മൂന്നാം മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിൽ സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി വ്യാപാര വാതിലുകൾ കൂടുതൽ തുറക്കുന്നതിലൂടെ കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കാനും കഴിയുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നിൽ. എന്നാൽ, ഒരു അടിസ്ഥാന ചോദ്യം ഇപ്പോൾ കൂടുതൽ പ്രസക്തമാകുകയാണ്: കരാറുകൾ ഒപ്പു വെച്ചതുകൊണ്ട് മാത്രം ഇന്ത്യയ്ക്ക് ആഗോള വിപണിയിൽ മത്സരിക്കാൻ കഴിയുമോ?
വാഷിംഗ്ടണ് ആസ്ഥാനമായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) പുറത്തുവിട്ട പുതിയ വിലയിരുത്തൽ ഈ ചോദ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഓസ്ട്രേലിയ, യുഎഇ എന്നിവയുമായുള്ള കരാറുകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാരവും ഇന്ത്യൻ കയറ്റുമതിയും ഗണ്യമായി വർധിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൽ ഈ രാജ്യങ്ങളുടെ പങ്കിൽ വലിയ മാറ്റമുണ്ടായിട്ടില്ല. അതായത്, എഫ്ടിഎകൾ വ്യാപാരം കൂട്ടാൻ സഹായിച്ചെങ്കിലും ഇന്ത്യയുടെ വ്യാപാരഘടനയെ അതിവേഗം മാറ്റിമറിച്ചുവെന്നതിന് തെളിവുകൾ പരിമിതമാണ്.
വിപണി ലഭ്യമല്ലാത്തതല്ല പ്രശ്നം; ലഭിക്കുന്ന വിപണിയിൽ മത്സരക്ഷമമായി ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ശേഷിയാണ് നിർണായകം. ഭൂമി ഏറ്റെടുക്കൽ, തൊഴിൽ നിയമങ്ങളുടെ പ്രായോഗികത, വിശ്വസനീയവും മത്സരക്ഷമവുമായ വൈദ്യുതി, വ്യവസായങ്ങൾക്ക് ആവശ്യമായ ജല ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, നികുതി-നിയന്ത്രണ സംവിധാനങ്ങളുടെ ലളിതവൽക്കരണം, വ്യാപാര തർക്കങ്ങൾക്ക് വേഗത്തിലുള്ള നിയമ പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ പരിഷ്കാരങ്ങൾ വൈകുമ്പോൾ ഒരു വ്യാപാര കരാറിനും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവില്ല.
2014-ൽ വലിയ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ അനുഭവവും ഈ യാഥാർഥ്യം ഓർമിപ്പിക്കുന്നു. ഇന്ത്യയെ ലോകത്തിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, കഴിഞ്ഞ ഒരു ദശകമായി ഉൽപ്പാദന മേഖലയുടെ ജിഡിപി വിഹിതം ഏകദേശം 13 മുതൽ 15 ശതമാനം വരെയുള്ള പരിധിയിൽ തന്നെ തുടരുന്നതായി CSIS ചൂണ്ടിക്കാട്ടുന്നു. സംരക്ഷണാത്മക താരിഫുകളും നോൺ-ടാരിഫ് നിയന്ത്രണങ്ങളും മാത്രം ആഭ്യന്തര വ്യവസായത്തെ ആഗോള നിലവാരത്തിലുള്ള മത്സരശേഷിയിലേക്ക് ഉയർത്തിയില്ലെന്ന വിമർശനം അതിനാൽ അവഗണിക്കാനാവില്ല.
പിന്നീട് ഇന്ത്യയുടെ സമീപനത്തിൽ ശ്രദ്ധേയമായ മാറ്റമുണ്ടായി. യുഎഇ, ഓസ്ട്രേലിയ എന്നിവയുമായുള്ള കരാറുകൾക്ക് പിന്നാലെ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി വ്യാപാരബന്ധം കൂടുതൽ തുറക്കാനുള്ള നീക്കങ്ങൾ വേഗത്തിലായി. ബ്രിട്ടൻ, ഒമാൻ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവരുമായുള്ള വ്യാപാര ചർച്ചകളും കരാറുകളും ഈ പുതിയ നയത്തിന്റെ ഭാഗമാണ്. ഈ മാറ്റം ആവശ്യമായിരുന്നു. എന്നാൽ വിപണിയുടെ വാതിൽ തുറക്കുന്നതും അതിലൂടെ വിജയകരമായി കടന്നുകയറുന്നതും രണ്ടാണ്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ തീരുവയിൽ വിദേശ വിപണികളിലെത്താൻ കഴിയുന്നത് വലിയ അവസരമാണ്. അതേസമയം, അതേ കരാറുകൾ വിദേശ കമ്പനികൾക്കും ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം നൽകുന്നു. അതുകൊണ്ട് എഫ്ടിഎ ഒരു സമ്മാനം മാത്രമല്ല; ആഭ്യന്തര വ്യവസായത്തിന്റെ യഥാർഥ മത്സരശേഷി പരീക്ഷിക്കുന്ന വേദി കൂടിയാണ്.
ഉൽപ്പാദനച്ചെലവ് കൂടുതലാണെങ്കിൽ, വൈദ്യുതി അനിശ്ചിതമാണെങ്കിൽ, ചരക്കു നീക്കം ചെലവേറിയതാണെങ്കിൽ, ഭൂമി ലഭ്യമാക്കാൻ വർഷങ്ങളെടുക്കുന്നുവെങ്കിൽ, കരാർ തർക്കങ്ങൾ കോടതികളിൽ നീണ്ടുനിൽക്കുകയാണെങ്കിൽ, ലോകത്തിലെ എത്ര രാജ്യങ്ങളുമായി എഫ്ടിഎ ഒപ്പിട്ടാലും ഇന്ത്യൻ കയറ്റുമതിക്കാരന് അതിന്റെ മുഴുവൻ പ്രയോജനം ലഭിക്കില്ല. മറിച്ച് കുറഞ്ഞ ചെലവിലും ഉയർന്ന കാര്യക്ഷമതയിലും പ്രവർത്തിക്കുന്ന വിദേശ കമ്പനികൾ ഇന്ത്യൻ വിപണിയിലെ അവസരങ്ങൾ കൂടുതൽ വേഗത്തിൽ പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്.
ഇതിനൊപ്പം ആഗോള വ്യാപാര രംഗവും കൂടുതൽ സങ്കീർണമാകുകയാണ്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ താരിഫ്-കേന്ദ്രിത സമീപനവും വിവിധ രാജ്യങ്ങളിൽ ശക്തിപ്പെടുന്ന സാമ്പത്തിക ദേശീയതയും പഴയ ‘തുറന്ന ആഗോള വ്യാപാരം’ എന്ന ആശയത്തെ സമ്മർദത്തിലാക്കുന്നു. ഒരു വശത്ത് രാജ്യങ്ങൾ പുതിയ വ്യാപാര പങ്കാളികളെ തേടുമ്പോൾ മറുവശത്ത് തന്ത്രപ്രധാന മേഖലകളിൽ ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാനും ശ്രമിക്കുന്നു. ഇന്ത്യയ്ക്കും ഈ രണ്ടിനുമിടയിൽ സൂക്ഷ്മമായ സന്തുലനം കണ്ടെത്തേണ്ടിവരും.
അതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ചർച്ച ‘സംരക്ഷണവാദമോ സ്വതന്ത്ര വ്യാപാരമോ?’ എന്ന ലളിതമായ ചോദ്യത്തിൽ ഒതുങ്ങരുത്. യഥാർഥ ചോദ്യം മറ്റൊന്നാണ്: തുറന്ന വിപണിയിൽ മത്സരിച്ച് ജയിക്കാൻ കഴിയുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയ്ക്ക് സൃഷ്ടിക്കാനാകുന്നുണ്ടോ?
അതിന് ഡൽഹിയിലെ തീരുമാനങ്ങൾ മാത്രം പോരാ. ഭൂമി, വൈദ്യുതി, ജലം, തൊഴിൽ, പ്രാദേശിക അനുമതികൾ തുടങ്ങിയ വ്യവസായത്തിന്റെ അടിസ്ഥാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കും നിർണായക പങ്കുണ്ട്. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പ്രത്യേക ഇളവുകൾ പ്രഖ്യാപിക്കുന്നതോടൊപ്പം സാധാരണ വ്യവസായിക്കും വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കണം.
എഫ്ടിഎകൾ ഇന്ത്യയ്ക്ക് അവസരങ്ങളുടെ വാതിൽ തുറക്കുന്നു എന്നതിൽ സംശയമില്ല. പക്ഷേ ആ വാതിലിന് അപ്പുറം വിജയം ഉറപ്പാക്കുന്നത് കരാറിലെ ഒപ്പുകളല്ല; ഉൽപ്പാദനക്ഷമത, കുറഞ്ഞ ചെലവ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരതയുള്ള നയങ്ങൾ, വേഗത്തിലുള്ള നീതിന്യായ സംവിധാനം, മത്സരക്ഷമമായ വ്യവസായ അന്തരീക്ഷം എന്നിവയാണ്.
കരാറുകളുടെ എണ്ണം സാമ്പത്തിക വിജയത്തിന്റെ അളവുകോലാകരുത്. അവ ഉപയോഗിച്ച് ഇന്ത്യ എത്ര പുതിയ വിപണികൾ പിടിച്ചെടുത്തു, എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, ഉൽപ്പാദനത്തിന്റെ ജിഡിപി വിഹിതം എത്ര ഉയർത്തി, ആഗോള മൂല്യശൃംഖലകളിൽ ഇന്ത്യൻ കമ്പനികളുടെ സ്ഥാനം എത്ര ശക്തിപ്പെടുത്തി എന്നതായിരിക്കണം യഥാർഥ മാനദണ്ഡം.
ലോകവുമായി കരാറുകൾ ഒപ്പിടുന്നത് താരതമ്യേന എളുപ്പമാണ്; സ്വന്തം സമ്പദ്വ്യവസ്ഥയെ ലോകത്തോട് മത്സരിക്കാൻ പ്രാപ്തമാക്കുന്നതാണ് കഠിനം. ഇന്ത്യയുടെ അടുത്ത സാമ്പത്തിക പരീക്ഷണം അവിടെയാണ്.
ചീഫ് എഡിറ്റര്
