കരിങ്കൽ പാളികൾ മതിൽ തീർത്ത പാത പിന്നിടുമ്പോൾ വണ്ടിയുടെ ചക്രങ്ങൾ തീർത്ത ഭയപ്പെടുത്തുന്ന ആർത്തനാദത്തിൽ നിന്നും താളാത്മകമായ യാത്രയിലേക്കുള്ളൊരു തിരിച്ചുവരവ് എന്നപോലെ ട്രെയിൻ ഒന്ന് നീട്ടി കൂവി. മനസ്സിലെ ഭീതിയുടെ കരിമ്പാറകൂട്ടങ്ങൾക്കു ഒരു അറുതി വന്നു. പാതയോരത്തിന് ഇരുവശവും അതിവിശാലമായ പച്ചക്കറി കൃഷികൾകൊണ്ട് പാടശേഖരങ്ങൾ വിഴുങ്ങിയിരുന്ന പഴയകാലത്തു നിന്നും, അങ്ങിങ്ങു തുരുത്തുകൾ പോലെ മാത്രമുള്ള കൃഷിയിടങ്ങൾ. പലയിടത്തും കോൺക്രീറ്റ് കൂരകൾ തലയുയർത്തി നില്‍ക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പമുള്ള ഓട്ടത്തിൽ ചലനം നിലച്ച റബ്ബർ ഷീറ്റു പുരകളും, കാൽപ്പെരുമാറ്റം പോലും നിലച്ചുപോയ ടാപ്പിംഗ് വഴിത്താരകളും. കാലം മാറി, കൃഷിയും കൃഷി രീതികളും, സമയവും, സമയക്രമങ്ങളും, കാലം തെറ്റിയ കാലചക്രങ്ങളും.
സീറ്റിൽ ഒന്നുകൂടി ചാരി കാഴ്ചകൾക്ക് വേണ്ടി കൂടുതൽ ദൂരം തേടുമ്പോൾ വക്കച്ചന്റെ ഇപ്പോഴും, മാറ്റങ്ങൾക്കു വിധേയമാവാത്ത സൗഹൃദത്തിന്റെ സമ്മാനപ്പൊതി ചേർത്തുപിടിച്ചു. അവന്റെ സ്നേഹം സീമകൾക്കും അപ്പുറമായി ഇന്നും തുടരുന്നു. പണ്ടും അവൻ അങ്ങിനെതന്നെ.
കോളേജ് അവധി ദിനങ്ങളിൽ പുരയിടത്തിലെ കൃഷിപ്പണികളിൽ വേലക്കാരുമൊത്ത് തകൃതിയായി പണികൾ നടക്കുമ്പോൾ പലപ്പോഴും വക്കച്ചനും ഷോജനും ഒക്കെ വീട്ടിൽ വന്ന കുറെയേറെ നല്ല ദിനങ്ങൾ. സൈക്കിളിൽ ഗേറ്റു കടന്നു വന്നു ബെല്ല് മുഴക്കുമ്പോഴേ കൂട്ടുകാരുടെ വരവറിയിച്ചുകൊണ്ടുള്ള പെരുമ്പറ പോലെയാണ്. വിശാലമായ തറവാട്ട് പുരയിടത്തിനും, വയലേലകൾക്കും, അതിരുപോലെ ഒഴുകുന്ന കണിയാമ്പുഴയും, പുഴയോരത്തെ കീറിമുറിച്ചുള്ള തെങ്ങിൻ ചിറകളും, വിശാലമായ വയലും, വാഴയും, കമുകും, തെങ്ങുകളും കൊണ്ട് വിതാനിച്ച പറമ്പിനു നടുവിലൂടെ തറവാട് വരെ നീളുന്ന പാതയും, പാതയോരത്തെ കടലാസു ചെടികളും, പനിനീർ പൂക്കളും ഈ സുഹൃത്തുക്കളുടെ കൗമാര സ്വപ്നങ്ങളുടെ ഈറ്റില്ലമായിരുന്നു.
“ങാ..മോനിന്നു വിരുന്നുകാരുണ്ടല്ലോ,…”
സൈക്കിളിന്റെ പഞ്ചാരമണി മുഴക്കം കേട്ട് ഓലയും കൊതുമ്പും ഒക്കെ പെറുക്കി കൂട്ടുന്ന സുശീലയാണ്..
തൊടിയിൽ നല്ല പണിത്തിരക്കുള്ള ദിവസമായിരുന്നു. തേങ്ങയിടീൽ നടക്കുന്ന സമയം. ജോലിക്കാരെല്ലാം സത്യസന്ധരാണെങ്കിലും, കാരണവന്മാരായിട്ടുള്ള നടത്തിപ്പുശീലമാണ് ഏതു പണികൾക്കും അവർക്കു ഒരു തുണപോലെ, നോട്ടക്കാരനായിട്ടു ആരെങ്കിലുമൊക്കെ ഇല്ലെങ്കിൽ ഒരു പൂർണ്ണത വരില്ല എന്നതു. കൊയ്ത്തുപാടത്തെയും, ഞാറ്റുപണിയുടെയും, പറമ്പിൽ ഉള്ള വേലകളുടേയുമൊക്കെ ഈ നോട്ടക്കാരൻ പണി തുടങ്ങിയത് ഒൻപതാം തരം സ്‌കൂൾ അവധിക്കാലം മുതലാണ്. അച്ഛൻ അപകടത്തിൽ പെട്ട് കിടപ്പിലായപ്പോൾ കുടുംബ നടത്തിപ്പിൽ ഒരു സഹായിയായി അമ്മയ്‌ക്കൊപ്പം തുടങ്ങിവച്ച ചുമതല. അവധി കഴിഞ്ഞു സ്‌കൂളുകൾ വീണ്ടും പ്രവർത്തനത്തിലേക്ക് കടന്നപ്പോൾ, പ്രധാന അധ്യാപികയായ ‘അമ്മ വീണ്ടും തിരക്കുകളിലേക്ക് പോയി. കിടപ്പിലായ അച്ഛനെയും,കൃഷികാര്യങ്ങൾ നോക്കുവാനും ഉള്ള ജോലി അങ്ങിനെ ദേവന്റെ കൂടി കൂട്ടുത്തരവാദിത്വങ്ങളായി.
പത്താം ക്‌ളാസ് ഓണപ്പരീക്ഷയുടെ ദേവന്റെ മികവ് കണ്ടിട്ടാകാം, അമ്മയുടെയും, വീട്ടിലെ അല്ലറ ചില്ലറ പണികളുടെയും ഒക്കെ സഹായിയായി സുശീലയെ നിയമിച്ചത്. പഠനകാര്യങ്ങളിൽ സ്‌കൂളിൽ തന്നെ മുൻപന്തിയിൽ നിന്ന ദേവൻ അത്രമാത്രം പിന്നിലേക്ക് യ്ക്ക് തള്ളപ്പെട്ടിരുന്നു. സുശീല വീട്ടിൽ പണിയ്ക്കു വരാൻ തുടങ്ങിയിട്ട് കൂടിയാൽ എട്ടോ പത്തോ വര്ഷമായിക്കാനും. ചീരന്റെ മകൻ കുഞ്ഞന്റെ ഭാര്യയാണ്. വെളിയനാട് കോളനിയിൽ നിന്നും കല്യാണം കഴിച്ചു വന്നവൾ , വൈധവ്യം ഏറ്റുവാങ്ങിയവൾ അത്യാവശ്യം ,വെടിപ്പും, വൃത്തിയും ഉണ്ടെന്നു പറഞ്ഞു അമ്മയാണ് അവളെ വീട്ടിലെ തൂക്കലും,തുടയ്ക്കലും,തുണികഴുക്കും, അടുക്കളയിലെ പാത്രം കഴുക്കും ഒക്കെയായി കൂടെ കൂട്ടിയത്. ഇപ്പോൾ അകത്തു പെരുമാറുവാൻ അനുവദിച്ചതോടെ അവൾ തന്നെയാണ് പാചകത്തിലെയും,സഹായി. മിക്കവാറും ജോലിയൊക്കെ കഴിഞ്ഞു എരുത്തിലിന് പിന്നിലായുള്ള ചായ്‌പിൽ ആണ് താമസം. എട്ടാം തരം വരെ പോയ അവൾ ഇപ്പോൾ വീട്ടിലെ പ്രധാന കാര്യക്കാരിയെ പോലെയാണ്. ചീരനും, ചീരന്റെ മക്കളും മരുമക്കളുമൊക്കെ കാലങ്ങളായി എടശ്ശേരിതറവാട്ടിലെ കുടികിടപ്പുകാരും, മൂപ്പനുമൊക്കെയാണ്. ചീരന്റെ അപ്പനപ്പൂപ്പന്മാർ മുതൽ തറവാട്ടിലെ സന്തതസഹാചാരികൾ.
സൈക്കിൾ തറവാട്ടു വഴിയിൽ വച്ച് ചിറയിലൂടെ നടന്നു വരുന്ന കൂട്ടുകാർക്കു വഴികാട്ടിയായി ചെത്തുകാരൻ മണിയേട്ടനുമുണ്ട്. ദേവൻ ചിറയിലേയ്ക്ക് നീങ്ങി നിന്ന് കൈലിയുടെ തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പു ഒപ്പി പിന്നെ കൈ ഉയർത്തി വീശി.
“ദേവോ…കൂട്ടുകാരന്മാരുണ്ടല്ലോ,.. എന്താ പരിപാടി ,… ”
മണിയേട്ടൻ വായ് തുറന്നാൽ പിന്നെ മൈക്ക് വേണ്ട എന്നാണ് നാട്ടുകാർ പറയുന്നത്. ഇരു കൈകളിലും ചെത്തി ഇറങ്ങിയ കള്ള് നിറച്ച കന്നാസും കൂജയും പിടിച്ചു ആജാനുബാഹുക്കവായ മണിയേട്ടൻ..
“ചേട്ടൻ തയ്യാറാക്കി കോളൂ,… സുശീലേ നീ മുരളിയോട് രണ്ടു,മൂന്നു കരിക്ക് ഇടാൻ പറയ് ..”
ദേവന്റെ വാക്ക് മുഴുമിപ്പിയ്ക്കുന്നതിനു മുൻപേ മുരളി കരിക്കു വെട്ടി ഒരുക്കി കഴിഞ്ഞിരുന്നു.
“എന്നാ .. പിന്നെ ഞാൻ പോയി ചായ കൊണ്ട് വരട്ടെ,… ”
സുശീല വീട്ടിലേയ്ക്കു പോകുവാനൊരുങ്ങി ..
“ങാ , എന്തെങ്കിലും കൊറിയ്ക്കാനും എടുത്തോളൂ,…”
ദേവന്റെ വാക്ക് കേട്ട് അവൾക്കു കാര്യം പിടികിട്ടി, ഏറു കണ്ണിട്ടു ദേവനെ നോക്കിയിട്ടു അവൾ കുലുങ്ങി കുലുങ്ങി നടന്നു പോയി. പുഴയോരത്തുള്ള പമ്പ് ഹൗസിലേക്ക് നടക്കുന്ന മണിയേട്ടന്റെ കണ്ണുകൾ ആ നടത്തവും, നോട്ടവും കണ്ടു അറിയാതെ നിന്നു.
“ദേവാ,.. പരീക്ഷ ഒക്കെ കഴിഞ്ഞു നീ ഇവിടെ അടിച്ചു പൊളിയാണല്ലോ, മണിയേട്ടൻ പറഞ്ഞു തീറു കാച്ചാണെന്നു ,.. ”
“അവനിവിടെ പിന്നെ പണി തിരക്ക് കാണില്ലേ,..കണ്ടില്ലേ സഹായികൾ എത്രയാണെന്ന് ”
വക്കച്ചന്റെ കമന്റിൽ ഷോജനും ഏറ്റുപിടിച്ചു. ആ സംസാരത്തിൽ എന്തോ ഒരു മുനയുള്ളതു പോലെ ദേവന് തോന്നി.
” എടാ പിന്നല്ലാതെ, നിന്നെപ്പോലെ കുഞ്ഞാട് ആകാനൊന്നും എന്നെ കിട്ടില്ല..”
ദേവൻ തിരിച്ചടിച്ചു.
ഇതെല്ലാം കേട്ട് മണിയേട്ടൻ ഏതോ നാടൻപാട്ട് ഉറക്കെ പാടുന്നുണ്ടായിരുന്നു.
‘കൊച്ചുമോനെ,.. കരിക്ക് റെഡി. ”
നന്നായി ചെത്തി മിനുക്കിയ മൂന്നു നാല് കരിയ്ക്കുമായി മുരളിയാണ്. തല ചൊറിഞ്ഞു നിൽക്കുന്ന മുരളിയെ നോക്കി ….
“മുരളീ നീ ഒരു കാര്യം ചെയ്യ് നമ്മുടെ കൊച്ചു ചെറുക്കനെ ഷൺമുവിന്റെ കടയിൽ വിട്ടു ഒരെണ്ണം വാങ്ങിപ്പിക്കൂ. വൈകിട്ട് കാണാം എന്ന് പറഞ്ഞാൽ മതി.”…
ഷണ്മു ഗേറ്റിനു എതിർവശമുള്ള നികത്തിൽ ഒരു ചെറിയ ഉപഷാപ്പു തുടങ്ങിയിട്ടുണ്ട്. സർക്കാർ ചാരായവും, നാടനുമൊക്കെ അവിടെ പതിവാണ്. ഇടക്കൊക്കെയുള്ള കൂട്ടുകാരുടെ സന്ദർശനം ദേവന് ആഘോഷമാണ്.
കൊച്ചു ചിറക്കൻ അരക്കുപ്പി സൂര്യന്റെ പടമുള്ള ചാരായവുമായി എത്തിയപ്പോൾ മണിയേട്ടൻ പമ്പ് ഹൗസിന്റെ അരികിൽ ഇരിപ്പിടങ്ങൾ ഒരുക്കി കഴിഞ്ഞിരുന്നു. പുഴയിലെ പരല്‍ മീനുകളെയും, കൊറ്റികളെയും പുഴയ്ക്കക്കരെയുള്ള മനയ്ക്കപറമ്പിലെ ചില്ലിതെങ്ങുകളിൽ തൂങ്ങിയാടുന്ന കുഞ്ഞാറ്റക്കിളികളുടെ കൂടുകളും വാഴയും, തെങ്ങും, ജാതിയും, കമുകും നിറഞ്ഞ തണുത്ത ചോലയിൽ കൂട്ടുകാർക്കൊപ്പം മണിയേട്ടനും ഇരുന്നു. നല്ല വെട്ടു കുപ്പി ഗ്ലാസ്സുകളിൽ ചാരായവും,നല്ല ചെത്തി ഇറങ്ങിയായ കള്ളും, കരിയ്ക്കുംവെള്ളവും ചേർത്ത് ഒരു പിടി പിടിച്ചപ്പോൾ തന്നെ സുശീല ചായയും, കഴിയ്ക്കുവാനായി എന്തെല്ലാമായോ വരുന്നുണ്ടായിരുന്നു. അവളുടെ നടത്തത്തിൽ ശരീരം മുഴുവൻ താളാത്മകമായി ചലിച്ചു കൊണ്ടിരുന്നു.
” നീ ഒരു കാര്യം ചെയ്യ്,.. ഈ ചായ നിങ്ങൾ എല്ലാവരും കൂടി കുടിയ്ക്കു,… പത്രങ്ങളിൽ എന്താണ്?”…
” കൊച്ചുമോൻ തന്നെ തുറന്നു നോക്ക്”
സുശീലയാണ്. അവളുടെ മുഖത്ത് നാണം വിരിഞ്ഞു.
നല്ല മുളക് ചാർ ഒഴിച്ച മരച്ചീനി വേവിച്ചതും, അച്ചാറും.
“ടീച്ചർ ഞാനിതൊക്കെ എടുക്കുമ്പോൾ നോക്കുന്നുണ്ടായിരുന്നു, ഇന്നും കൂട്ടുകാരുണ്ടോ എന്ന് ചോദിച്ചു,… ”
” എന്നിട്ടു നീ എന്ത് പറഞ്ഞു… ”
“ഇല്ലെന്ന്..”
അവളെന്തോ വലിയ സഹായം ചെയ്തതുപോലെ മുഖം തുടുത്തു. അവളുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം.
ദേവൻ അവളെ ആകെ ഒന്ന് നോക്കി, അവൾ കൈലിമുണ്ടിന്റെ തലപ്പെടുത്തു മാറ് മറച്ചു.
“എന്നാ പിന്നെ നീ ചെന്ന് പണി ഒക്കെ തീർക്കൂ… ”
അവള്‍ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ താളാത്മകമായ നടത്തത്തിൽ മദ്യ ലഹരിയിൽ എല്ലാ കണ്ണുകളും ഉടക്കി നിന്നു.
“ഷൊജാ,.. നിനക്ക് കുടുംബയോഗം ഉള്ളതല്ലേ, നീ വിട്ടോ വക്കച്ചൻ പിന്നയെ പോകുന്നുള്ളൂ,..”
ഷോജൻ ഒരു ചെറുതുകൂടി അടിച്ചു പിരിഞ്ഞു പോയി.
“പന്ത്രണ്ടു മണിക്ക് മുൻപ് കള്ള് അളക്കണം, ഇപ്പോൾ തന്നെ വൈകി”
മണിയേട്ടൻ ഏതോ പാട്ടൊക്കെ പാടി നടന്നു അകലുമ്പോൾ ഗ്ലാസ്സുകൾ വീണ്ടും നിറഞ്ഞു ഒഴിഞ്ഞുകൊണ്ടിരുന്നു.
“എടാ, ദേവാ നീ കോളേജടച്ചിട്ടു പിന്നെ മായയെ കണ്ടിരുന്നോ?.. അവളുടെ കത്തൊക്കെ വരുന്നുണ്ടോ? ഇവരൊക്കെ ഒന്ന് പോയിട്ട് നിന്നോട് ചോദിക്കാനിരിക്കുകയായിരുന്നു”
“കണ്ടിട്ടില്ല… എനിക്കിവിടെ വളരെ തിരക്കാണ്, അവളുടെ ഒരു കത്ത് വന്നിരുന്നു.”
പോക്കറ്റിൽ മടക്കി സൂക്ഷിച്ചിരുന്ന കത്തെടുത്തു വക്കച്ചന്റെ കൈയ്യിൽ കൊടുത്തു.
“നീ തന്നെ വായിച്ചു നോക്ക്….”
കത്ത് വായിച്ചു കഴിഞ്ഞു വക്കച്ചൻ ദേവനോട് ചോദിച്ചു .
“നമുക്കൊന്ന് അവിടെ വരെ പോയാലോ… അഞ്ചോ ആറോ കിലോമീറ്റർ അല്ലെ ഉള്ളൂ…..ഞാനും കൂടെ വരാ,. അവളോട് സംസാരിക്കാം”
“പോണോ,.. അല്ലേൽ പോയേക്കാം,.. മദ്യം ദേവന്റെ തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു. എന്നാ വാ ”
ബാക്കി ഇരുന്നത് കൂടി ഒറ്റവാളിയ്ക്കു അകത്താക്കി ദേവൻ നടന്നു തുടങ്ങി.
” സുശീലേ ,… നീ ഇതൊക്കെ എടുത്തു വയ്ക്കു,… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം…വക്കച്ചനെ ബസ്റ്റോപ്പിൽ വിട്ടിട്ടു വരാം.. ”
വീട്ടിലേക്ക് സൈക്കിൾ എടുക്കാൻ പോകുന്ന വഴി മുരളിയുടെ കൈയ്യിൽ നിന്നും ബീഡി വാങ്ങി കത്തിച്ചു പുകയൂതി വിടുമ്പോൾ ..,
“നീ പണികഴിഞ്ഞു പോകുമ്പോൾ ആ ബാക്കി ഇരിയ്ക്കുന്നു കൊണ്ടുപോയ്ക്കോളൂ,… ”
ചുട്ടുപൊള്ളുന്ന വെയിലിൽ മായയുടെ വീട്ടിലേക്കുള്ള യാത്രയിൽ കൂട്ടുകാരുടെ ലഹരി എരിഞ്ഞു തീർന്നിരുന്നു.
പുല്ലുപാറ കയറ്റം കഴിഞ്ഞാൽ പിന്നെ ചെങ്കുത്തായ ഇറക്കമാണ്. കുന്നിൻ ചരിവിനെ കീറിമുറിച്ചു കടന്നുപോകുന്ന റോഡ് നില്കുന്നത് വിശാലമായ പാടശേഖരത്തിലാണ്. തൊട്ടടുത്ത തൊടിയിലുള്ള ചെറിയ വഴിയിലേക്ക് പടർന്നുനിൽക്കുന്ന മൂവാണ്ടൻ മാവ്. മദ്യത്തിന്റെ മണം പോകുവാൻ മാവില കടിച്ചു ചവച്ചു. സൈക്കിൾ ഒതുക്കി വെച്ച് കൽപ്പടവുകൾ കയറി, പടിപ്പുര കയറി, വിശാലമായ മുറ്റത്തേക്ക് പടർന്നു നിൽക്കുന്ന മാവുകളും, പേരമരങ്ങളും, ഇളം നീല ചായം പൂശിയ നിറയെ ജനലുകൾ ഉള്ള പഴയ ഒരു തറവാട്. കാളിംഗ് ബില്ലിൽ വിരലമർത്തുമ്പോൾ അകത്തു കാൽപ്പെരുമാറ്റം കേട്ടു.
“ആരാത് “…..
മുകളിലും താഴെയുമായി നാലുപാളികൾ ഉള്ള വാതിലിന്റെ മുകളിലെ പാളി തുറന്നപ്പോൾ നന്നായി തേച്ചു മിനുക്കിയ സെറ്റുമുണ്ട് ഉടുത്തു, ചന്ദന കുറിയിട്ട മായയുടെ അമ്മ.
“ബാലൻ സാറിന്റെ വീടല്ലേ ”
വിറയാർന്ന സ്വരത്തിൽ ദേവൻ തിരക്കി.
“സാറിവിടില്യ,… പുറത്തു പോയിരിയ്ക്ക്യാ , ആരാ ,..”
അമ്മ തിരക്കി.
“അമ്മേ, ഞങ്ങള്‍ മായയുടെ ക്‌ളാസ്സ് മേറ്റ്സ് ആണ്, എന്റെ പേര് വക്കച്ചൻ ”
വക്കച്ചനാണ് മറുപടി പറഞ്ഞത്.
“മായെടയോ,..ഓളെ വിളിയ്ക്കാട്ടോ…”
അമ്മ അകത്തേയ്ക്കു പോയി.
ചാരിയിട്ട വാതിലിനു പിന്തിരിഞ്ഞു നിൽക്കുമ്പോള്‍ ദേവന്റെ നെഞ്ചിടിപ്പു കൂടി വന്നു…….
(തുടരും….)
