‘ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കരുത്; ഇരകൾ ഞങ്ങളാണ്!’ യുഎൻ വേദിയിൽ ട്രംപിന് പെഷേഷ്കിയന്റെ തീപ്പൊരി മറുപടി

കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി ഇറാൻ പ്രസിഡന്റ്; യുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനം, ആണവോർജ അവകാശത്തിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള രൂക്ഷമായ വാക്പോര് വീണ്ടും ലോകശ്രദ്ധ നേടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വേദിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ, ഇറാൻ തീവ്രവാദത്തിന്റെ ഉറവിടമല്ലെന്നും മറിച്ച് തീവ്രവാദത്തിന്റെ ഇരയാണെന്നും വാദിച്ചു.

ട്രംപ് തന്റെ പ്രസംഗത്തിൽ ഇറാനെ ഭീകരതയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശങ്ങളെ പെഷേഷ്കിയൻ ശക്തമായി തള്ളി. ഇറാൻ വർഷങ്ങളായി ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും ഇരയായിട്ടുണ്ടെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളിൽ ഇറാനിയൻ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇറാന്റെ സൈനിക പ്രതികരണങ്ങൾ ആക്രമണത്തിനുള്ള മറുപടിയും സ്വയംപ്രതിരോധത്തിന്റെ ഭാഗവുമാണെന്നാണ് പെഷേഷ്കിയന്റെ നിലപാട്. സാധാരണക്കാരെ ലക്ഷ്യമിടുകയല്ല ഇറാന്റെ നയമെന്നും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനാണ് നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസംഗത്തിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇറാനിലെ ഒരു സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള പെഷേഷ്കിയന്റെ പരാമർശമായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞ കുട്ടികളുടെ ചിത്രങ്ങൾ യുഎൻ വേദിയിൽ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം.

സ്കൂളുകളും മറ്റ് സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടുവെന്നും നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും പെഷേഷ്കിയൻ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതിയും പെഷേഷ്കിയന്റെ പ്രസംഗത്തിൽ പ്രധാന വിഷയമായി. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം ഇറാനുണ്ടെന്നാണ് ടെഹ്റാന്റെ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.

സൈനികവും സാമ്പത്തികവുമായ സമ്മർദങ്ങൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും അതേസമയം സംഭാഷണത്തിനും നയതന്ത്രത്തിനും രാജ്യം തയ്യാറാണെന്നും പെഷേഷ്കിയൻ വ്യക്തമാക്കി.

അതേസമയം, ഒരു ദിവസം മുമ്പ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് ഇറാനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ആണവ വിഷയത്തിലും നിലവിലെ സംഘർഷത്തിലും ടെഹ്റാനോട് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

പെഷേഷ്കിയന്റെ പ്രസംഗത്തിനിടെ യു എസ് പ്രതിനിധി പുറത്തേക്കിരങ്ങിപ്പോയി. ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാനിയൻ പ്രതിനിധി സംഘവും പ്രതിഷേധസൂചകമായി ഹാൾ വിട്ടിരുന്നു. ഇതോടെ യുഎൻ വേദിയിലെ ഇരുരാജ്യങ്ങളുടെയും പരസ്യമായ ഭിന്നത കൂടുതൽ പ്രകടമായി.

പൊതുസഭയിൽ പരസ്പരം രൂക്ഷമായ വിമർശനങ്ങൾ ഉയർന്നെങ്കിലും യുഎൻ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര നീക്കങ്ങളും തുടരുകയാണ്. യുഎസും ഇറാനും ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറിയതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരിട്ടുള്ള കൂടിക്കാഴ്ച നടന്നുവെന്ന അവകാശവാദത്തിൽ ഇരുപക്ഷത്തുനിന്നും ഒരേ തരത്തിലുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ മധ്യസ്ഥ ചർച്ചകൾ തുടരുന്നത് സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര സാധ്യത പൂർണമായും അടഞ്ഞിട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.

യുഎൻ വേദിയിലെ കടുത്ത വാക്പോരിനൊപ്പം പിന്നാമ്പുറ നയതന്ത്രവും തുടരുന്ന സാഹചര്യത്തിൽ, അമേരിക്ക–ഇറാൻ ബന്ധത്തിലെ അടുത്ത നീക്കങ്ങളിലേക്കാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ.

 

Leave a Comment

More News