മുടിയിഴകൾ (ലേഖനം): ജയശങ്കര്‍ പിള്ള

സന്ധ്യാ നാമജപം കഴിഞ്ഞു കുടുംബസമേതം ഒരു മേശയ്ക്കു ചുറ്റും ഇരുന്നു അത്താഴം കഴിക്കുന്ന പതിവ് കാരണവന്മാരുടെ കാലം മുതൽ ആ തറവാട്ടിലെ ശീലങ്ങളിലൊന്നാണ്. തലമുറകൾ മാറി കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും പല നാടുകളിൽ കുടിയേറി എങ്കിലും തറവാട്ടിൽ ഇന്നും ശീലങ്ങൾക്കു ഒരു മാറ്റവും വന്നിട്ടില്ല. അമ്മയുടെ മരണശേഷം മരുമകൾ ശാലിനി വീട്ടു ചുമതലകൾ ഏറ്റെടുത്തു ആ തറവാടിനെ പഴയപടി ആക്കുന്നതിനുള്ള തത്രപ്പാടിലാണ്. അമ്മയുടെ വേർപാട് ആ കുടുംബത്തെ അത്രമാത്രം ദുഖത്തിലേയ്ക്കും, ഏകാന്തതയിലേയ്ക്കും തള്ളിവിട്ടിരുന്നു. എല്ലാവരും ഭാഗം പിരിഞ്ഞപ്പോൾ ഇളയമകൻ രാമകൃഷ്ണൻ തറവാട് വീടിന്റെ അവകാശിയായി. രാമകൃഷ്ണന്റെ ഭാര്യ ശാലിനിയ്ക്കണെങ്കിൽ പിടിപ്പതു ജോലിയുണ്ട്, പാടത്തും, പറമ്പിലുമൊക്കെ ജോലിയ്ക്കു ആളുകളുണ്ടെങ്കിൽ പിന്നെ പറയാനും ഇല്ല, തിരക്കോടു തിരക്ക്.

അന്നും പതിവുപോലെ എല്ലാവരും നാമജപം കഴിഞ്ഞു അത്താഴത്തിനായി തീന്മേശയ്ക്കു ചുറ്റും ഇരുന്നു. വീട്ടിലെ കാരണവരായ അച്ഛൻ, അമ്മയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്നും പൂർണ്ണ വിമുക്തനായിട്ടില്ല. മരുമകൾ ശാലിനി എല്ലാവർക്കും ഭക്ഷണം വിളമ്പി അടുക്കളയിലേയ്ക്ക് എന്തോ എടുക്കുവാൻ പോയി. അപ്പോഴാണ് രുചിയോടെ ചവച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ എന്തോ ഒന്ന് രാമകൃഷ്ണന്റെ തൊണ്ടയിൽ കുടുങ്ങിയത്. അത് ഒരു ചുമയുടെ രൂപത്തിൽ പുറത്തേയ്ക്ക് തികട്ടി വന്നു.

ഭർത്താവു ചുമയ്ക്കുന്ന ശബ്ദം കേട്ട് ശാലിനി അടുക്കളയിൽ നിന്നും ഓടി വന്നു.

“രാമേട്ടാ .. എന്താ പറ്റിയത്?!” അവൾ അങ്കലാപ്പോടെ ചോദിച്ചു.

തന്റെ വായിൽ കുടുങ്ങിയ നീണ്ട മുടി പുറത്തെടുത്തു രാമകൃഷ്ണൻ എല്ലാവരെയും ഒന്ന് നോക്കി. കുട്ടികൾ ഭീതി നിറഞ്ഞ മുഖവുമായി ശാലിനിയെ നോക്കി. അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ അപ്പൂപ്പൻ ഇതുപോലെ ഒരു അവസരത്തിൽ ശകാര വർഷം ചൊരിഞ്ഞു ഭക്ഷണം തട്ടി തെറിപ്പിച്ചത് കുട്ടികൾ ഓർത്തു. ഇനി എന്താവും ഇവിടെ നടക്കുക ..!!

രാമകൃഷ്ണൻ ഒന്നും പറയാതെ ആ മുടിയിഴ പ്ലേറ്റിന്റെ ഒരു വശത്തേയ്ക്ക് മാറ്റി വെച്ച് ഭാര്യ നൽകിയ തണുത്ത വെള്ളവും കുടിച്ചു അടുത്ത ഉരുള വാരി കഴിക്കുവാൻ തുടങ്ങി.

ഇതെല്ലാം കണ്ടു നിശ്ശബ്ദനായി ഇരുന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഭാര്യ ഒരു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നപ്പോൾ ചെറിയ ചെറിയ കൈഅബദ്ധങ്ങൾക്കു താൻ നൽകിയ ശകാര വർഷങ്ങളെ ഓർത്തു, തന്റെ തെറ്റുകളെ ഓർത്തു അയാൾ സ്വയം പഴിച്ചു. തന്റെ മകന്റെ പ്രവർത്തി വൈകിയ വേളയിലാണെങ്കിലും അയാളിൽ കുറ്റബോധം ഉണർത്തി.

കുട്ടികളുടെ ഭീതി നിറഞ്ഞ മുഖത്ത് നോക്കി രാമകൃഷ്ണൻ പറഞ്ഞു…

“എന്താ മക്കളേ, നിങ്ങൾ ഇങ്ങനെ മിഴിച്ചിരിക്കുന്നത്..ഭക്ഷണം ചൂടാറ്റി കളയാതെ വേഗം കഴിക്കൂ….”

തീന്മേശയിൽ ഒരു പൊട്ടിത്തെറിയും, ശകാരവും പ്രതീക്ഷിച്ച ശാലിനിയുടെ കണ്ണുകൾ ഈറനണിഞ്ഞു…

രാമകൃഷ്ണൻ അവളുടെ പേടിയും സങ്കടവും നിറഞ്ഞ കണ്ണുകളിലേക്ക് ഒരു ചെറു മന്ദഹാസത്തോടെ നോക്കി എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു.

“കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, കൃത്യതയോടെ, ദിനം മുഴുവൻ മുഴുകി ജീവിക്കുന്ന അമ്മമാർ, നമുക്കു ചുറ്റും സ്നേഹത്തിന്റെ പരിമളം വിതറി ഇങ്ങനെ ഉള്ളപ്പോൾ മാത്രമല്ലെ ഈ മുടി ഇഴകൾ നമ്മളെ തഴുകി ഇങ്ങനെ കടന്നു പോകയുള്ളൂ …”

സ്നേഹനിധിയായ അമ്മമാരെ നമ്മുടെ നെഞ്ചോടു ചേർത്തു വെയ്ക്കാം…നമുക്ക് ചുറ്റും അമ്മമാരുടെ സ്നേഹം പൂത്തുലയട്ടെ…

ഗുണപാഠം : അബദ്ധത്തിൽ ആർക്കും പറ്റാവുന്ന തെറ്റുകളെ ഉയർത്തിക്കാട്ടി പരസ്പരം പഴിച്ചു സുന്ദരമായ ജീവിതത്തിലെ സ്വസ്ഥത നശിപ്പിയ്ക്കാതെ സഹിച്ചും, ക്ഷമിച്ചും, പൊറുത്തും, ആര്സപരം പങ്കുവച്ചും ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കൂ

Leave a Comment

More News