യൂത്ത് കോൺഗ്രസ് ‘റെസിസ്റ്റൻസ് മാർച്ച്’ സംഘർഷത്തിൽ കലാശിച്ചു; എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ, ഹോസ്റ്റൽ വളപ്പിൽ പൊലീസ് ലാത്തിച്ചാർജ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മെൻസ് ഹോസ്റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്.
സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി 160 പേർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. 80 എസ്എഫ്ഐ പ്രവർത്തകരും ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 80 യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് തുടരുകയാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘റെസിസ്റ്റൻസ് മാർച്ച്’ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് സമീപത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങിയത്. മാർച്ചിന് നേരെ ഹോസ്റ്റൽ ഭാഗത്തുനിന്ന് കല്ലേറുണ്ടായെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. കല്ലുകൾക്കൊപ്പം കുപ്പികളും പ്രവർത്തകർക്ക് നേരെ എറിഞ്ഞതായും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇതോടെ യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും നേർക്കുനേർ എത്തുകയും പ്രദേശം സംഘർഷഭരിതമാവുകയും ചെയ്തു. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സംഘർഷം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. സ്ഥിതിഗതികൾ രൂക്ഷമായതോടെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതോടെ പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തി. ഹോസ്റ്റലിന് മുന്നിലും സമീപ റോഡുകളിലുമായി ഏറെനേരം സംഘർഷാവസ്ഥ തുടർന്നു.
സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കും പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. സംഘർഷത്തിനിടെ നടന്ന കല്ലേറ്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ ആരൊക്കെയാണ് നേരിട്ട് പങ്കെടുത്തതെന്ന് കണ്ടെത്തുന്നതിനായി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
