സന്നദ്ധ സംഘടനകളുടെ സാന്ത്വന പരിചരണം രാജ്യത്തിനു മാതൃക: മന്ത്രി രമേശ് ചെന്നിത്തല

എടത്വ: സംസ്ഥാനത്തു സന്നദ്ധ സംഘടനകള്‍ നടത്തുന്ന സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതു മൂലമാണ് കേരളത്തില്‍ സാന്ത്വന പരിചരണ രംഗത്ത് ഏറ്റവും മികച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞതെന്നും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ നടത്തുന്ന സൗജന്യ ഫിസിയോതെറപ്പി പരിചരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. തലവടി ആല്‍ഫാ പാലിയേറ്റീവ് കുട്ടനാട് സെന്‍റെർ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രസിഡന്റ് ചന്ദ്രമോഹന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി ചെറിയാന്‍ എംഎല്‍എ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ്, തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, നീരവ് ഷാ, സുധാന്‍ശു സക്സേന, അനുരാഗ്, ആല്‍ഫാ കുട്ടനാട് സെന്റര്‍ വൈസ് പ്രസിഡന്റുമാരായ ബിനു ഐസക്ക് രാജു, അനില്‍ വെറ്റിലക്കണ്ടം, സെക്രട്ടറി എം.ജി. കൊച്ചുമോന്‍, ജോയിന്റ് സെക്രട്ടറി അഭിലാഷ് മുട്ടാര്‍, ട്രഷറര്‍ ബെറ്റി സുനില്‍, കോര്‍ഡിനേറ്റര്‍ നിര്‍മ്മല ചന്ദ്രമോഹന്‍, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ സൂസമ്മ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

പട്ടരുമഠം രവീന്ദ്രനാഥ് മെമ്മോറിയല്‍ കവാടത്തിന്റെ ഉദ്ഘാടനം ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂര്‍ദിന്‍ നിര്‍വഹിച്ചു. ആല്‍ഫാ സെന്ററിന്റെ 2023-2026 ലെ പ്രവര്‍ത്തനങ്ങള്‍, സ്‌ട്രോക്ക് അതിജീവിതകര്‍ക്കായുള്ള പുനരധിവാസ ഉപജീവന പദ്ധതി എന്നിവയെക്കുറിച്ചുള്ള വീഡിയോകളും പ്രദര്‍ശിപ്പിച്ചു. പുതിയ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടന ഭാഗമായി സാന്ത്വന പരിചരണ സെമിനാറും നടന്നു.

നാളെയുടെ സാന്ത്വന പരിചരണവും ആല്‍ഫയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറില്‍ ആല്‍ഫാ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെച്ചര്‍, ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റ് കമ്മ്യൂണിറ്റി ഡയറക്ടര്‍ ഡോ. സുരേഷ് ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു. 18 സെന്റ് വസ്തുവില്‍ 2600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പാലിയേറ്റീവ് കെയര്‍ സെന്റര്‍ കെട്ടിടത്തില്‍ ഡോക്ടറന്മാരുടെ മുറികള്‍, നഴ്സസ് സ്റ്റേഷന്‍, ടെലികണ്‍സള്‍ട്ടേഷന്‍ മുറി, ഓഫീസ്, വിശാലമായ ഫിസിയോതെറപ്പി ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മന്ദിരത്തിലുണ്ട്. വാര്‍ദധകൃസഹജമായ അവശതകളും രോഗങ്ങളും ഉള്ളവര്‍ക്ക് വീട്ടില്‍ എത്തിയുള്ള പരിചരണം, സെന്ററില്‍ പ്രവേശിപ്പിച്ചുള്ള പരിചരണം എന്നിവ നല്‍കുന്നു. പക്ഷാഘാതം പോലെ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ഫിസിയോതെറപ്പി കുട്ടനാട്ടിലെ ഏഴു പഞ്ചായത്തുകളിൽ ആല്‍ഫായുടെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ട്.

Leave a Comment

More News