മിടായികുന്നിലെ തണൽമരങ്ങൾ (ഭാഗം -8): ജയശങ്കര്‍ പിള്ള

സമയം നാലുമണിയോടക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല. ഒരു നല്ല അവധിദിനം ആഘോഷിച്ച സന്തോഷത്തിലാണ് വക്കച്ചൻ. ആൺമക്കൾ ഇല്ലാത്ത അമ്മയുടെ സ്നേഹവും, പരിചരണവുമാണ് അവനു കൂടുതൽ ഇഷ്ടമായത് എന്ന് തോന്നി. തൊടിയിൽ പണിക്കാരെ നിറുത്തിയിട്ടാണ് ദേവൻ പോന്നത്. അവിടെ എന്തായിക്കാണും എന്ന് ഒരു എത്തും പിടിയുമില്ല. അരയങ്കാവ് ബാങ്ക് കവലയ്ക്കു മുൻപുള്ള ചെറിയ കയറ്റത്തു നല്ലൊരു കള്ളുഷാപ്പുണ്ട്, അവിടെ എത്തിയപ്പോൾ ദേവൻ പതിയെ സൈക്കിൾ നിറുത്തി.

“രണ്ടെണ്ണം അടിച്ചാലോ, വീടുവരെ ചവിട്ടി പോകേണ്ടതല്ലേ, നിനക്കിവിടെ നിന്ന് തലപ്പാറയ്ക്കു ബസ്സും കിട്ടും…”

“അതുവേണോ ദേവാ, ഇന്ന് രാവിലെ തുടങ്ങിയതല്ലേ”

വക്കച്ചന് ഒരു മടി പോലെ

“എന്തായാലും നീ വാ.. നീ കഴിയ്‌ക്കേണ്ട നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ”

ദേവനിതു എന്ത് പറ്റി. ഇടയ്ക്കൊക്കെ കഴിയ്ക്കാറുണ്ടെങ്കിലും ഇത് പിടിവിട്ടതുപോലെയാണല്ലോ? വക്കച്ചന് അവനോടു ചോദിയ്ക്കണമെന്നുണ്ട്. പക്ഷെ അവനത് ഇഷ്ടപ്പെടണമെന്നില്ല. ചോദിച്ചാൽ പറയും അവധിയല്ലേ, ഇനി എന്ന് നാമൊക്കെ കണ്ടുമുട്ടാനാണെന്നു. ശരിയാണ് ഇനി എന്ന്?

ഷാപ്പിനകത്തു തല കറിയുടെയും പോത്തിറച്ചിയുടെയും മണം. ഇടമുറിയാത്ത അവ്യക്തമായ സംഭാഷണങ്ങൾ, മൂളിപ്പാട്ടുകൾ. ആരോടും പ്രത്യേകിച്ച് ഒരു സ്നേഹവും കാണിക്കാതെ ഡെസ്കിനടിയിൽ ചുരുണ്ടുകൂടിയിരിയ്ക്കുന്ന തടിയൻ പൂച്ച. പനയില കൊണ്ട് ഭാഗിയായി മുറികൾ തിരിച്ച വലിയ ഹാളിലെ ഒഴിഞ്ഞ ഒരു കോണിലെ മുറിയിൽ ദേവനിരുന്നു.

“നീ ഇരിയ്ക്കടാ, കപ്പയും മീൻ കറിയും കഴിയ്ക്കാലോ?”

ദേവൻ വക്കച്ചന്റെ കൈ പിടിച്ചു വലിച്ചു ബഞ്ചിൽ ഇരുത്തി. തലയിൽ തോർത്ത് മുണ്ടു കൊണ്ട് വട്ടക്കെട്ടും കെട്ടി ഷാപ്പുകാരൻ എത്തി.

“കൊച്ചേട്ടാ ഒരു ലിറ്ററും, രണ്ടു ഗ്ലാസും, പിന്നെ ഒരു പ്ലെയ്റ്റ് കപ്പയും അല്പം മീൻ ചാറും”

ദേവനാണ് പറഞ്ഞത്. വക്കച്ചന് ഒന്നും മനസ്സിലായില്ല. വേണ്ട എന്ന് പറഞ്ഞിട്ടും അവനെന്തിനാണ് രണ്ടു ഗ്ലാസ്സ് പറഞ്ഞത്? കൂജയിൽ നുരഞ്ഞു പൊങ്ങുന്ന കള്ള് രണ്ടു വെട്ടു ഗ്ലാസ്സുകളിലായി പകർന്നു ദേവൻ ഒരു ഗ്ലാസ്സ്‌ വക്കച്ചനരുകിലേയ്ക്ക് നീക്കി വെച്ചു.

“വേഗം വലിച്ചിട്ടു പോയേക്കാം, ഞാൻ ചെന്നിട്ടു വേണം പണിക്കാർക്ക് കൂലി കൊടുത്തു വിടാൻ”

ദേവൻ ധൃതിയിൽ ഒറ്റവലിയ്ക്കു ഗ്ലാസ് കാലിയാക്കി, ബാക്കിയിരുന്നതുകൂടി ഗ്ലാസിൽ ഒഴിച്ചു.

“നീ വേഗം കഴിയ്ക്കൂ, നമുക്ക് പോയേക്കാം”

വക്കച്ചന് ദേവനോട് തിരക്കണമെന്നുണ്ടായിരുന്നു മായയുടെ പിണക്കവും പരിഭവവും ഒക്കെ മാറിയോ എന്ന്. അവൾ പറഞ്ഞത് പോലെ കോളേജിൽ വീണ്ടും എന്നാണ് ഒത്തുകൂടുന്നത് എന്നൊക്കെ. ദേവന്റെ പുതിയ മാറ്റങ്ങളിൽ എന്തോ പന്തികേടുള്ളതുപോലെ തോന്നിയതിനാൽ അവൻ മിണ്ടാതെ ഇരുന്നു. എന്തോ ദേവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. ചോദിക്കണമെന്നുണ്ട് പക്ഷെ ചോദിച്ചാൽ അവനതു പറയുവാൻ കൂട്ടാക്കുകയില്ല, മറ്റെന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറും. പൈസയും കൊടുത്തു ഇറങ്ങി തൊട്ടടുത്ത മാടക്കടയിൽ നിന്നും, രണ്ടു സിസർ ഫിൽട്ടറും വാങ്ങി പുകയൂതി ബസ്സ് സ്റ്റോപ്പിലേക്ക് സൈക്കിളും തള്ളി നടക്കുമ്പോൾ ദേവൻ തിരക്കി.

“നീ അടുത്താഴ്ച കോളേജിൽ വരുന്നുണ്ടോ? ഞങ്ങൾ പോകാൻ ഒരു പരിപാടി ഇട്ടിട്ടുണ്ട്. വരുന്നെങ്കിൽ വാടേ, തനിയെ പോകാൻ ഒരു മടി അതുകൊണ്ടാണ് ”

“അതിനിപ്പോ എന്നാ പോയേക്കാം,എന്തായാലും വെറുതെ ഇരിക്കുകയല്ലേ?”

വക്കച്ചനുള്ള ബസ്സ് വരുവാൻ ഇനി നാലഞ്ചു മിനിട്ടുകൂടിയുണ്ട്. വൈകിട്ടത്തെ ചന്ത കൂടുന്ന സമയമാണ്. അരയങ്കാവ് ജങ്ഷനിലെ തിരക്കിൽ നിന്നൊഴിഞ്ഞുള്ള ചന്തയിൽ വലിയ ആൽമരചുവട്ടിൽ വെറ്റില കച്ചവടക്കാരും, തോർത്തും മുണ്ടും വിൽക്കുന്നവരും, മുട്ടകച്ചവടക്കാരും തമ്പടിച്ചു കഴിഞ്ഞു. കൂട്ടിയിട്ടിരിയ്ക്കുന്ന മരച്ചീനിയ്ക്കു അരികിൽ ചാക്ക് വിരിച്ചു മുക്കാലി കെട്ടി ത്രാസ്സ് തൂക്കുന്ന മണിയേട്ടൻ, അതിന്നരികിലായി നല്ല പിടയ്ക്കുന്ന മത്തി കൂട്ടി ഇട്ടിരിയ്ക്കുന്നു. പടിഞ്ഞാറ് സൂര്യൻ താണ് തുടങ്ങി. ചന്തയുടെ പിന്നിലെ റബ്ബർക്കാടുകളുടെ തണലിൽ ചീട്ടുകളിക്കാർ വട്ടമിട്ടിരിയ്ക്കുന്നു.

“വക്കച്ചോ, നീ ഇവിടെ നില്ല് ഞാനിച്ചിരി മീന്‍ വാങ്ങിയിട്ട് വരാം. പിന്നെ ബസ്സു വരികയാണേൽ കേറിക്കോണം”

ഇത് പറഞ്ഞു സൈക്കിളിന്റെ ബാസ്ക്കറ്റിലേക്ക് മാമ്പഴം കുടഞ്ഞിട്ടു പ്ലാസ്റ്റിക് സഞ്ചിയുമായി ദേവൻ റോഡ് മുറിച്ചു കടന്നു പോയി. തിരികെ വരുമ്പോൾ ബസ്സ് സ്റ്റോപ്പിൽ വക്കച്ചനുണ്ടായിരുന്നില്ല. മീൻ നിറച്ച പ്ലാസ്റ്റിക് കൂടു സൈക്കിളിന്റെ ബാസ്കറ്റിൽ വച്ച് ദേവൻ വീട്ടിലേക്ക് തിരിക്കുമ്പോൾ സായാഹ്ന സൂര്യന്റെ ചൂടിൽ ശരീരം വെട്ടി വിയർക്കുന്നുണ്ടായിരുന്നു. ഗേറ്റു കടന്നു വീട്ടിലെത്തുമ്പോൾ അച്ഛൻ പൂമുഖത്തെ വരാന്തയിൽ വീൽചെയറിൽ ഇരിക്കുന്നു. മുറ്റത്തു കൂട്ടിയിട്ട നാളികേരം പച്ച ഓല കൊണ്ട് മൂടിയിരിക്കുന്നു.

“നീ ഇതെവിടെ പോയിരുന്നതാ, അവനിത്രയും നേരം കയറ്റക്കൂലിക്കായി ഇവിടെ നിക്ക്ആരുന്നു. എങ്ങോട്ടേലും പൗവാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ. അതും പണിക്കാർ ഉള്ളപ്പോഴാ ഒരു കറക്കം”

“അവൾ, ആ സുശീലയോടു പറഞ്ഞിട്ടാണല്ലോ ഞാൻ പോയത്. ചന്തയിൽ മീൻ വന്നിട്ടുണ്ട് വാങ്ങാൻ പോയതാണ്. ഒപ്പം വൈദ്യർക്ക് കാഷായ കുറിപ്പടി കൊടുക്കണമായിരുന്നു. അവളിതെവിടെ പോയി”

“എന്തായാലും നേരത്തും അസമയത്തുമുള്ള നിന്റെ പോക്കും വരുത്തോ ഇച്ചിരി കൂടണുണ്ട്”

പണിക്കർ ആകെ ദേഷ്യത്തിലാണ്.

“എടിയേ,.. ദാ സൈക്കിളിന്റെ ബാസ്കറ്റിൽ മീനും മാങ്ങയുമുണ്ട്. എടുത്തോണ്ട് പോ ഇല്ലേ വല്ല പൂച്ചയും കയറി അത് തീർക്കും. ഇവളിതെവിടെ പോയി കിടക്കുവാണ്..”

ബാസ്കറ്റിൽ നിന്നും സഞ്ചിയുമെടുത്തു ദേവൻ നേരെ അടുക്കളപ്പുറത്തേക്ക് പോയി. അവിടെ എങ്ങും ആരെയും കാണുവാനില്ല. അവളീ അടുക്കള വാതിൽ തുറന്നിട്ട് എങ്ങോട്ടു കെട്ടിയെടുത്തതാണോ എന്തോ? അമ്മ ഇവിടുണ്ടായിരുന്നേൽ അവൾക്കു കണക്കിന് കിട്ടിയേനെ. എത്ര തെങ്ങു കയറി എന്നുള്ളതിന്റെ എണ്ണം അവളുടെ കൈയ്യിൽ ആണ് ഏല്പിയ്ക്കാൻ പറഞ്ഞിരുന്നത്. അത് കിട്ടിയില്ലേൽ ഇപ്പൊ അച്ഛന്റെ വക വേറെ ശകാരം ഉണ്ടാകും എന്തായാലും അവളെ എരുത്തിലിന്റെ പിറകിലെ ചായ്‌പിൽ നോക്കാം. അവിടാണല്ലോ അവളുടെ ആവാസ കേന്ദ്രം. ദേവൻ നേരെ എരുത്തിലിനെ ലക്ഷ്യമാക്കി നടന്നു. ചായ്‌പിന്റെ വാതിൽ ചാരിയിട്ടേ ഉള്ളൂ. അകത്തു കാൽപെരുമാറ്റം കേൾക്കാം. ചാരിയിട്ട വാതിലിന്റെ പാളി പതിയെ തുറന്നു ദേവൻ അകത്തേയ്ക്കു നോക്കി. കുളിച്ചു ഈറനണിഞ്ഞു ഉടുത്തിരുന്ന കൈലി മാറൊപ്പം കെട്ടി തോർത്ത് മുണ്ടു കൊണ്ട് തലമുടി ഉണക്കുന്ന സാവിത്രിയുടെ ഉരുണ്ട കണങ്കാലുകൾ, നനഞ്ഞ കൈലിയിൽ അവളുടെ ത്രസിപ്പിയ്ക്കുന്ന ശരീര വടിവ്. തലമുടി തുവർത്തുന്നതിനു ഒപ്പം താളത്തിൽ കുലുങ്ങുന്ന മാറിടങ്ങൾ. ദേവൻ പതിയെ വാതിൽ തുറന്നു അകത്തു കടന്നു. പാഞ്ഞാറാൻ സൂര്യന്റെ കിരണങ്ങൾ മുറിയിൽ പതിഞ്ഞതുകൊണ്ടാവാം അവൾ ഞെട്ടി പിടഞ്ഞു ചോദിച്ചു

“അല്ല, കൊച്ചുമോൻ ഇവിടെ… എപ്പോ വന്നു. ”

അവൾ അയയിൽ കിടന്ന തുണി വലിച്ചെടുത്തു മാറ് മറച്ചു.

“ഞാൻ നിന്നെ കുറെ ആയി വിളിക്കുന്നു… ആര് കേൾക്കാൻ നീ കണക്കു തന്നാൽ അവനു കൂലി കൊടുത്തു വിടാനാണ്”

ചാന്തും പൊട്ടും, കണ്ണാടിയും വച്ചിരിക്കുന്ന മരപ്പലകയിൽ നിന്നും അവൾ ഒരു കടലാസു തുണ്ടു എടുത്തു ദേവന് നൽകി. ആ കടലാസു തുണ്ടിനു അവളെപോലെ തന്നെ ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു.

“കുറച്ചു മത്തി അടുക്കളയില് വെച്ചിട്ടുണ്ട്, അമ്മ വരുമ്പോഴേയ്ക്കും നന്നാക്കി എടുക്കാൻ നോക്ക് ”

“കൊച്ചുമോൻ പൊയ്ക്കോ ടീച്ചർ ഇപ്പോ വരും”

ദേവൻ അവളെ അടിമുടി ഒന്ന് കൂടി നോക്കി, അവളുടെ മുഖം നാണത്താൽ തുടുത്തിരുന്നു, വാതിൽ ചാരി ഇറങ്ങുമ്പോൾ അവൾ വിളിച്ചു പറഞ്ഞു

“കള്ളിന്റെ എന്നാ മണമാ, ടീച്ചർ വരണേമുമ്പേ പോയി കുളിയ്ക്കാൻ നോക്ക്”

പൂമുഖത്തിരിയ്ക്കുന്ന പരമേശ്വര പണിക്കരെ മുറിയിലേക്ക് ആക്കി, ജോലിക്കാരുടെ കണക്കും കൊടുത്തു നേരെ മുറിയിൽ പോയി. പുഴയിൽ പോയി ഒന്ന് കുളിയ്ക്കണം. അയയിൽ കിടന്ന തോർത്തുമുണ്ടും എടുത്തു പുഴക്കടവിലേയ്ക്ക് പോകുമ്പോൾ സാവിത്രിയുടെ ത്രസിപ്പിയ്ക്കുന്ന സൗന്ദര്യം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ഒറ്റത്തോർത്തും ഉടുത്തു നിറഞ്ഞു ഒഴുകുന്ന കണിയാമ്പുഴയിലേയ്ക്ക് മുങ്ങാമ്കുഴിയിട്ടു ഉയർന്നു വരുമ്പോൾ ആരോ വിളിയ്ക്കുന്നത് പോലെ, മുഖത്തേയ്ക്കു ആരോ തണുത്ത ജലം കൈക്കുമ്പിളിൽ തട്ടി ഒഴിയ്ക്കുന്നതു പോലെ.

“സാർ,..സാർ, ആ വിൻഡോ ഒന്ന് താഴ്ത്തുമോ,” ദേവൻ മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.

തുടരും…..

Leave a Comment

More News