ഓഡിറ്റ് കണക്കുകളിലും ഗുരുതര വീഴ്ച; അന്വേഷണത്തിൽ അഴിമതി സ്ഥിരീകരിച്ചാൽ വിജിലൻസിന് കൈമാറാൻ സർക്കാർ നീക്കം
കോഴിക്കോട്: മിൽമയുടെ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയനിൽ ഉയർന്ന സാമ്പത്തിക-ഭരണപരമായ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് അംഗങ്ങൾ.
മലബാർ യൂണിയനുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക, ഭരണപരമായ വീഴ്ചകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ശക്തമാക്കുന്നത്. നേരത്തെ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.
കാസർകോട് ഡയറിയിലേക്ക് ഗുണനിലവാരമില്ലാത്ത പാൽ വാങ്ങിയതിലൂടെ യൂണിയന് ₹27.45 ലക്ഷം നഷ്ടമുണ്ടായെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. 2025 മാർച്ച് 19ന് മഹാരാഷ്ട്രയിലെ സമ്പത്റാവു ദേശ്മുഖ് കോ-ഓപ്പറേറ്റീവ് മിൽക്ക് യൂണിയനിൽ നിന്ന് 33,062 ലിറ്റർ പാൽ മുൻകൂർ പണം നൽകി വാങ്ങിയിരുന്നു. രാസവസ്തുക്കൾ കലർന്നതായി സംശയിക്കുകയും മണ്ണെണ്ണയ്ക്ക് സമാനമായ ഗന്ധം അനുഭവപ്പെടുകയും ചെയ്ത പാൽ ആവശ്യമായ ഗുണനിലവാര പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് കർണാടകയിൽ നിന്നെത്തിച്ച പാലുമായി കലർത്തിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇതോടെ ഏകദേശം 88,000 ലിറ്റർ പാൽ ഉപയോഗശൂന്യമായെന്നും ₹27.45 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
മലപ്പുറം ഡയറിയിലെ മാർക്കറ്റിങ് പ്രോഡക്ട്സ് സ്റ്റോറുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അന്വേഷണത്തിന്റെ പ്രധാന ഭാഗമാകും. നെയ്യ് ഉൾപ്പെടെയുള്ള പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ ₹84.45 ലക്ഷത്തിന്റെ തിരിമറി നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇൻവോയിസുകളും ഗേറ്റ് പാസുകളും എഡിറ്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താണ് ഉൽപന്നങ്ങൾ പുറത്തേക്ക് മാറ്റിയതെന്നാണ് സർക്കാർ ഉത്തരവിലെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട പണം പിന്നീട് തിരിച്ചടച്ചതിന്റെ പേരിൽ ഉത്തരവാദികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാതിരുന്നതും പരിശോധനയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തിരിമറി തടയുന്നതിലും തുടർനടപടി സ്വീകരിക്കുന്നതിലും മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നാണ് സർക്കാർ ഉത്തരവിലെ നിലപാട്.
മലബാർ യൂണിയന്റെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (MRDF) കണക്കുകൾ നിയമപ്രകാരമുള്ള ഓഡിറ്റിന് വിധേയമാക്കാത്തതും പൊതുയോഗങ്ങളിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിക്കാത്തതും പ്രധാന വീഴ്ചകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2022ന് ശേഷം നടന്ന യൂണിയന്റെ പൊതുയോഗങ്ങളിലും അനുബന്ധ സ്ഥാപനത്തിന്റെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
മലപ്പുറം ഡയറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചെലവുകളും സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഉദ്ഘാടന പരിപാടിക്കായി ഏകദേശം ₹1.5 കോടി ചെലവഴിച്ചതും, ₹50 ലക്ഷം സർക്കാർ ഗ്രാന്റുമായി ബന്ധപ്പെട്ട ചടങ്ങിനായി ഏകദേശം ₹25 ലക്ഷം ചെലവഴിച്ചതും സർക്കാർ ഉത്തരവിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മലബാർ യൂണിയന്റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ വിശദമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ തുടർനടപടികൾക്ക് വഴിയൊരുങ്ങും.
അതേസമയം, യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ മിൽമ ചെയർമാൻ കെ.എസ്. മണി രംഗത്തെത്തിയിട്ടുണ്ട്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് നിയന്ത്രണത്തിലുള്ള യൂണിയനുകളെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അദ്ദേഹത്തിന്റെ വാദം. യൂണിയൻ പിരിച്ചുവിട്ട തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പക്ഷം രാഷ്ട്രീയ ലക്ഷ്യമെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.
