ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ ഫോറത്തിന്‌ പ്രൗഢോജ്ജ്വല തുടക്കം; ക്യാന്‍സര്‍ ബോധവല്‍ക്കരണ വെബിനാര്‍ ശ്രദ്ധേയമായി

വാഷിംഗ്ടണ്‍: വനിതാ ശാക്തീകരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്റര്‍നാഷണലിന്റെ (Federation of Kerala Associations International) വിമന്‍സ്‌ ഫോറം ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബര്‍ മാസത്തിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി, “രോഗനിര്‍ണയവും ചികിത്സയും” എന്ന വിഷയത്തിലുള്ള വെബിനാര്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാലും ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യങ്ങളാലും ശ്രദ്ധേയമായി.

ഒക്ടോബര്‍ 10-ന്‌ അമേരിക്കൻ ഈസ്റ്റേണ്‍ സമയം രാവിലെ 10 മണിക്ക്‌ (ഇന്ത്യന്‍ സമയം വൈകിട്ട്‌ 7.30-ന്‌) ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ലോകത്തിന്റെ മറ്റു രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം പേര്‍ പങ്കെടുത്തു. ആരോഗ്യബോധവർല്‍ക്കരണത്തിനൊപ്പം വനിതകളുടെ നേതൃത്വവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഫെഡറേഷന്റെ പ്രവര്‍ത്തന ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പായി മാറി.

ഡോ. ആശാ പോറ്റിയുടെ ഹൃദ്യമായ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. തുടര്‍ന്ന്‌ ഫെഡറേഷൻ വിമന്‍സ്‌ ഫോറം ചെയര്‍ സ്വപ്ന ഫെലിക്സ്‌ സ്വാഗതം ആശംസിക്കുകയും ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഒരു കുടുംബത്തില്‍ അമ്മ വഹിക്കുന്ന സ്നേഹനിര്‍ഭരവും ഉത്തരവാദിത്വപൂര്‍ണവുമായ പങ്കിന്‌ സമാനമാണ്‌ ഒരു സംഘടനയില്‍ വിമന്‍സ്‌ ഫോറത്തിനുള്ള സ്ഥാനമെന്ന്‌ സ്വപ്ന ഫെലിക്സ്‌ അഭിപ്രായപ്പെട്ടു. വിവിധ അസോസിയേഷനുകളെ ഒരുമയുടെ ചരടില്‍ കോര്‍ത്തിണക്കുന്നതിനും അംഗങ്ങള്‍ക്ക്‌ കരുത്തും പിന്തുണയും പകരുന്നതിനും വനിതകളുടെ സജീവമായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ 125-ലധികം പ്രതിഭാധനരായ വനിതകള്‍ വിമന്‍സ്‌ ഫോറത്തിന്റെ ഭാഗമാണെന്നത്‌ അഭിമാനകരമാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വനിതകളെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക്‌ സ്വാഗതം ചെയ്യുമെന്നും അവര്‍ പറഞ്ഞു. വനിതകളുടെ കഴിവുകളും അനുഭവസമ്പത്തും നേതൃത്വപാടവവും സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന സജീവമായ വേദിയായി വിമന്‍സ്‌ ഫോറത്തെ വളര്‍ത്തിയെടുക്കുകയാണ്‌ ലക്ഷ്യമെന്നും സ്വപ്ന ഫെലിക്സ്‌ വ്യക്തമാക്കി.

ഫെഡറേഷന്‍ പ്രസിഡന്റ്‌ ഡോ. കലാ ഷഹി ചടങ്ങില്‍ മുഖ്യ സന്ദേശം നല്‍കി. വൈദ്യശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നൃത്തകലയിലും സാമൂഹിക സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കലാ ഷഹി, ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ക്യാന്‍സര്‍ ബോധവര്‍ക്കരണത്തിന്‌ പ്രത്യേക പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത തന്റെ പ്രസംഗത്തില്‍ അവര്‍ വിശദീകരിച്ചു. ക്യാന്‍സര്‍ എന്നത്‌ ഒരു വ്യക്തിയുടെ മാത്രം വേദനയോ വെല്ലുവിളിയോ അല്ലെന്നും, ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയും പല തലങ്ങളില്‍ സ്വാധീനിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

“ക്യാന്‍സര്‍ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്‌. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികവും സാമ്പത്തികവുമായ വെല്ലുവിളികളും അത്‌ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും സമയബന്ധിതമായ രോഗനിര്‍ണയവും ചികിത്സയും അതീവ പ്രധാനമാണ്‌,” ഡോ. കലാ ഷഹി പറഞ്ഞു.

രോഗത്തെക്കുറിച്ചുള്ള ഭയത്തേക്കാള്‍ അറിവിനും ജാഗ്രതയ്ക്കും പ്രാധാന്യം നല്‍കണമെന്നും രോഗബാധിതരായവരെ കരുതലോടെയും സ്നേഹത്തോടെയും ചേര്‍ത്തു നിര്‍ത്തുന്ന സാമൂഹികാന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

കേരള നിയമസഭയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി. ആര്‍. മഹേഷ്‌ എം.എല്‍.എ. ചടങ്ങ്‌ ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സാമൂഹിക ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രവാസി സംഘടനകള്‍ നല്‍കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളെ നേരിടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുമെന്ന്‌ പറഞ്ഞു. വൈദ്യശാസ്ത്രരംഗത്തെ അറിവുകള്‍ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനൊപ്പം രോഗബാധിതര്‍ക്ക്‌ മാനസിക പിന്തുണ നല്‍കാനുള്ള കൂട്ടായ ശ്രമങ്ങളും സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫെഡറേഷന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ച അദ്ദേഹം വിമന്‍സ്‌ ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകളും നേര്‍ന്നു.

തുടര്‍ന്ന്‌ ഫെഡറേഷന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസഫ്‌ കുരിയപ്പുറം സംഘടനയുടെ ചരിത്രവും പ്രവര്‍ത്തനപാരമ്പര്യവും വിശദീകരിച്ചു. 1983-ല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ഫെഡറേഷന്‍, കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി പ്രവാസി മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്മയ്ക്ക്‌ കരുത്തേകിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംഘടനയുടെ രൂപീകരണകാലം മുതല്‍ ഇന്നുവരെയുള്ള വിവിധ ഘട്ടങ്ങളും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. സംഘടനയുടെ ചരിത്രപരമായ വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈന്നിപ്പറഞ്ഞ ജോസഫ്‌ കുരിയപ്പുറം , അടുത്തകാലത്ത്‌ രൂപം കൊണ്ട സമാനനാമമുള്ള മറ്റൊരു സംഘടനയുമായി ബന്ധപ്പെട്ട്‌ അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ഫെഡറേഷന്റെ ഓദ്യോഗിക നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങള്‍ സ്ഥിരീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ്‌ ഈപ്പൻ ആശംസാപ്രസംഗത്തില്‍ സംഘടനയുടെ അന്താരാഷ്ട്ര പ്രവര്‍ത്തന സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുമായും മറ്റു സാമൂഹിക കൂട്ടായ്മകളുമായും സഹകരിച്ചുകൊണ്ട്‌ കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഫെഡറേഷന്‌ കഴിയുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്‌ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സഹകരണത്തിന്റെയും പുതിയ പാലങ്ങള്‍ പണിയാൻ ഇത്തരം കൂട്ടായ്മകള്‍ക്ക്‌ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിലെ ഏറെ ഹൃദയസ്പര്‍ശിയായ അനുഭവപങ്കുവയ്പുകളിലൊന്നായിരുന്നു എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. നിഷ മാണിയുടെ പ്രഭാഷണം. ക്യാന്‍സര്‍ തന്റെ ജീവിതത്തിലുണ്ടാക്കിയ വേദനകളും പ്രതിസന്ധികളും അവയെ ധൈര്യപൂര്‍വം അതിജീവിച്ച അനുഭവങ്ങളും അവര്‍ സദസ്സുമായി പങ്കുവെച്ചു. രോഗാവസ്ഥയിലെ മാനസിക സംഘര്‍ഷങ്ങള്‍, ജീവിതത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകള്‍, അതിജീവനത്തിലൂടെ നേടിയ ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള അവരുടെ വാക്കുകള്‍ പങ്കെടുത്തവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.

സ്വന്തം അനുഭവങ്ങളില്‍നിന്ന്‌ കരുത്താര്‍ജിച്ച്‌ ഇന്ന്‌ മറ്റുള്ളവര്‍ക്ക്‌ സഹായവും പ്രചോദനവും നല്‍കാന്‍ കഴിയുന്നതിലെ സന്തോഷവും അവര്‍ പങ്കുവെച്ചു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന അഞ്ച്‌ പ്രധാന ജീവിതമന്ത്രങ്ങളും ഡോ. നിഷ മാണി വിശദീകരിച്ചു. പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാന്‍ മനുഷ്യനു കഴിയുമെന്ന സന്ദേശം അവരുടെ പ്രഭാഷണത്തിന്‌ പ്രത്യേക മാനം നല്‍കി.

തുടര്‍ന്ന്‌ ഫെഡറേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ അഡ്വ. രഘുകുമാര്‍, കെ.ജി.ഡബ്ല്യു. (KGW) വാഷിംഗ്ടണ്‍ പ്രസിഡന്റ്‌ ഡോ. നാരായണന്‍ വള്ളപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ ആരോഗ്യബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ പ്രധാന ആകര്‍ഷണമായ കാന്‍സര്‍ ബോധവല്‍ക്കരണ പ്രഭാഷണം പ്രശസ്ത അര്‍ബുദരോഗ ചികിത്സാവിദഗ്ധ ഡോ. സാറ ഈശോ നിര്‍വഹിച്ചു.

ക്യാന്‍സറുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ ഘടകങ്ങള്‍, രോഗസാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങള്‍, പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, ആധുനിക ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ച്‌ അവര്‍ വിശദമായി സംസാരിച്ചു. ക്യാന്‍സറിനെക്കുറിച്ച്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റുന്നതിനും ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യസംരക്ഷണത്തെ സമിീപിക്കുന്നതിനും ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സഹായകരമാണെന്ന്‌ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

രോഗസാധ്യതകള്‍ തിരിച്ചറിയുന്നതും ആവശ്യമായ ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും ചികിത്സ സംബന്ധിച്ച്‌ വിദഗ്ധോപദേശം തേടുന്നതും പ്രധാനമാണെന്ന സന്ദേശം ഡോ. സാറ ഈശോ പങ്കുവെച്ചു. ലളിതവും വ്യക്തവുമായ അവതരണത്തിലൂടെ സങ്കിര്‍ണമായ വൈദ്യശാസ്ത്രവിഷയങ്ങള്‍ സദസ്സിന്‌ മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ച അവരുടെ പ്രഭാഷണം ഏറെ വിജ്ഞാനപ്രദമായി.

തുടര്‍ന്ന്‌ മോഹന്‍ കുമാര്‍, രാജന്‍ പടവത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെഡറേഷന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആരോഗ്യബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാകുമെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.

ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി ജോണ്‍, ട്രഷറര്‍ ഷാജി സാമുവല്‍, എക്സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ ഷാജി ആലപ്പാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ സഞ്ജിവ്‌ ഷണ്‍മുഖന്‍ പിള്ള, അസോസിയേറ്റ്‌ സെക്രട്ടറി ലതീഷ്‌ കൃഷ്ണ, അസോസിയേറ്റ്‌ ട്രഷറര്‍ ജേക്കോബ്‌ കുളങ്ങര ജോണ്‍, അഡീഷണല്‍ അസോസിയേറ്റ്‌ സെക്രട്ടറി സുഹാസ്‌ മുല്ലവീട്ടില്‍, അഡീഷണല്‍ അസോസിയേറ്റ്‌ ട്രഷറര്‍ ബിജു മാധവന്‍, ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ്‌ ഈപ്പന്‍ എന്നിവര്‍ക്കൊപ്പം ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി, റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരിപാടിയുടെ സമാപനത്തില്‍ ഷിബിയ സാബു നന്ദിപ്രകാശനം നടത്തി. ഉദ്ഘാടനച്ചടങ്ങിന്റെയും വെബിനാറിന്റെയും വിജയത്തിനായി സഹകരിച്ച വിശിഷ്ടാതിഥികള്‍ക്കും പ്രഭാഷകര്‍ക്കും സംഘടനാഭാരവാഹികള്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും അവര്‍ ഹൃദയപൂര്‍വം നന്ദി അറിയിച്ചു. പരിപാടിയുടെ അവതാരകരായി സമ്‌ന ഹംസ, പ്രത്യുഷ പത്മനാഭന്‍, ഷീന കുന്നത്ത്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു. ചടങ്ങിന്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി കോര്‍ത്തിണക്കിക്കൊണ്ട്‌ ഹൃദ്യവും ചിട്ടയാര്‍ന്നതുമായ അവതരണത്തിലൂടെ അവര്‍ പരിപാടിക്ക്‌ കൂടുതല്‍ മികവും പ്രൗഢിയും പകര്‍ന്നു.

ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങ്‌ അറിവിന്റെയും അനുഭവങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും അപൂര്‍വ സംഗമമായി മാറി. വനിതകളുടെ നേതൃത്വശേഷിയെ ആദരിക്കുന്നതിനൊപ്പം ക്യാന്‍സര്‍ ബോധവർല്‍ക്കരണത്തിന്റെ പ്രസക്തിയും രോഗബാധിതരെ ചേര്‍ത്തുനിര്‍ത്തേണ്ട സാമൂഹിക ഉത്തരവാദിത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ പരിപാടി സമാപിച്ചത്‌.

ഒരുമയുടെ കരുത്തില്‍ വനിതാശാക്തീകരണത്തിനും കരുതലിന്റെ വെളിച്ചത്തില്‍ ആരോഗ്യബോധവല്‍ക്കരണത്തിനും പുതിയ വഴികള്‍ തുറന്നുകൊണ്ട്‌ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്റര്‍നാഷണലിന്റെ വിമന്‍സ്‌ ഫോറം ശ്രദ്ധേയമായ തുടക്കം കുറിച്ചു. രോഗത്തെക്കുറിച്ചുള്ള അറിവ്‌ ഭയത്തെ അകറ്റുകയും കരുതലും സഹാനുഭൂതിയും മനുഷ്യജീവിതങ്ങള്‍ക്ക്‌ പ്രതീക്ഷ പകരുകയും ചെയ്യുമെന്ന സന്ദേശം പങ്കുവെച്ച ഈ സംഗമം, പങ്കെടുത്തവരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവമായി മാറി.

Leave a Comment

More News