ക്യാമറ കൈയിലുണ്ടെന്നതുകൊണ്ട് മാധ്യമ പ്രവർത്തകനാകില്ല (എഡിറ്റോറിയല്‍)

മാധ്യമ പ്രവർത്തനം തെരുവിലെ ആൾക്കൂട്ടത്തിനിടയിൽ മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് കാണുന്നതെല്ലാം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ തള്ളുന്നതിന്റെ പേരല്ല. ആരുടെയെങ്കിലും മുഖത്തേക്ക് ക്യാമറ നീട്ടി പ്രകോപനപരമായ ചോദ്യങ്ങൾ എറിഞ്ഞ് ഒരു പ്രതികരണം പിടിച്ചെടുത്ത് അതിന് തീപിടിപ്പിക്കുന്ന തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്നതുമല്ല മാധ്യമപ്രവർത്തനം. അതിന് ഒരു ധാർമികതയുണ്ട്, മര്യാദയുണ്ട്, ഉത്തരവാദിത്തമുണ്ട്. എല്ലാറ്റിനുമുപരി സത്യത്തോടുള്ള പ്രതിബദ്ധതയുണ്ട്.

തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചില മാധ്യമപ്രവർത്തന രീതികളെക്കുറിച്ച് ഉയർത്തിയ വിമർശനം അതുകൊണ്ടുതന്നെ ഗൗരവമായി ചർച്ച ചെയ്യപ്പെടണം. അധാർമികമായ ചില രീതികൾ മാധ്യമരംഗത്ത് ആരംഭിച്ചിട്ടുണ്ടെന്നും പാരമ്പര്യമുള്ള മാധ്യമങ്ങൾ അവരുടെ പിന്നാലെ പോകരുതെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നത്തെ മാധ്യമലോകം സ്വയം പരിശോധിക്കാനുള്ള അവസരമായി കാണണം. കാരണം പ്രശ്നം ചെറുതല്ല.

‘ഇന്നലെ കിളിർത്ത തകരകളുടെ പിന്നാലെ എന്തിന് ഓടണം’ എന്ന വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. ഒരു മൊബൈൽ ഫോണോ ഹാൻഡികാമോ കൈയിലുണ്ടെങ്കിൽ ആർക്കും ഇന്ന് ദൃശ്യങ്ങൾ പകർത്താം. സമൂഹമാധ്യമ അക്കൗണ്ട് തുറക്കാൻ മാധ്യമപഠനമോ എഡിറ്റോറിയൽ പരിചയമോ ആവശ്യമില്ല. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ ലോകത്തിനു മുന്നിലെത്തിക്കാനും കഴിയും. അത് സാങ്കേതികവിദ്യ നൽകിയ സ്വാതന്ത്ര്യമാണ്. അതിനെ സ്വാഗതം ചെയ്യണം. എന്നാൽ, ആ സ്വാതന്ത്ര്യം ഉത്തരവാദിത്തമില്ലായ്മയ്ക്കുള്ള ലൈസൻസാകുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്.

കണ്ണിൽ കാണുന്നതെല്ലാം ക്യാമറയിൽ പകർത്തുക, കേൾക്കുന്നതെല്ലാം പരിശോധിക്കാതെ വാർത്തയാക്കുക, സ്വകാര്യതയിലേക്ക് ഇടിച്ചുകയറുക, പ്രകോപിപ്പിച്ച് പ്രതികരണം സൃഷ്ടിക്കുക, അപമാനകരമായ തലക്കെട്ടുകൾ നൽകുക, പിന്നെ എത്ര ‘വ്യൂസ്’ കിട്ടിയെന്ന് എണ്ണുക…. എത്ര പണം ബാങ്ക് അക്കൗണ്ടിലേക്ക് വന്നു എന്ന് പരിശോധിക്കുക… ഇതാണ് മാധ്യമ പ്രവർത്തനമെങ്കിൽ മാധ്യമ ധാർമികത എന്ന വാക്കിന് പിന്നെ എന്ത് പ്രസക്തി?

‘വൈറൽ’ ആകണം. അതിലൂടെ പണം കിട്ടണം. അതിനായി ആരുടെ മാന്യത തകർന്നാലും പ്രശ്നമില്ല എന്ന മനോഭാവം മാധ്യമ പ്രവർത്തനത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്തേ മതിയാകൂ.

ഒരു സംഭവം നടക്കുമ്പോൾ അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയാണ് മാധ്യമ പ്രവർത്തകന്റെ ജോലി. എന്നാൽ, ചില നവമാധ്യമ അവതരണങ്ങളിൽ വാർത്ത അന്വേഷിക്കുന്നതിനേക്കാൾ ഒരു ‘ഇരയെ’ കണ്ടെത്താനുള്ള തിടുക്കമാണ് പ്രകടമാകുന്നത്. ആരെയെങ്കിലും വളയുക. ക്യാമറ മുഖത്തേക്ക് നീട്ടുക. തുടർച്ചയായി പ്രകോപിപ്പിക്കുക. അയാൾ ക്ഷുഭിതനാകുന്ന ഒരു നിമിഷത്തിനായി കാത്തിരിക്കുക. ആ ഏതാനും സെക്കൻഡ് മാത്രം മുറിച്ചെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക.

പിന്നെ ഒരു തലക്കെട്ട്: “കണ്ടോ എന്തു സംഭവിച്ചെന്ന്?”

അതോടെ ലക്ഷ്യം പൂർത്തിയായി. വ്യൂസ് വരുന്നു. ഷെയറുകൾ കൂടുന്നു. കമന്റുകൾ നിറയുന്നു, കമന്റുകള്‍ക്ക് കമന്റുകളിടുന്നവര്‍ കൂടുന്നു. പക്ഷേ സത്യവും സംഭവത്തിന്റെ മറുവശവും ആരോപണവിധേയനായ വ്യക്തിയുടെ വിശദീകരണവും വാര്‍ത്തയുടെ പശ്ചാത്തലവുമൊന്നും എവിടെയും കാണുകയില്ല. ആവശ്യമില്ലാത്ത ഒരു മാധ്യമ സംസ്കാരം വളർന്നാൽ അത് വാർത്താ വിനിമയത്തിന്റെ വളർച്ചയല്ല; മാധ്യമ പ്രവർത്തനത്തിന്റെ അപചയമാണ്.

മാധ്യമ പ്രവർത്തകൻ അധികാരികളോട് ചോദ്യങ്ങൾ ചോദിക്കണം. കടുത്ത ചോദ്യങ്ങൾ തന്നെ ചോദിക്കണം. മുഖ്യമന്ത്രി ആയാലും മന്ത്രി ആയാലും പ്രതിപക്ഷ നേതാവായാലും ഉദ്യോഗസ്ഥനായാലും പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വിധേയരാണ്. അതിൽ വിട്ടുവീഴ്ച പാടില്ല.

അതേസമയം ചോദ്യം ചോദിക്കുന്നതും തെരുവിൽ വിചാരണ നടത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചോദ്യം കടുപ്പമുള്ളതാകാം; ഭാഷയ്ക്ക് മര്യാദ വേണം. വിമർശനം രൂക്ഷമാകാം; വസ്തുതകൾ കൃത്യമായിരിക്കണം. അധികാരിയെ പിന്തുടരാം; വ്യക്തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകയറരുത്. ആരോപണം റിപ്പോർട്ട് ചെയ്യാം; എന്നാല്‍, മാധ്യമ പ്രവര്‍ത്തകന്‍ കോടതിയിലെ പ്രൊസിക്യൂട്ടറാകരുത്.

ഈ അതിർവരമ്പുകളാണ് പ്രൊഫഷണൽ മാധ്യമ പ്രവർത്തനത്തെ ആൾക്കൂട്ട വിചാരണയിൽനിന്ന് വേർതിരിക്കുന്നത്.

പഴയ മാധ്യമ പ്രവർത്തനത്തിൽ ഒരു അടിസ്ഥാന മര്യാദയുണ്ടായിരുന്നു. വാർത്ത തെറ്റിയാൽ തിരുത്തണം. ഗുരുതരമായ പിഴവാണെങ്കിൽ ഖേദം പ്രകടിപ്പിക്കണം. ഇന്ന് ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സംഭവിക്കുന്നത് മറ്റൊന്നാണ്.

തെറ്റായ വാർത്ത ലക്ഷക്കണക്കിന് ആളുകളിലെത്തിയാലും തിരുത്തൽ കാണുകയില്ല. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാലും പഴയ വീഡിയോ അവിടെത്തന്നെയുണ്ടാകും. അപകീർത്തിപ്പെടുത്തപ്പെട്ട മനുഷ്യന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാൻ പിന്നീട് ആരുമുണ്ടാകില്ല. കാരണം അടുത്ത ‘വൈറൽ കണ്ടന്റ്’ അപ്പോഴേക്കും എത്തിയിട്ടുണ്ടാകും. ഇത് മാധ്യമപ്രവർത്തനമല്ല. ഉത്തരവാദിത്തമില്ലാത്ത ഉള്ളടക്ക വ്യാപാരമാണ്.

ഏറ്റവും വലിയ അപകടം മറ്റൊന്നാണ്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉണ്ടാകുന്നതിനെക്കാൾ അപകടകരമായ കാര്യം പാരമ്പര്യമുള്ള മാധ്യമങ്ങൾ അവരുമായി മത്സരിക്കാൻ അവരുടെ നിലവാരത്തിലേക്ക് ഇറങ്ങുന്നതാണ്.

അവൻ അലറുന്നു അതുകൊണ്ട് നമുക്കും അലറണം, അവൻ സ്ഥിരീകരിക്കാതെ വാര്‍ത്ത കൊടുക്കുന്നു നമുക്കും ആദ്യം കൊടുക്കാം. നമ്മുടേതായിരിക്കണം ‘ബ്രേക്കിംഗ് ന്യൂസ്’. അവന് ലക്ഷക്കണക്കിന് വ്യൂസ് കിട്ടുന്നു നമുക്കും അതേ തലക്കെട്ടിടാം. അവൻ വ്യക്തിഹത്യ നടത്തുന്നു; റേറ്റിംഗ് കിട്ടുമെങ്കിൽ എന്തുകൊണ്ട് നമുക്കും അത് ചെയ്തുകൂടാ.

ഈ ചിന്ത മുഖ്യധാരാ മാധ്യമങ്ങളിലേക്ക് കടന്നുകൂടുന്ന നിമിഷം പതിറ്റാണ്ടുകൾകൊണ്ട് നേടിയെടുത്ത വിശ്വാസ്യതയാണ് തകരുന്നത്. അതാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ തൃശ്ശൂരില്‍ പറഞ്ഞത്.

ഇന്നലെ കിളിർത്ത തകരകളോട് മത്സരിക്കാൻ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വൃക്ഷം സ്വന്തം വേരുകൾ മുറിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

ഇന്ന് കേരളത്തിൽ ആയിരക്കണക്കിന് മാധ്യമ പ്രവർത്തകർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു ചെറിയ വാർത്തയ്ക്കുപോലും പല ഉറവിടങ്ങളെ ബന്ധപ്പെടുന്നവർ. രേഖകൾ പരിശോധിക്കുന്നവർ. മറുപക്ഷത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നവർ. നിയമപരവും ധാർമികവുമായ അതിരുകൾ പാലിക്കുന്നവർ. അവർക്കാണ് ഈ പുതിയ പ്രവണത ഏറ്റവും വലിയ വെല്ലുവിളിയാകുന്നത്.

അവർ മണിക്കൂറുകളെടുത്ത് സ്ഥിരീകരിക്കുന്ന വാർത്ത മറ്റൊരാൾ അഞ്ചു മിനിറ്റിനുള്ളിൽ അഭ്യൂഹമായി പുറത്തുവിടുന്നു. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകൻ ഉപയോഗിക്കാൻ മടിക്കുന്ന ഭാഷ മറ്റൊരാൾ തലക്കെട്ടാക്കി ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുന്നു. അതുവഴി അവര്‍ക്ക് പണം കിട്ടുന്നു. അവര്‍ക്ക് പണമാണ് മുഖ്യം. അല്ലാതെ സത്യസന്ധതയല്ല.

അതുകൊണ്ട് പ്രൊഫഷണൽ മാധ്യമപ്രവർത്തനം സ്വന്തം നിലവാരം ഉപേക്ഷിക്കുകയല്ല വേണ്ടത്. നിലവാരം കൂടുതൽ ഉയർത്തുകയാണ് വേണ്ടത്.

മാധ്യമധാർമികത ആവശ്യപ്പെടുന്നതിനെ മാധ്യമ നിയന്ത്രണത്തിനുള്ള ന്യായീകരണമാക്കാൻ പാടില്ല. ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങളെ ‘മര്യാദയില്ലാത്ത മാധ്യമ പ്രവർത്തനം’ എന്നു വിളിച്ച് ഒഴിവാക്കുന്നതും അംഗീകരിക്കാനാവില്ല.
അധികാരത്തെ ചോദ്യം ചെയ്യുക മാധ്യമങ്ങളുടെ കടമയാണ്.

എന്നാൽ, മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം മാധ്യമ ഉത്തരവാദിത്തവുമുണ്ട്. സ്വാതന്ത്ര്യമെന്നത് അപവാദം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. വ്യക്തിഹത്യ നടത്താനുള്ള അവകാശമല്ല. സ്വകാര്യത തകർക്കാനുള്ള അനുമതിയുമല്ല. തെളിവില്ലാതെ ഒരാളെ കുറ്റവാളിയായി അവതരിപ്പിക്കാനുള്ള അധികാരവുമല്ല. മാധ്യമ സ്വാതന്ത്ര്യവും മാധ്യമ ധാർമികതയും പരസ്പരവിരുദ്ധങ്ങളല്ല; ഒന്നിനെ ശക്തമാക്കുന്നത് മറ്റൊന്നാണ്.

ഇന്ന് മികച്ച ക്യാമറ വാങ്ങാൻ പണമുണ്ടായാല്‍ മതി. മൈക്രോഫോൺ വാങ്ങാം. യൂട്യൂബ് ചാനൽ തുടങ്ങാം. ഫേസ്ബുക്ക് പേജ് തുടങ്ങാം, ഇന്‍സ്റ്റാഗ്രാം തുടങ്ങാം സ്റ്റുഡിയോ ഒരുക്കാം. പക്ഷേ പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ഒന്നുണ്ട്. അതാണ് വിശ്വാസ്യത. അത് വർഷങ്ങളെടുത്താണ് ഉണ്ടാകുന്നത്. ഒരു വാർത്ത തെറ്റിയാൽ അത് തകരും. ഒരു നിരപരാധിയെ അപമാനിച്ചാൽ അത് തകരും. പണത്തിനും വ്യൂസിനും വേണ്ടി സത്യത്തെ വളച്ചൊടിച്ചാൽ അത് തകരും.

അതുകൊണ്ട് മാധ്യ മസ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും തീരുമാനിക്കേണ്ട സമയമാണിത്. വ്യൂസാണോ വലുത്, വിശ്വാസമാണോ? വേഗമാണോ വലുത്, സത്യമാണോ? വൈറലാകുന്നതാണോ വിജയം അതോ സമൂഹത്തിന്റെ വിശ്വാസം നേടുന്നതോ?

പുതിയ മാധ്യമ പ്രവർത്തകരെയെല്ലാം ഒരേ ചാപ്പകുത്തി തള്ളുന്നത് നീതിയല്ല. ഡിജിറ്റൽ മാധ്യമ രംഗത്തുനിന്ന് മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ജനോപകാരപ്രദമായ ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് പോരാട്ടം പഴയ മാധ്യമവും പുതിയ മാധ്യമവും തമ്മിലാകരുത്. നല്ല മാധ്യമപ്രവർത്തനവും അധാർമിക മാധ്യമപ്രവർത്തനവും തമ്മിലായിരിക്കണം.

മൊബൈലിൽ ചിത്രീകരിക്കുന്നതുകൊണ്ട് ഒരാൾ മോശം മാധ്യമ പ്രവർത്തകനാകുന്നില്ല. വലിയ ചാനലിൽ ജോലി ചെയ്യുന്നതുകൊണ്ട് മറ്റൊരാൾ നല്ല മാധ്യമ പ്രവർത്തകനാകുകയും ഇല്ല. അളവുകോൽ ഒന്നു മാത്രം: സത്യം, നീതി, കൃത്യത, മര്യാദ, ഉത്തരവാദിത്തം.

കേരളത്തിന്റെ മാധ്യമരംഗം ഈ മൂല്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ മാത്രം വിശ്വാസ്യതയല്ല. പൊതുസമൂഹത്തിന്റെ സംവാദസംസ്കാരമാണ്. അതുകൊണ്ട് പാരമ്പര്യമുള്ള മാധ്യമങ്ങളോട് പറയാനുള്ളത് ഇത്രമാത്രം:

ഇന്നലെ കിളിർത്ത തകരകളുടെ പിന്നാലെ ഓടരുത്. ഇതു തന്നെയാണ് തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പറഞ്ഞത്.

അവർ എത്ര ശബ്ദമുണ്ടാക്കിയാലും, എത്ര വ്യൂസ് നേടിയാലും, എത്ര വൈറലായാലും മാധ്യമ പ്രവർത്തനത്തിന്റെ അളവുകോൽ അതല്ല.

ക്യാമറ കൈയിലുണ്ടെന്നതുകൊണ്ട് ആരും മാധ്യമപ്രവർത്തകനാകില്ല.

സത്യത്തോടുള്ള പ്രതിബദ്ധതയും തെറ്റിനോട് ‘ഇല്ല’ എന്നു പറയാനുള്ള നട്ടെല്ലും സമൂഹത്തോടുള്ള ഉത്തരവാദിത്തവുമാണ് ഒരു മാധ്യമ പ്രവർത്തകനെ സൃഷ്ടിക്കുന്നത്. അത് നഷ്ടപ്പെട്ടാൽ കൈയിൽ അവശേഷിക്കുന്നത് ക്യാമറ മാത്രമായിരിക്കും.
മാധ്യമ പ്രവർത്തനം ഉണ്ടാകില്ല.

ചീഫ് എഡിറ്റര്‍

Leave a Comment

More News