ആകാശത്ത് ജീവൻ പണയംവച്ച് പോരാട്ടം; ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് വ്യോമസേനാ മേധാവിയുടെ പ്രശംസ

ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്ന് സഹായത്തിന് വഴിയൊരുക്കി; നൂറിലേറെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായകമായത് ക്യാപ്റ്റന്റെ അസാധാരണ ധൈര്യം

ന്യൂഡൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണ ധൈര്യത്തെ പ്രശംസിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും മാനസിക ദൃഢതയും മാതൃകാപരമാണെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.

സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് അതീവ ഗുരുതരമായ സുരക്ഷാ സംഭവം അരങ്ങേറിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒമാൻ സ്വദേശിയായ സഹപൈലറ്റ് കോക്ക്പിറ്റിനുള്ളിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. യുഎഇ അധികൃതർ പിന്നീട് സംഭവത്തെ ഭീകരപ്രവർത്തനത്തിനുള്ള ശ്രമമായാണ് വിശേഷിപ്പിച്ചത്. സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലവും പ്രേരണയും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ആക്രമണത്തിനിടെ ക്യാപ്റ്റന് ഗുരുതരമായി പരിക്കേറ്റു. അതേസമയം വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനം 14,000 അടിയിലധികം ഉയരം നഷ്ടപ്പെടുത്തിയിരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ കീഴടങ്ങിയില്ല. കോക്ക്പിറ്റിന്റെ സുരക്ഷാ വാതിൽ തുറക്കാൻ അദ്ദേഹം നടത്തിയ ശ്രമമാണ് വിമാനത്തിനുള്ളിലുള്ളവർക്ക് ഇടപെടാനുള്ള അവസരം ഒരുക്കിയത്. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമിച്ച സഹപൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലല്ലാത്ത പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടെ വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.

ക്യാപ്റ്റൻ മച്ചാറിന്റെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കുന്നതിൽ നിർണായകമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്യാപ്റ്റൻ മച്ചാറിന്റെ പ്രവർത്തനത്തെ പ്രത്യേകം പരാമർശിച്ച എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, അതീവ അപകടകരമായ സാഹചര്യത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ശാരീരിക കരുത്തും മാനസിക ദൃഢനിശ്ചയവും പ്രശംസിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒരാൾ സ്വന്തം ജീവൻ മാത്രം നോക്കാതെ വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അവസാന നിമിഷംവരെ പോരാടിയത് അസാധാരണ ധീരതയുടെ ഉദാഹരണമാണെന്ന് വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടി.

സംഭവത്തിനു പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോളിലൂടെ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനം അതിവേഗം താഴേക്ക് പോകുന്നത് തിരിച്ചറിഞ്ഞതോടെയാണ് പരിക്കുകൾ വകവയ്ക്കാതെ കോക്ക്പിറ്റ് വാതിൽ തുറക്കാനുള്ള ശ്രമം നടത്തിയതെന്ന് മച്ചാർ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഇടപെടലാണ് മറ്റുള്ളവർക്ക് കോക്ക്പിറ്റിൽ പ്രവേശിച്ച് സ്ഥിതി നിയന്ത്രിക്കാൻ വഴിയൊരുക്കിയത്.

അതേസമയം പാക്കിസ്താന്‍ ചൈനയിൽ നിന്ന് അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കത്തെക്കുറിച്ചും വ്യോമസേനാ മേധാവി പ്രതികരിച്ചു. ഇത് ശ്രദ്ധിക്കേണ്ട വിഷയമാണെങ്കിലും അതിരുകടന്ന ആശങ്കയ്ക്ക് കാരണമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പാകിസ്ഥാന് നേരത്തെയും കാര്യമായ വ്യോമശക്തിയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആധുനിക യുദ്ധത്തിൽ ഒരു വിമാനത്തിന്റെ സാങ്കേതിക മികവ് മാത്രം വിജയത്തിന് മതിയാകില്ലെന്നും ശരിയായ ആയുധസംയോജനം, പരിശീലനം, തന്ത്രം എന്നിവ നിർണായകമാണെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ തദ്ദേശീയ അഞ്ചാംതലമുറ യുദ്ധവിമാന പദ്ധതിയായ എഎംസിഎ (Advanced Medium Combat Aircraft) മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനാണ് മുൻഗണന. എന്നാൽ ആവശ്യമായ ശേഷി കൈവരിക്കുന്നതിൽ വലിയ കാലതാമസം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ വിദേശത്തുനിന്നുള്ള യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും വ്യോമസേനാ മേധാവി സൂചിപ്പിച്ചു.

Leave a Comment

More News