എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു.

തലവടി: എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ 6 മാസം മുമ്പ് വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ’ ഒരുക്കി. എന്നാൽ ഇതിനോടകം പല അപകടങ്ങളും ഇവിടെ സംഭവിച്ചിരുന്നു. റെജി ചെറിയാൻ എംഎൽഎ ക്കൊപ്പം കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, പി. സി. ചന്ദ്രമോഹനന്‍, വിസി. തോമസ് ജിജി ജോൺസൺ വാലയിൽ എന്നിവരും ഉണ്ടായിരുന്നു.

ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ് നായർ, രജീഷ്കുമാർ പൊയ്യാലുമാലിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ചെറിയാൻ ജോർജ്ജ്, ജയിംസ് ചീരംക്കുന്നേൽ എന്നിവർ ചേർന്നാണ് നിവേദനം നല്‍കിയത്.

പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി നല്‍കിയ നിവേദനത്തെ തുടർന്ന് റെജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് കലുങ്കിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരമാണ്.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതി കുറഞ്ഞ കലുങ്ക് ഇവിടെ നിർമ്മിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതിയുള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. കഴിഞ്ഞ മൂന്നു വർഷമായി കലുങ്കിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം, മാവേലിക്കര, ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും, നിരണത്ത് നിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുമായും, ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപ്പെടുന്നതിന് എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീൻ ഉൾപ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് എത്തുന്നത്. പാരേത്തോട് വട്ടടി തോടിലെ പോള നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പു നല്‍കി.

Leave a Comment

More News