കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മാത്രം കണ്ടും കേട്ടും പരിചയപ്പെട്ട മുഖ്യമന്ത്രിയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നത് അസം സ്വദേശിയായ മുഹമ്മദ് ഖൈറുൽ ഇസ്ലാമിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. കേരളത്തിലെത്തി എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടയിലും ആ മോഹം മനസ്സിൽ സൂക്ഷിച്ചു. ഒടുവിൽ അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഖൈറുൽ. മുഖ്യമന്ത്രിയുടെ കൈയിൽ ചുംബിച്ച് സ്നേഹം പ്രകടിപ്പിച്ച ഖൈറുല്‍ തന്റെ ടി-ഷർട്ടിൽ ഓട്ടോഗ്രാഫും സ്വന്തമാക്കി.
കേരളത്തിലെത്തിയതുമുതൽ മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെന്ന് ഖൈറുൽ പറയുന്നു. ആ സ്വപ്നം യാഥാർഥ്യമാകുന്നതിനായി ദിവസവും പ്രാർഥിക്കുമായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രി എത്തിയതോടെയാണ് ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായത്. ആത്മാർഥമായി പ്രാർഥിച്ചാൽ അല്ലാഹു ആഗ്രഹങ്ങൾ സഫലമാക്കുമെന്ന വിശ്വാസം ഈ അനുഭവത്തിലൂടെ കൂടുതൽ ദൃഢമായെന്നും ഖൈറുല്‍ സന്തോഷത്തോടെ പറഞ്ഞു.
മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ മനസ്സിലെ ആരാധനയും സ്നേഹവും പ്രകടിപ്പിക്കാനും ഖൈറുൽ മറന്നില്ല. ‘ഐ ലവ് സി.എം’ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സന്തോഷം പങ്കു വെച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ കൈയിൽ സ്നേഹപൂർവം ചുംബിക്കുകയും ടി-ഷർട്ടിൽ ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്തു. ഖൈറുലിന്റെ ആഗ്രഹം മാനിച്ച് വി.ഡി. സതീശൻ ടി-ഷർട്ടിൽ ഒപ്പിട്ടു നൽകി.
ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖ്യമന്ത്രിയെ നേരിൽ കാണാനോ അദ്ദേഹത്തോട് സംസാരിക്കാനോ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖൈറുൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പരിചയപ്പെട്ടിരുന്ന വ്യക്തി തൊട്ടുമുന്നിലെത്തിയപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്നും ഖൈറുല്‍ വ്യക്തമാക്കി.
അസമിൽനിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ ഖൈറുലിന് ഈ കൂടിക്കാഴ്ച വെറുമൊരു സൗഹൃദ നിമിഷമായിരുന്നില്ല; ഏറെക്കാലമായി ഹൃദയത്തിൽ സൂക്ഷിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. മുഖ്യമന്ത്രിയുടെ കൈയൊപ്പുള്ള ടി-ഷർട്ടും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഓർമകളായി സൂക്ഷിക്കാനാണ് ഖൈറുലിന്റെ തീരുമാനം.
