കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ക്രാഷ് ആക്സ് ആക്രമണം; പരിക്കേറ്റിട്ടും 174 യാത്രക്കാരുടെ സുരക്ഷയ്ക്കായി പോരാടിയ ഇന്ത്യൻ പൈലറ്റിന് യുഎഇ നേതൃത്വത്തിന്റെ ആദരം
അബുദാബി: ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽ കണ്ട് അഭിനന്ദിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. അബുദാബിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത്തിനെ സന്ദർശിച്ച ഷെയ്ഖ് ഹംദാൻ, പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് ബുധനാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിന്റെ കോക്ക്പിറ്റിൽവച്ച് ഒമാനി സഹപൈലറ്റ് സ്മിത് മച്ചാറിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുഎഇ അധികൃതരുടെ വിശദീകരണം. സംഭവസമയത്ത് വിമാനത്തിൽ 174 യാത്രക്കാരുണ്ടായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റിട്ടും മനഃസാന്നിധ്യം കൈവിടാതിരുന്ന സ്മിത് കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് വിമാന ജീവനക്കാരും യാത്രക്കാരും ഇടപെട്ട് അക്രമിയെ കീഴടക്കി.. റിസർവ് ഫ്ലൈറ്റ് ക്രൂ പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
സംഭവത്തിനിടെ വിമാനം അതിവേഗം ഉയരം നഷ്ടപ്പെട്ടു. സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുമ്പോൾ ഏകദേശം 30 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയിലധികം താഴേക്ക് പോയെന്നാണ് പുറത്തുവരുന്ന വിവരം. അതീവ ഗുരുതരമായ സാഹചര്യത്തിനിടയിലും വലിയ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞത് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണെന്നാണ് വിലയിരുത്തൽ.
ആക്രമണത്തിൽ പരിക്കേറ്റ് അബുദാബിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാർ നിലവിൽ സുഖം പ്രാപിച്ചുവരികയാണ്. ശനിയാഴ്ച അദ്ദേഹത്തെ സന്ദർശിച്ച ഷെയ്ഖ് ഹംദാൻ ആരോഗ്യനില അന്വേഷിക്കുകയും യുഎഇ നേതൃത്വത്തിന്റെ നന്ദിയും ആദരവും അറിയിക്കുകയും ചെയ്തു.
മനുഷ്യജീവനോടുള്ള കരുതലിന്റെയും ധൈര്യത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും ഏറ്റവും ഉയർന്ന മാതൃകയാണ് സ്മിത് പ്രകടിപ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെയ്ഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്മിത് തങ്ങളുടെ ടീമിന്റെയും രാജ്യത്തിന്റെയും ഭാഗമായതിൽ യുഎഇ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സ്മിത് മുൻഗണന നൽകിയതെന്നതാണ് അദ്ദേഹത്തിന്റെ ഇടപെടലിനെ ശ്രദ്ധേയമാക്കുന്നത്.
വിമാനം തബൂക്കിൽ അടിയന്തരമായി ഇറക്കിയതിന് പിന്നാലെ സൗദി അധികൃതർ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ആക്രമണം നടത്തിയ സഹപൈലറ്റിനെ യുഎഇ അധികൃതർക്ക് കൈമാറി. സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ കാരണങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
അക്രമി ഹമാം അൽ-ഹമാമി ഒമാന് പൗരനാണ്. തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ഇയാൾക്ക് നേരത്തെ ഒമാനിൽ വിമാനയാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുകളിൽ അവകാശപ്പെടുന്നു. എന്നാൽ ഈ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
ഇയാളുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ച് ഫ്ലൈദുബായിക്ക് എന്തെല്ലാം വിവരങ്ങൾ ലഭ്യമായിരുന്നു, ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തിയ സുരക്ഷാ പരിശോധനകളുടെ സ്വഭാവം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആക്രമണത്തിന്റെ കൃത്യമായ കാരണം, അക്രമിയുടെ പശ്ചാത്തലം, നിയമനത്തിന് മുമ്പുള്ള സുരക്ഷാ പരിശോധനകൾ എന്നിവ സംബന്ധിച്ച അന്തിമ നിഗമനങ്ങൾക്ക് ഔദ്യോഗിക അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്.
