മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം-7): ജയശങ്കര്‍ പിള്ള

“ബാലൻ സാറിന്റെ വീടല്ലേ”

വിറയാർന്ന സ്വരത്തിൽ ദേവൻ തിരക്കി.

“സാറിവിടില്,… പുറത്തു പോയിരിയ്ക്ക്യാ, ആരാ.” അമ്മ തിരക്കി.

“അമ്മേ, ഞങ്ങള്‍ മായയുടെ ക്‌ളാസ്സ് മേറ്റ്സ് ആണ്, എന്റെ പേര് വക്കച്ചൻ ”

വക്കച്ചനാണ് മറുപടി പറഞ്ഞത്.

“മായേടെയോ..മക്കളിവിടെ നില്ല്..ഓളെ വിളിയ്ക്കാട്ടോ…”

അമ്മ അകത്തേക്ക് പോയി.

ചാരിയിട്ട വാതിലിനു പിന്തിരിഞ്ഞു നിൽക്കുമ്പോള്‍ ദേവന്റെ നെഞ്ചിടിപ്പു കൂടി വന്നു

മുറ്റത്തേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ഇടതൂർന്ന ചില്ലകൾക്കിടയിൽ ഉറക്കം തൂങ്ങിയ അണ്ണാറക്കണ്ണന്മാർ ഞെട്ടിയുണർന്നു ചിലക്കുവാൻ തുടങ്ങി. അകത്തെവിടെയോ ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്ന ചലച്ചിത്ര ഗാനങ്ങൾ പൊടുന്നനെ നിലച്ചു.

“എടാ,.. വക്കച്ചാ .. ”

അകത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്ന വക്കച്ചന്റെ കൈയ്യിൽ പിടിച്ചു ദേവൻ വിളിച്ചു.

“നമുക്ക് തിരികെ പോയാലോ? കുഴപ്പായോ ? ”

“നീ ഇങ്ങനെ പേടിച്ചാലോ… അവിടെ നിൽക്ക്”

ചവിട്ടുപടിയിൽ നിന്നും മുറ്റത്തേക്കിറങ്ങിയ ദേവനെ അവൻ വിലക്കി.

ദേവൻ പതിയെ മുറ്റത്തേക്കിറങ്ങി. മാവിൽ പടർന്നു ചുറ്റിക്കയറിയ മുല്ലയിൽ നിറയെ മൊട്ടുകൾ. പഞ്ചാര മണൽ വിരിച്ച മുറ്റത്തെ ചുറ്റുമതിലിൽ ചെടിച്ചട്ടികൾ. പൂത്തുലഞ്ഞു നിൽക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള കടലാസുപൂക്കൾ. തൊടിയും പറമ്പും എല്ലാം വളരെ ഭാഗിയായി കിടക്കുന്നു. മുറ്റത്തിനോട് ചേർന്നുള്ള തൊഴുത്തിൽ പൂവാലി പശുക്കളുടെ കഴുത്തിലെ മണികൾ കിലുങ്ങുന്ന ശബ്ദം. വരേണ്ടിയിരുന്നില്ല, വെറുതെ വെള്ളമടിച്ചപ്പോൾ തോന്നിയ ഒരു പൊട്ട ബുദ്ധി, ഇവനെ കത്തു കാണിച്ചതാണ് കുഴപ്പായതു ,സ്വയം മനസ്സിൽ പഴിച്ചുകൊണ്ടു ദേവൻ നിൽക്കുമ്പോൾ പിന്നിലൊരു ശബ്ദം

” അല്ല,..ആരാ ഇത് ദേവനോ… എന്തെ ഇവിടെ നിന്നെ… അയ്യോ വക്കച്ചനുമുണ്ടല്ലോ.. എന്തേ ബെല്ലടിക്കാഞ്ഞേ..”

“ഇല്ല ചേച്ചീ, ഇപ്പൊ വന്നതേ ഉള്ളൂ,…അമ്മേ കണ്ടായിരുന്നു..”

“ആണോ..”

മായയുടെ ചേച്ചി മാലതിയാണ്.

“ഞാൻ വാതിൽ തുറക്കാമേ.. അവളെ ഇപ്പൊ വിളിയ്ക്കാം.. ഞങ്ങൾ ഈ തുണി ഉണങ്ങാൻ ഇട്ടതു എടുക്കുവായിരുന്നു, വാ, വാ.. കയറി ഇരിക്കൂ….”

കൈത്തണ്ടയിൽ വസ്ത്രങ്ങൾ കൂട്ടിപ്പിടിച്ചു മറ്റേ കൈകൊണ്ടു ചാരിയിട്ട വാതിൽ തുറന്നു ചേച്ചി അവരെ അകത്തേക്ക് ക്ഷണിച്ചു.

“അമ്മാ… ദാ മായേടെ കൂട്ടുകാർ വന്നിരിക്കുന്നു…. എടീ മായേ, ഈ പെണ്ണിതിവിടെ പോയ് കിടക്കുവാണ്‌”

ദേവൻ മുറിയാകെ ഒന്ന് നോക്കി.. മുറിയുടെ കോണിൽ ശ്രീകൃഷ്ണനും രാധയും കൂടി നിൽക്കുന്ന പ്രതിമയ്ക്കുമുന്‍പില്‍ സന്ധ്യാദീപം. ദീപം കൊളുത്തുവാൻ വിളക്ക് ഒരുക്കി വച്ചിരിയ്ക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയോടെ വച്ചിരിയ്ക്കുന്ന കൊച്ചു സ്വീകരണമുറിയിൽ അങ്ങിങ്ങു ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോകൾ

അകത്തു അടക്കി പിടിച്ചുള്ള അമ്മയുടെ സംസാരം

“വക്കച്ചാ നമുക്ക് പോയേക്കാം …അമ്മയ്ക്ക് നമ്മുടെ വരവ് ഇഷ്ടപ്പെട്ടില്ല എന്ന തോന്നുന്നത് …”

പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് ദേവൻ പിറുപിറുത്തു.

“മോനെ അവൾ അപ്പുറത്തെ വീട്ടിലെ കൂട്ടുകാരിയുടെ അടുത്ത് പോയതാ..”

ഊണുമുറിയുടെ വാതിൽക്കൽ അമ്മയോടൊപ്പം മായ..

“അമ്മേ ഞങ്ങൾ ഇവിടെ അടുത്തുവരെ വന്നപ്പോ ഇത്രടം വരെ കയറിയതാ..വെറുതെ കൂട്ടുകാരെ ഒക്കെ കാണാം എന്ന് കരുതി”

“മക്കള് സംസാരിച്ചിക്കൂ ഞാൻ എന്തേലും കഴിക്കാനെടുക്കാം… ”

അതും പറഞ്ഞു അമ്മ അകത്തേക്ക് പോകുമ്പോൾ ദേവന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. പ്രതീക്ഷിച്ചതുപോലെ ഒരു കുഴപ്പവും ഇല്ല.

“അല്ല ഈ വക്കച്ചൻ എപ്പോ വന്നു,.. നിങ്ങളൊക്കെ കറങ്ങി നടക്കുവാണല്ലേ.. ”

മായയാണ് സംസാരത്തിനു തുടക്കം കുറിച്ചത്.

ഓ.. വീട്ടിലിരുന്നിട്ടു എന്തോ ചെയ്യാനാ, ചുമ്മാ ഇവന്റെ അടുത്തുവരെ വന്നതാ.. എന്നാപ്പിന്നെ നിങ്ങള് സംസാരിക്കൂ എന്ന ആംഗ്യം കാണിച്ചു വക്കച്ചൻ പതിയെ പുറത്തേക്കിറങ്ങി.

ദേവൻ മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

“ഇയാള് എവിടേലും പോകാൻ നിൽക്കുവാണോ ?! ഞങ്ങൾ വന്നത് കുഴപ്പായോ ?!”

കുളിച്ചൊരുങ്ങി നന്നായി ഉടുത്തൊരുങ്ങി നെറ്റിയിൽ ചന്ദനക്കുറിയും, നീണ്ട അഴിച്ചിട്ട മുടിയിൽ തുളസിക്കതിരും ചൂടി നിൽക്കുന്ന മായയെ നോക്കി ദേവൻ തിരക്കി.

“ഇല്ല,.. ഇല്ല,.. വെറുതെ അടുത്ത വീടുവരെ പോയി … എന്തേ ?!”

ആകാംഷയോടെ മായ ദേവനെ നോക്കി.

“അതേ, എന്റെ കത്ത് കിട്ടിയോ ? “മായ അടക്കം ചോദിച്ചു.

“കിട്ടി,.. എന്തിനാ കാണണം എന്ന് പറഞ്ഞത് .. എന്തെങ്കിലും കുഴപ്പായോ?”

“ഇല്ല, എനിക്ക് കാണണമെന്നു തോന്നി, പിന്നെ ഇവിടെ ഭയങ്കര ബോറടിയാണ്”

മായ പറഞ്ഞു മുഴുമിച്ചതും അമ്മ ഒരു പ്ളേറ്റിൽ നന്നായി നുറുക്കിയ മാമ്പഴവും ചായയുമായെത്തി.

“മറ്റേയാൾ എന്ത്യേ…?”

മുറ്റത്തു മാവിന്റെ തണലിൽ ചേച്ചിയോട് സംസാരിച്ചു നിൽക്കുന്ന വക്കച്ചനെ വിളിക്കാന്‍ അമ്മ പോയപ്പോൾ മായയുടെ കൈവിരലുകൾ ദേവനെ അറിയാതെ സ്പർശിച്ചു.

“നല്ലയാളാണ്… കോളേജ് അടച്ചു പോയതിൽ പിന്നെ ഒരു വിവരവുമില്ല, എന്റെ കത്തുകൾക്ക് മറുപടിയുമില്ല,.. എന്നാലും”

മായയുടെ ശബ്ദം ഇടറി, കണ്ണുകളിൽ നനവിന്റെ തിളക്കം.

“ദേവൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു”

“എനിക്ക് വീട്ടിൽ ആകെ കൃഷിപ്പണിയുടെ തിരക്കാണ്. ഇന്ന് മറുപടി എഴുതാനിരിക്കുമ്പോഴാ വക്കച്ചനും ഷോജനും കൂടി വന്നത്, നേരെ ഇങ്ങോട്ടു പോരാമെന്നു കരുതി”

ദേവൻ കള്ളം പറഞ്ഞു.

ചായ ഗ്ളാസുകളും എടുത്തു ദേവൻ മുറ്റത്തേക്കിറങ്ങുമ്പോൾ മായ പിന്തുടർന്നു.

“അയ്യോ മോനെ ഞങ്ങൾ അങ്ങോട്ട് വരുവായിരുന്നു”

“സാരമില്ല അമ്മെ, ഇവിടാകുമ്പോൾ നല്ല കാറ്റുണ്ടല്ലോ… അവനെന്തിയേ?

പുറത്തെ നീണ്ട വരാന്തയുടെ കോണിൽ ഇരിക്കുമ്പോൾ വക്കച്ചൻ തൊടിയിലെ പേരമരത്തിൽ നിന്നും പേരയ്ക്ക പറിക്കുന്ന തിരക്കിലായിരുന്നു. അവനങ്ങിനെയാണ് ആരുടെ കൂടെയും പെട്ടെന്ന് സൗഹൃദത്തിലാകും.

“എന്നെ കാണണമെന്ന് തോന്നാറില്ലേ?”

പെട്ടെന്നാണ് അവളുടെ ചോദ്യം.

“കോളേജിലായിരുന്നപ്പോൾ എനിക്കങ്ങനെയൊന്നും ഇല്ലായിരുന്നു, പക്ഷെ ഇപ്പൊ.. ”

അവൾ മുഴുമിപ്പിച്ചില്ല.

“ഉണ്ട്, പക്ഷെ ഞാന്‍ ഒത്തിരി തിരക്കിലാണ്. ഓരോ കാര്യങ്ങൾ കഴിയുമ്പോൾ വൈകിട്ടാകും, പിന്നെ എവിടാ സമയം”

“എന്നാൽ പിന്നെ ഒരു കത്തെങ്കിലും എഴുതാൻ പാടില്ലേ, അതും ചെയ്യില്ല. ബാക്കി എല്ലാത്തിനും നേരമുണ്ട്”

പരിഭവങ്ങളുടെ കെട്ടഴിക്കുമ്പോൾ അവൾ തിരക്കി…

“ഡിഗ്രി കഴിഞ്ഞു എന്താ പരിപാടി, പി .ജി.? എന്നെ ബി എഡിനു വിടാനാണ് അച്ഛന്റെ പ്ലാൻ, എനിക്കും അതാണ് ഇഷ്ടം, ദേവനോ?!”

“അറിയില്ല, ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല..”

ആദ്യം ജയിച്ചിട്ടു വേണമല്ലോ അതൊക്കെ സ്വപനം കാണുവാനെന്നു പറയണമെന്നുണ്ടായിരുന്നു.

“അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഇങ്ങനെയാണ് പഠനം, പഠനം … നീ വേറെ വല്ലതും പറയൂ … എന്തിനാ വരാൻ പറഞ്ഞത് ?”

“വരാൻ പറഞ്ഞത് !!!.. ഇനി പോവണ്ടെന്നു പറയാനാ…!! ”

അവളുടെ മുഖത്ത് നാണം വിരിഞ്ഞു.

” പെണ്ണ് ആള് കൊള്ളാലോ, കോളേജിലെ ആ പഴയ നാണം കുണിങ്ങിയല്ല ഇപ്പൊ..”

ദേവനവളുടെ കൈത്തണ്ടയിൽ ഒരു കിഴുക്ക് കൊടുത്തു. അവൾ അറിയാതെ അവനിലേക്ക്‌ കൂടുതൽ അടുത്തിരുന്നു. അവന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു….കാച്ചെണ്ണയുടെ സുഗന്ധം, അവളുടെ ചുണ്ടുകളിൽ വിറയൽ, ദേവന്റെ ഹൃദയമിടിപ്പ് കൂടി വന്നു. അവൾ അവനിലേക്ക്‌ കൂടുതൽ ചേർന്നിരിക്കുമ്പോള്‍, തെക്കേ തൊടിയിൽ നിന്നും വക്കച്ചന്റെയും അമ്മയുടെയും മാലതിയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു. ദേവനവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു. അടുത്ത നിമിഷം പരിസര ബോധം കൈവന്ന അവൾ കുതറി എഴുന്നേറ്റു.

“ശ്ശെ,.. എന്താ ഇത്, അവരൊക്കെ കണ്ടാൽ ?!!”

അവൾ പതിയെ മുറ്റത്തേക്കിറങ്ങി

“ഞാൻ.. സോറി,..അറിയാതെ,…”

ദേവൻ പതിയെ എഴുന്നേറ്റു വക്കച്ചന്റെ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.

“സാരമില്ല,… ഞാൻ എന്തോ പെട്ടെന്ന്,… കള്ളന്റെ കുറുമ്പ് കൂടുന്നുണ്ട് ”

നാണത്തിൽ മുങ്ങിയ മുഖവുമായി അവൾ അവനെ പിന്തുടർന്നു.

“എനിക്ക് കത്തയക്കുമോ?…”

“അയക്കാം… ഇനി മടികാണിക്കില്ല”

അവളുടെ പരിഭവങ്ങളും ചോദ്യങ്ങളും കൂടി കൂടി വന്നു. അവളുമായി മുട്ടിയുരുമ്മി കിന്നാരം പറഞ്ഞു സമയം പോയത് ദേവനറിഞ്ഞതേയില്ല.

“അതേ,..അച്ഛൻ വരാൻ സമയമായി… ഇനി ദേവൻ പൊയ്ക്കോളൂ, എനിയ്ക്കു കത്തെഴുതിയാൽ മതി….എപ്പോഴാ അച്ഛന് ദേഷ്യം വരിക എന്ന് പറയാൻ പറ്റില്ല…”

അവളുടെ മുഖത്തു പേടിയുടെ കരിനിഴൽ വീണു.

“എന്തേ അച്ഛൻ അറിഞ്ഞോ ?

” ഇല്ല അതൊക്കെ പിന്നെ പറയാം, ഇപ്പൊ ദേവൻ പൊയ്ക്കോളൂ,.. ”

അവൾക്കു എന്തോ പറയുവാനുണ്ടെന്നു ദേവന് തോന്നി.

” നീ പറയ്..എന്താ?”

ദേവന് എന്തെന്നില്ലാത്ത ആധി കയറി.

“ഞാൻ എഴുതാം ഇപ്പൊ പൊയ്ക്കോ ”

പിന്നെ ദേവൻ ഒന്നും ചോദിച്ചില്ല

“വക്കച്ചാ,…നീ വരുന്നില്ലേ നമുക്ക് പോയേക്കാം”

അമ്മയ്ക്കൊപ്പം തൊടിയിൽ നടക്കുന്ന അവനെ വിളിക്കുമ്പോൾ ദേവൻ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ഒപ്പം അവളുടെ പേടിയുടെ കാരണം അറിയാനുള്ള ആകാംക്ഷയിലും .

“ങ്ങാ,.. മക്കള് ഈ വെയിലത്ത് പോകുവാണോ,..ഇപ്പൊ വന്നല്ലേയുള്ളു,.. കോളേജിലേതാണ്ട് കോഷൻ മണി വാങ്ങാൻ പോകണമെന്ന് ഇവൾ പറയണതു കേട്ടു. മോനൊക്കെ വാങ്ങിയോ?.. മോനെ ഞാൻ കുറച്ചു മാമ്പഴവും എടുക്കാം, വീട്ടിൽ കൊണ്ടുപോകാൻ”

സ്നേഹമുള്ള നാട്ടിൻപുറത്തുകാരിയമ്മ.

“അമ്മേ ഞങ്ങളൊക്കെ കോഷൻ മണി നേരത്തെ വാങ്ങി…”

ദേവൻ കള്ളം പറഞ്ഞു. കോളേജിൽ പോകാൻ മായ പറഞ്ഞ കള്ളമാണെന്ന് ദേവന് കേട്ടപ്പോഴേ മനസ്സിലായി. ചേച്ചിയുടെ മുഖത്ത് വിരിഞ്ഞ കള്ള ചിരിയിൽ ദേവൻ അമ്പരന്നു.

ഇവർക്ക് എല്ലാം അറിയാമോ

“എടാ നമുക്ക് പോകാം അവിടെ വീട്ടിൽ പണിക്കാരുണ്ട്”

.ദേവന് അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായി.

“ഇനി മോനെന്നാ വരുന്നേ, ഇപ്പൊ ക്‌ളാസ്സ് ഒന്ന്മില്ലല്ലോ, ഇടയ്ക്കൊക്കെ ഇങ്ങട്ടു ഇറങ്ങു..”

ഓരോ ചെറിയ പ്ലാസ്റ്റിക് കവറുകൾ വീതം രണ്ടു പേർക്കും നൽകി ‘\അമ്മ പറയുമ്പോൾ ദേവന് ആ അമ്മയോട് കൂടുതൽ സ്നേഹം തോന്നി.

“എന്നാ പിന്നെ മക്കള് ചെല്ല് ”

ആൺകുട്ടികൾ ഇല്ലാത്ത ആ അമ്മയുടെ വാത്സല്യം ദേവനെ വല്ലാതെ ആകർഷിച്ചു.

പടിക്കെട്ടുകൾ കടന്നു ഇറങ്ങുമ്പോൾ അമ്മയ്ക്ക് പിന്നിൽ നിറകണ്ണുകളുമായി മായ നിൽക്കുന്നുണ്ടായിരുന്നു..

വക്കച്ചൻ ഓരോ കാര്യങ്ങൾ തിരക്കുമ്പോഴും ദേവന്റെ മനസ്സിൽ മായയുടെ അച്ഛനെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

“എന്തായിരിക്കും അവൾ പിന്നീട് പറയാമെന്നു പറഞ്ഞത് ??!!”

(…..തുടരും)

Leave a Comment

More News