റെയില്വെ സ്റ്റേഷന്റെ പ്രവേശന ഗേറ്റിൽ ചാരി നിന്ന് കൈയ്യിൽ മടക്കി പിടിച്ച മാസികയുടെ താളുകൾ വെറുതെ മറിച്ചു. സ്റ്റേഷന്റെ മുന്നിൽ നിറുത്തിയ ബസ്സിൽ നിന്നും നിരവധിയാളുകൾ ഇറങ്ങി. ജോലി സമയം കഴിഞ്ഞു വീടെത്തുവാനുള്ള ആളുകളുടെ നെട്ടോട്ടമാണ് . വക്കച്ചൻ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് , കാണുന്നില്ലല്ലോ ?! പോകേണ്ട ട്രെയിൻ വരുവാനിനി അധിക സമയവുമില്ല. ഫോൺ എടുത്തു സമയം തിട്ടപ്പെടുത്തുമ്പോൾ ദേവന് മനസ്സിൽ അങ്കലാപ്പ് കൂടിക്കൊണ്ടേ ഇരുന്നു. തന്റെ അപരിചിതമായ മുഖമാണോ, മുഖത്തെ അങ്കലാപ്പാണോ, അതോ ചുളിവ് വീണ കാവി ഖദർ ജുബ്ബയും, തോൾ സഞ്ചിയും, കണ്ടിട്ടാണോ ഗേറ്റു കടന്നു വരുന്ന പലരും തന്നെ തുറിച്ചുനോക്കുന്നതായി ദേവന് തോന്നി. എങ്കിലും ഭൂരിഭാഗം ആളുകളും ഫോണിന്റെ ടച് സ്ക്രീനിൽ കുടുങ്ങി കിടന്നു.
വർഷങ്ങൾക്കു ശേഷം ഒരു കൂട്ടുകാരനെ കാണുവാൻ പോകുന്നതിന്റെ ജിജ്ഞാസയാകാം സമയ സൂചികകൾ ചലനം നിലച്ചപോലെ ദേവന് തോന്നി.
“ദേവാ .. കാത്തു നിന്ന് മുഷിഞ്ഞോ .. “ തോളിൽ പതിച്ച കൈ ദേവനെ ചിന്തയിൽ നിന്നും ഉണർത്തി
തന്റെ മുന്നിൽ കട്ടി കണ്ണാടിയും, കറുപ്പിച്ച മീശയുമുള്ള ഒരാൾ… പഴയ വക്കച്ചന്റെ അതേ മുഖം. എന്നാൽ ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ അതേ ഗൗരവം. ദേവന് തന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല. എല്ലാം മറന്നു തന്റെ സുഹൃത്തിന്റെ കൈയ്യിൽ മുറുകെ പിടിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
“ഞാൻ അല്പം വൈകി, കുഴപ്പമായോ “. അവന്റെ സ്വതസിദ്ധമായ ശൈലി.
“ ഇല്ലടാ .. ഈ ട്രെയിൻ യാത്രയും, അതിന്റെ സമയമൊക്കെ ഇപ്പൊ അത്ര ശീലമല്ലലോ .. അതിന്റെ ഒരു ബുദ്ധിമുട്ട് , അത്രേയുള്ളൂ”
“അതിനിനി വേറെയും ട്രെയിൻ ഉണ്ടല്ലോ ..അല്ലെങ്കിൽ തന്നെ ഇന്ന് വീട്ടിൽ തങ്ങിയിട്ടു നാളെ പോകാം …”
“അതൊന്നും ശരിയാവില്ല, നിനക്കറിയാലോ അവിടൊരാൾ തനിച്ചേ ഉള്ളൂ, ഞാനിന്നു ഒരത്യാവശ്യം കൊണ്ട് ഇറങ്ങിയതാ, നേരം വൈകിയാൽ ഇന്ദുവിനും, മറ്റെല്ലാവർക്കും അതൊരു ഒരു ബുദ്ധിമുട്ടാകും “
“സാരമില്ലന്നെ, ഞാൻ ഇപ്പൊ പുള്ളിക്കാരത്തിയെ വിളിച്ചു പറയാം, നമുക്കിന്നു ഇവിടെ കൂടിയിട്ട് നാളെ രാവിലെ അങ്ങ് പോകാം”
വക്കച്ചൻ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
വക്കച്ചൻ ഫോൺ വാങ്ങി വിളിക്കാന് തുടങ്ങുമ്പോഴേ, ഹിന്ദിയിലും മറ്റു ഭാഷകളിലും ഒക്കെ ഉള്ള ട്രെയിൻ സമയ അറിയിപ്പുകൾ മൈക്കിലൂടെ മുഴങ്ങി… “യാത്രിയോം…..കൃപയാ..”
“എന്നാലും വളരെ കാലം കൂടി ഒന്ന് കണ്ടിട്ട് മിണ്ടാൻ പോലും സമയമില്ല എന്നത് ഒരു വല്ലാതെ തിരക്ക് തന്നെ.”
വക്കച്ചൻ പരിഭവത്തിന്റെ കെട്ടഴിച്ചു.
“എടാ .. എന്നാൽ പിന്നെ ഞാൻ പോട്ടെ, വണ്ടിക്ക് സമയമായി“
അതുപറഞ്ഞു മുന്നോട്ടു നടക്കുമ്പോൾ വക്കച്ചൻ ഒരു ഷോപ്പിംഗ് ബാഗ് ദേവന്റെ കൈയ്യിൽ വെച്ചു കൊടുത്തു
“അതുപിന്നെ പെണ്ണും പിള്ളയ്ക്ക് ഒരേ നിർബന്ധം കൂട്ടുകാരന് ഇഷ്ടപ്പെട്ട എന്തെങ്കിലും കൊണ്ട് കൊടുക്കാൻ, ഇച്ചരെ ചക്ക വറുത്തതാണ്”
“ഇതൊക്കെ, ഇപ്പൊ എന്തിനാ”
ഒരു ഗദ്ഗദം പോലെ ദേവന്റെ വാക്കുകൾ ഇടറി.
സ്റ്റേഷനിൽ ഒരു ഇരമ്പലോടെ ട്രെയിൻ വന്നു നിൽക്കുമ്പോൾ വക്കച്ചനെ ആശ്ലേഷിച്ചുകൊണ്ട് ദേവൻ പറഞ്ഞു…
“നീ ഒരു പരിപാടി പ്ലാൻ ചെയ്യൂ, നമുക്ക് കൂട്ടുകാർക്കു എല്ലാ പേർക്കും കുടുംബമായി ഒന്നുച്ചുകൂടാം, കഷ്ടിച്ച് ഒരുമാസം കൂടി ഞങ്ങൾ നാട്ടിൽ കാണും. നമുക്ക് ഒരു ദിവസം അടിച്ചുപൊളിച്ചേക്കാം ….എന്നാൽ പിന്നെ…”
വാക്കുകൾ മുഴുമിപ്പിയ്ക്കാതെ ദേവൻ കോച്ച് തിരഞ്ഞു നടക്കുമ്പോൾ വക്കച്ചന്റെ കാലുകൾ അറിയാതെ അവനെ പിൻതുടരുന്നുണ്ടായിരുന്നു.
ഒരു കണക്കിന് തിക്കിത്തിരക്കി അകത്തു കയറി തന്റെ സീറ്റു തരപ്പെടുത്തി. സൈഡ് സീറ്റാണ്. അതും ഒറ്റയ്ക്കുള്ള സീറ്റ്.
തോൾസഞ്ചിയും, ബാഗും സീറ്റിൽ തന്നെ ചേർത്തുവെച്ചിരിമ്പോൾ, വക്കച്ചൻ ജനലിനരികൽ ..
“സീറ്റു കിട്ടിയല്ലോ, പിന്നെ പഴയ പോലെയൊന്നുമല്ല, സൂക്ഷിച്ചോണം. ന്യൂജൻ പിള്ളരെയൊക്കെ ഉള്ളതാണ്”
“കുഴപ്പമില്ല ഒരു ഏഴുമണി ഒക്കെ ആകുമ്പോൾ അങ്ങ് എത്താം”
“എത്തിയിട്ടു വിളിക്കൂ” വക്കച്ചന് പറഞ്ഞു.
അവന്റെ കരുതലിനും സ്നേഹത്തിനും ഒന്നും ഒരു കുറവും വന്നിട്ടില്ല. ജനലിനരുകിൽ നിന്ന് കുശലങ്ങൾ പങ്കുവയ്ക്കുമ്പോൾ സൈറൺ മുഴക്കി ട്രെയിൻ മെല്ലെ അനങ്ങിത്തുടങ്ങിയിരുന്നു…. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമുള്ള കണ്ടുമുട്ടലിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല എങ്കിലും, അവരുടെ ഹൃദയങ്ങളുടെ തേങ്ങൽ ഒരു ഇറ്റു കണ്ണുനീരായി പൊടിയുന്നുണ്ടായിരുന്നു.
ചൂളം വിളിച്ചു പായുന്ന ട്രെയിൻ പേപ്പർ മില്ലിനെയും, ചെറിയ കവലയെയും പിന്നിലാക്കി നീങ്ങുമ്പോൾ അകലെ മിട്ടായിക്കുന്നിൽ തലയുയർത്തിനിൽകുന്ന കലാലയത്തിന്റെ മുറ്റത്തു നിഴൽ നീണ്ടു ഇല്ലാതെയായിരുന്നു. കോളേജിന് അധിക ദൂരെയല്ലാത്ത പാറകൾ തുരന്നുണ്ടാക്കിയ ഇടുങ്ങിയ പാതയിൽ ട്രെയിൻ എത്തിയപ്പോൾ, പകലിനു നിറം മങ്ങുകയും പാളവും ഉരുക്കു വീലുകളും തമ്മിലുള്ള മത്സരത്തിന്റെ ആക്കം കൂടുന്നതുപോലെ ശബ്ദമുഖരിതമായി. ഡിഗ്രി അവസാന വർഷ റിസൾട്ടും വാങ്ങി, ജീവിതത്തോട് പടപൊരുതുവാൻ കെല്പില്ലാതെ, ഈ മത്സരത്തിനിടയിൽ സ്വയം അവസാനിച്ച ശ്രീനിയെപ്പോലുള്ളവരുടെ രോദനമാണോ ഈ ശബ്ദമാറ്റം….. അതാണോ ഇവിടെ മുഴങ്ങുന്നത്?
ഒരു മതിൽ പോലെ ഇരുവശവും വെട്ടിയിറക്കിയ പാറക്കല്ലുകളിൽ ഒലിച്ചിറങ്ങുന്ന ചൂടുറവകൾ, പറ്റിപ്പിടിച്ചു നിൽക്കുന്ന ഹരിതാഭമായ പച്ചപ്പുകൾ, കണ്ണിനു കുളിർമയേകുന്നവയാണ് എങ്കിലും, ഒത്തിരിയേറെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും കുരുതികൊടുക്കപ്പെട്ട ഈ ഇടുങ്ങിയ പാത ദേവനെ വല്ലാതെ ഭയപ്പെടുത്തി. ആ ഇരുണ്ട കാഴ്ചകളിൽ നിന്നും ദേവൻ കണ്ണുകൾ പൂട്ടിയടച്ചു.
