എടത്വാ :ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ കല്ലറ വിദ്യാർത്ഥികൾ സന്ദർശിച്ചു. തലവടി സെന്റ് തോമസ് സിഎസ്ഐ പള്ളിക്ക് സമീപമാണ് ചരിത്രമുറങ്ങുന്ന കല്ലറ.
മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ റവ.ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യുവിന്റെ നേതൃത്വത്തില്‍ എത്തിയ വിദ്യാർത്ഥികളെ തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് അങ്കണത്തില്‍ ഇടവക വികാരി റവ സോജി വർഗ്ഗീസ് ജോൺ സ്വീകരിച്ചു കൊണ്ട് ഇളം തലമുറയ്ക്ക് ചരിത്രം വിശദീകരിച്ചു കൊടുത്തു. മേഴ്‌സി മാത്യു,ആൻസി ജോസഫ് ,നീതു മാത്യു, ജോസി സാറാ ജോർജ് , വിന്റു മെറിൻ ജെയിംസ് ,രമ്യ ബാബു,ജോബിൻ ജോസഫ് എന്നിവർ നേതൃത്വം നല്കി.
പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്.
കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ മിഷണറിമാരെ ഇദ്ദേഹം പരിചയപെട്ടു.1837 ൽ ഉപരിപഠനത്തിന് കോട്ടയത്ത് നിന്നും മദിരാശിയിലേക്ക് കാൽനടയായി പോയി.1844 ൽ ആഗ്ലിക്കൻ സഭയിൽ പൂർണ്ണ വൈദീകനായി മാവേലിക്കരയിൽ വൈദിക സേവനം തുടങ്ങി.1845 മുതൽ റവ.ജോർജ് മാത്തൻ 15 വർഷം മല്ലപ്പള്ളിയിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്തതിനു ശേഷം 1860 ൽ തിരുവല്ല തുകലശ്ശേരി ഇടവകയിൽ എത്തി. 1863 ൽ മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തയ്യാറാക്കി.ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചു.കെയിം ബ്രിഡ്ജ് നിക്കോൾസൺ എന്ന സ്ഥാപനത്തിൽ നിന്നും ഫണ്ട് ശേഖരിച്ച് കേരളത്തിലെ പല ഇടങ്ങളിലും സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ച് പ്രേഷിത പ്രവർത്തനം നിർവഹിച്ചു.1869 ൽ തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ ചാപ്ലയിൻ ആയിരുന്നു കൊണ്ട് ആഗ്ലിക്കൻ സഭയുടെ ഭരണ ചുമതല നിർവഹിച്ചു.1870ൽ മരണമടഞ്ഞു.റവ.ജോർജ് മാത്തൻ്റെ മൃതദേഹം കുട്ടനാട് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലെ കല്ലറയിൽ 1870 മാർച്ച് 4 ന് സംസ്ക്കരിച്ചു.
ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹിക പരിഷ്‌കരണത്തിനായി പോരാടുകയും ചെയ്ത റവ ജോർജ്ജ് മാത്തന്റെ ജീവചരിത്രം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും കുട്ടനാട്ടിൽ സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി പ്രസിഡൻ്റ് പ്രകാശ് പനവേലി , സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, റെജി ചെറിയാൻ എംഎൽഎ എന്നിവർക്ക് നിവേദനം നല്‍കി.

