി തിരിച്ചറിയുന്നതോടൊപ്പം വിശാലമായ ഒരു ജീവിതദർശനമായി പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. അതിലെ പ്രകൃതിബോധം, അഹിംസ, ആത്മനിയന്ത്രണം, സർവജീവികളോടുള്ള കരുണ സഹജീവികളെയും സർവ്വചരാചരങ്ങളെയും ചേർത്തുനിര്ത്തുന്ന രീതിയിൽ നിലനിന്നു പോകണം. മതം ഏതായാലും മനുഷ്യരെ മനസ്സിലാക്കുവാൻ കഴിയുന്ന മനസ്സും, വിശ്വാസം ഏതായാലും നിരപരാധിയുടെ ജീവൻ സംരക്ഷിക്കുന്ന മഹത്വവും,. സംസ്കാരം ഏതായാലും പരസ്പരം വേര്തിരിയ്ക്കുന്ന മതിലുകളേക്കാൾ സ്നേഹത്തിന്റെ വടവൃക്ഷമാകണം മതങ്ങളും സംസ്കാരവും

“ഹിന്ദു – സംസ്കാരമോ, മതമോ?” എന്ന ചോദ്യത്തിന് ഒരൊറ്റ വാക്കിൽ ഉത്തരം നൽകാനാവില്ല. സമകാലിക യുഗത്തിൽ ഹിന്ദു ഒരു മതപരമായ സ്വത്വമാണ്, അതോടൊപ്പം, അനേകം പാരമ്പര്യങ്ങളും ദാർശനിക ധാരകളും ആചാരങ്ങളും കലകളും സാഹിത്യവും ജീവിതരീതികളും ചേർന്നുവളർന്ന വിശാലമായ സാംസ്കാരിക ലോകത്തിന്റെ അടയാളവുമാണ്. ഈ രണ്ട് അർത്ഥങ്ങളെയും തിരിച്ചറിയുമ്പോഴാണ് , ഹൈന്ദവ സംസ്കാരത്തിന്റെ യഥാർത്ഥ മഹത്വം അതിനെ മറ്റെല്ലാ പാരമ്പര്യങ്ങൾക്കും മുകളിലായി സ്ഥാപിക്കുന്നതിലല്ല, അതിലെ ഉന്നതമായ മാനവിക മൂല്യങ്ങളെ ലോകത്തിന്റെ നന്മയ്ക്കായി പങ്കുവെക്കുന്നതിലാണ് മഹത്വമെന്നു മനസ്സിലാകുന്നത്. ഒരു മഹാ വടവൃക്ഷത്തെപ്പോലെ ഹൈന്ദവ സംസ്കാരം ചരിത്രത്തിന്റെ മണ്ണിൽ വേരൂന്നി, ചിന്തയുടെ ആകാശത്തേക്ക് ശാഖകൾ നീട്ടി, തലമുറകൾക്ക് തണലേകട്ടെ. അതിന്റെ തണൽ തേടിയെത്തുന്നവരോട് അവരുടെ മതമോ ഭാഷയോ വംശമോ,ദേശമോ ചോദിക്കുന്നതിനുപകരം അവർക്കും അന്തസ്സോടെ ജീവിക്കാൻ ഇടം നൽകട്ടെ. അതിന്റെ വേരുകൾ മാനവികതയിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങട്ടെ, ശാഖകൾ സഹവർത്തിത്വത്തിന്റെ ആകാശത്തേക്ക് ഇനിയും,ഇനിയും ഉയരട്ടെ. യുദ്ധവും വിദ്വേഷവും ഭീകരതയും നിറഞ്ഞ ലോകത്ത്, മനുഷ്യനെ മനുഷ്യനായി കാണാനും പ്രകൃതിയെ സ്വന്തം നിലനിൽപ്പിന്റെ ഭാഗമായി സംരക്ഷിക്കാനും പഠിപ്പിക്കുന്ന ഒരു ദർശനമായി അതിലെ ഉന്നതമായ മൂല്യങ്ങൾ ലോകത്തിന് വെളിച്ചമായി സംസ്കാരമായി നിലകൊള്ളട്ടെ.

“ഹിന്ദു”- എന്നതിനെ ഒരു മതമായി മാത്രം തരംതാഴ്ത്താതെ, എല്ലാ മതങ്ങളെയും ,ചിന്തകളെയും, ദര്ശങ്ങളെയും, ആചാര, അനുഷ്ഠാനങ്ങളെയും, ബഹുമാനിയ്ക്കുന്ന,ആദരിയ്ക്കുന്ന,സർവ്വജീവജാലങ്ങളെയും ചേർത്തുനിര്ത്തുന്ന, അഹിസയുടെ കണ്ണാടിയായി സാംസ്കാരികതയുടെ വടവൃക്ഷമായി നിലകൊള്ളട്ടെ.

Leave a Comment

More News