അഞ്ച് ലക്ഷത്തിൽ തുടങ്ങിയ ആവശ്യം രണ്ട് ലക്ഷമായി കുറഞ്ഞു; ഓവർസിയർക്ക് വേറെയും ₹25,000 നൽകണമെന്ന് നിർദേശം; ഇടനിലക്കാരനും അറസ്റ്റിൽ
കൊച്ചി: വാണിജ്യ കെട്ടിടത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ. (45), ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ. (44) എന്നിവരെയാണ് വിജിലൻസ് എറണാകുളം യൂണിറ്റ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.
പരാതിക്കാരനിൽ നിന്ന് ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് സീനയെ വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഷാനവാസിനെയും അറസ്റ്റ് ചെയ്തത്.
കലൂർ കതൃക്കടവിലെ ഒരു വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട പരാതിയാണ് കേസിന് ആധാരം. 2009 മുതൽ കെട്ടിട നമ്പർ ലഭിച്ച് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ പഴയ വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാരെ എത്തിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
ഇതിനിടെയാണ് ‘ലാൻഡ് ആൻഡ് ബിൽഡിങ് സേഫ്റ്റി കൗൺസിൽ’ എന്ന സംഘടനയുടെ പേരിൽ ഷാനവാസ് കൊച്ചി കോർപറേഷനിൽ പരാതി നൽകിയതെന്നാണ് വിജിലൻസ് പറയുന്നത്. കെട്ടിട നിർമാണത്തിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് കെട്ടിട ഉടമ കോർപറേഷൻ ഓവർസിയറായ സീനയെ സമീപിച്ച് ആവശ്യമായ രേഖകൾ കൈമാറി. പിന്നാലെ സീന കെട്ടിടത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതിനിടെ കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണിൽ ബന്ധപ്പെട്ട സീന, പരാതിയുമായി ബന്ധപ്പെട്ട വിഷയം ഷാനവാസുമായി ‘സെറ്റിൽ’ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
പിന്നീട് കെട്ടിടത്തിന്റെ കെയർടേക്കർ കോർപറേഷൻ ഓഫീസിലെത്തിയപ്പോൾ ഷാനവാസിന്റെ ഫോൺ നമ്പർ സീന നൽകിയെന്നും പരാതി പരിഹരിക്കുന്നതിനായി ഇയാളുമായി സംസാരിക്കാൻ നിർദേശിച്ചെന്നും വിജിലൻസ് പറയുന്നു.
ഷാനവാസുമായി ബന്ധപ്പെട്ടപ്പോൾ പരാതി പിൻവലിക്കുന്നതിന് ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. ഇത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചതോടെ ആവശ്യം രണ്ട് ലക്ഷം രൂപയായി കുറച്ചെന്നും പരാതിക്കാരൻ പറയുന്നു.
ഇതിന് പുറമെ കോർപറേഷൻ ഓവർസിയറായ സീനയ്ക്ക് ₹25,000 നൽകണമെന്നും ഷാനവാസ് ആവശ്യപ്പെട്ടതായാണ് വിജിലൻസിന് ലഭിച്ച പരാതി.
സീനയെ സാധാരണ ഫോൺ കോളിലൂടെ ബന്ധപ്പെടരുതെന്നും വാട്സാപ് കോളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും ഷാനവാസ് നിർദേശിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പരാതിക്കാരൻ സീനയെ വാട്സാപ് കോളിൽ ബന്ധപ്പെട്ട് ഷാനവാസുമായി ധാരണയിലെത്തിയതായി അറിയിച്ചു.
കെട്ടിടത്തിന് യു.എ. നമ്പർ ലഭിച്ചാൽ നികുതിയും പിഴയും ഉൾപ്പെടെ മൂന്നിരട്ടിയിലധികം തുക അടയ്ക്കേണ്ടിവരുമെന്ന് സീന പറഞ്ഞതായാണ് വിജിലൻസ് വ്യക്തമാക്കുന്നത്. പ്രശ്നം ഒഴിവാക്കുന്നതിനായി ആവശ്യപ്പെട്ട ₹25,000 നൽകാനും സീന നിർദേശിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തുക കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കൈമാറാനായിരുന്നു നിർദേശം. ഇതോടെ പരാതിക്കാരൻ എറണാകുളം വിജിലൻസ് യൂണിറ്റിനെ സമീപിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
വൈകിട്ട് 5.10ഓടെ കലൂർ ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് പരാതിക്കാരനിൽ നിന്ന് ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് സീനയെ വിജിലൻസ് സംഘം പിടികൂടിയത്.
തുടർന്ന് നടത്തിയ നടപടികളിൽ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഷാനവാസിനെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
