ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ ഏറ്റുമുട്ടൽ; നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സെക്കൻഡുകൾക്കുള്ളിൽ താഴേക്ക് പതിച്ചു; അക്രമിയെ കീഴടക്കി യാത്രക്കാരും ജീവനക്കാരും, സൗദിയിൽ അടിയന്തര ലാൻഡിംഗ്
റിയാദ് (സൗദി അറേബ്യ): ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ ബുധനാഴ്ച ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വിമാനത്തില് ഭൂരിഭാഗവും ഇസ്രായേലി യാത്രക്കാരായിരുന്നു.
വിമാനം നിയന്ത്രണം വിട്ട് കറങ്ങുകയും അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ യാത്രക്കാരും ജീവനക്കാരും കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് അക്രമിയെ കീഴടക്കിയതായി ഒരു യാത്രക്കാരൻ വിവരിച്ചു. അക്രമി വിമാനത്തിന്റെ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊതുഅഭിപ്രായം.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ 1073 വിമാനത്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ ‘ഏറ്റുമുട്ടൽ’ ഉണ്ടായതായി ഫ്ലൈദുബായ് പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് വിമാന ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
വിമാനത്തിനുള്ളിൽ ഭീതിജനകമായ നിമിഷങ്ങളാണ് ഉണ്ടായതെന്ന് യാത്രക്കാർ പിന്നീട് വിവരിച്ചു. വ്യോമയാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ24-ന്റെ കണക്കുകൾ പ്രകാരം, ഒരു ഘട്ടത്തിൽ 30 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയിലധികം താഴേക്ക് പതിച്ചു. സാധാരണ വിമാനയാത്രയിൽ സംഭവിക്കുന്നതിനേക്കാൾ വളരെ വേഗത്തിലുള്ള താഴ്ചയായിരുന്നു ഇത്.
സംഭവത്തിലെ അക്രമിയെ സൗദി അധികൃതർ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യുകയാണെന്നും റിപ്പോര്ട്ടുകളുണ്ട്. എന്നാൽ അറസ്റ്റ് സംബന്ധിച്ച് സൗദി അറേബ്യ ഉടൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗദി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന ക്ലസ്റ്റർ2 കമ്പനി പുറത്തിറക്കിയ പ്രസ്താവന പ്രകാരം വിമാനത്തിന്റെ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറായ സഹപൈലറ്റും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഔദ്യോഗിക അന്വേഷണത്തിലൂടെ മാത്രമേ അത് കണ്ടെത്താനാകൂവെന്നും ഫ്ലൈദുബായ് അറിയിച്ചു. സംഭവത്തിന്റെ ‘കാരണങ്ങളും സാഹചര്യങ്ങളും’ അന്വേഷിക്കുന്നതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയും സർക്കാർ വാർത്താ ഏജൻസിയായ എമിറേറ്റ്സ് ന്യൂസ് ഏജൻസിയിലൂടെ അറിയിച്ചു.

ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സംഭവത്തെ ആദ്യം ‘ജിഹാദി ഭീകരാക്രമണ ശ്രമം’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, അതിനെ പിന്തുണയ്ക്കുന്ന കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. നെതന്യാഹു സംഭവത്തെ ‘ഗുരുതരമായ സുരക്ഷാ സംഭവം’ എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ആക്രമിക്കപ്പെട്ട പൈലറ്റ് ഇന്ത്യൻ പൗരനായ സ്മിത് മച്ചാർ ആണെന്ന് ഇസ്രായേൽ, ഇന്ത്യൻ സർക്കാരുകൾ തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
“കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം തിരിച്ചടിക്കുകയും അക്രമിയെ ചെറുക്കുകയും ചെയ്തു. കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴടക്കാനുള്ള അവസരം ഒരുക്കി. അതിലൂടെ ആകാശത്ത് സംഭവിക്കാമായിരുന്ന വലിയ ദുരന്തമാണ് ഒഴിവായത്. അദ്ദേഹം യഥാർത്ഥ ഹീറോയാണ്,” നെതന്യാഹു പറഞ്ഞു.
അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ഇസ്രായേലിലെത്തിച്ചു.
ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വരവ് കാത്ത് നിരവധി മാധ്യമപ്രവർത്തകർ എത്തിയിരുന്നു. ഭീതിജനകമായ അനുഭവത്തിന് ശേഷം മടങ്ങിയെത്തുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ ബലൂണുകളും പൂക്കളുമായി നിരവധി കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തി.
ഡാൻ സോളർ ഭാര്യയ്ക്കും രണ്ട് ചെറിയ കുട്ടികൾക്കുമൊപ്പമാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. പൈലറ്റിന് കുത്തേറ്റതിന് പിന്നാലെ ആക്രമണം നടത്തിയ സഹപൈലറ്റിനുമേൽ മൂന്ന് യാത്രക്കാർ ചാടിവീണ് അയാളെ കീഴടക്കുന്നത് താൻ കണ്ടതായി അദ്ദേഹം പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവങ്ങൾ നടക്കുന്നതിനിടെ തന്റെ ചെറിയ മകന്റെ ശ്രദ്ധ തിരിക്കാനായിരുന്നു താൻ ശ്രമിച്ചതെന്ന് സോളർ പറഞ്ഞു. സംഭവിക്കുന്നത് സാധാരണ കാര്യമല്ലെന്ന് മകനോട് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.
“25 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കാവുന്ന ഒന്നാണിതെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ ശാന്തനായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ഇപ്പോൾ സുരക്ഷിതമായി തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” മകന്റെ തലയിൽ തലോടിക്കൊണ്ട് പുഞ്ചിരിയോടെ സോളർ പറഞ്ഞു.
ഇസ്രായേലിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനുമിടയിൽ വിനോദസഞ്ചാരികൾ വ്യാപകമായി ആശ്രയിക്കുന്ന പ്രധാന വ്യോമബന്ധമാണിത്. ദിവസേന നിരവധി വിമാന സർവീസുകൾ ഈ റൂട്ടിലുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കും അവിടെനിന്നുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.
ഇസ്രായേലിൽ ദേശീയ തിരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കുന്ന രാഷ്ട്രീയമായി നിർണായകമായ സമയത്താണ് സംഭവം. തിരഞ്ഞെടുപ്പ് ഫലം ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായി തുടരുമോ എന്നതും നിർണയിക്കും. സുരക്ഷാ ഭീഷണികളിൽ നിന്ന് ഇസ്രായേലികളെ സംരക്ഷിക്കാൻ തനിക്കാണ് കഴിയുകയെന്ന സന്ദേശം നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഈ സംഭവം അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമോ എന്ന സംശയവും നിലനില്ക്കുന്നുണ്ട്.
