ഇന്ന് ഡിജിറ്റൽ സൊസൈറ്റി ദിനം; കത്തുകൾക്കായി കാത്തിരുന്ന ആ നല്ല കാലം: വി രാജേഷ് മോഹൻ റാവു

ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും ഇ-മെയിലും സമൂഹമാധ്യമങ്ങളും വഴി ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരെയും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. വിവരങ്ങൾ കൈമാറാനും പഠിക്കാനും ജോലി ചെയ്യാനും വ്യാപാരം നടത്താനും ഡിജിറ്റൽ സംവിധാനങ്ങൾ വലിയ സൗകര്യങ്ങൾ നൽകുന്നു. ഒരിക്കൽ ദിവസങ്ങളോളം കാത്തിരുന്ന വാർത്തകൾ ഇന്ന് നിമിഷങ്ങൾക്കുള്ളിൽ അറിയാൻ കഴിയുന്നു. മൊബൈൽ ഡാറ്റ ഉപയോഗ രംഗത്ത് രാജ്യമെന്ന് ലോകത്ത് തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയോളം ആകും. 2031ആകുമ്പോഴേക്കും രാജ്യത്തുള്ള ഫൈവ് ജി ഉപഭോക്താക്കളുടെ എണ്ണം 110 കോടി കവിയുമെന്നാണ് കണക്ക്. ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പക്ഷേ ബന്ധങ്ങൾ കുറയുന്നതാണ് കണ്ടുവരുന്നത്.

എന്നാൽ ഈ വേഗത്തിനിടയിൽ കത്തുകൾക്കായി കാത്തിരുന്ന അനുഭവവും കൈപ്പടയിലെഴുതിയ വാക്കുകളിലൂടെ ലഭിച്ചിരുന്ന വ്യക്തിപരമായ അടുപ്പവും കുറഞ്ഞുവരുന്നു. കത്തുകളിലൂടെ ലഭിച്ചിരുന്ന ആനന്ദവും സന്തോഷവും ഇന്ന് കിട്ടുന്നില്ല. സാങ്കേതികവിദ്യ ആശയവിനിമയം എളുപ്പമാക്കിയെങ്കിലും സ്നേഹവും കരുതലും പരസ്പരം സമയം ചെലവഴിക്കാനുള്ള മനസ്സും മനുഷ്യബന്ധങ്ങളിൽ ഇന്നും പ്രധാനമാണ്.

ഡിജിറ്റൽ ലോകത്ത് മുന്നേറുമ്പോൾ വ്യക്തിവിവരങ്ങളുടെ സുരക്ഷ, വ്യാജവാർത്തകളെ തിരിച്ചറിയൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നുള്ള ജാഗ്രത എന്നിവയ്ക്കും പ്രാധാന്യം നൽകണം. ധാരാളം സൈബർ ക്രൈമുകൾ നടക്കുന്ന കാലം കൂടിയാണിത്. സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ അതിനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം.

കത്തുകൾക്കായി കാത്തിരുന്ന എന്റെ ചെറുപ്പകാലത്തുനിന്ന് വിരൽത്തുമ്പിൽ ലോകത്തെത്തുന്ന ഇന്നത്തെ കാലത്തിലേക്കുള്ള മാറ്റം വലുതാണ്. സാങ്കേതിക വിദ്യ നൽകുന്ന സൗകര്യങ്ങളെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം. അതോടൊപ്പം പഴയ കാലത്തെ സ്നേഹവും കാത്തിരിപ്പിന്റെ മാധുര്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഓർമയിൽ സൂക്ഷിക്കാം. ആശയ വിനിമയം എത്ര വേഗത്തിലായാലും മനുഷ്യ ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹബന്ധമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. നമ്മുടെ മനുഷ്യബന്ധങ്ങൾ ഇന്ന് കുറഞ്ഞു പോകുന്നുണ്ട് എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. നമുക്ക് പഴയ കാലത്തിലേക്ക് തിരിച്ചു പോകാം പഴയ സൗഹൃദങ്ങൾ തിരിച്ചു പിടിക്കാം. ഡിജിറ്റൽ ലോകത്തും പഴമയുടെ പുതുമ നിലനിർത്താം.

വി രാജേഷ് മോഹൻ റാവു
ധർമ്മടം, തലശ്ശേരി

Leave a Comment

More News