വ്യാപാരബന്ധം ശക്തിപ്പെടുത്താൻ യുഎഇയും ബെനിനും; അബുദാബിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ കൈമാറി

അബുദാബി: യുഎഇയും പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) കൈമാറി. 2026 ഒക്ടോബർ 25ന് അബുദാബിയിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബെനിൻ റിപ്പബ്ലിക് പ്രസിഡന്റ് റൊമുവാൾഡ് വഡാഗ്നിയും സന്നിഹിതരായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സഹകരണവും വർധിപ്പിക്കുക, ബിസിനസ് പങ്കാളിത്തങ്ങൾ വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയ്ക്ക് വേഗം പകരുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സുസ്ഥിര വികസനത്തിനും പരസ്പര സമൃദ്ധിക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പരസ്പര വിശ്വാസത്തിലും ചർച്ചകളിലും സഹകരണത്തിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം സാമ്പത്തിക പ്രതിരോധശേഷിയും പ്രാദേശിക സ്ഥിരതയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കരാർ നിർണായക പങ്കുവഹിക്കുമെന്ന് ബെനിൻ പ്രസിഡന്റ് റൊമുവാൾഡ് വഡാഗ്നിയും അഭിപ്രായപ്പെട്ടു.

യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ബെനിൻ ടൂറിസം, വിദേശ വ്യാപാര മന്ത്രി ഒലുഷെഗുൻ അഡ്ജാദി ബക്കാരിയും ചേർന്നാണ് കരാറിന്റെ ഔദ്യോഗിക രേഖകൾ കൈമാറിയത്.

കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റംസ് തീരുവകൾ കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യും. വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനൊപ്പം നിക്ഷേപകർക്കും സേവനദാതാക്കൾക്കും വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാനും കരാർ വഴിയൊരുക്കും.

അതേസമയം, യുഎഇയും ബെനിനും തമ്മിലുള്ള എണ്ണയിതര ഉഭയകക്ഷി വ്യാപാരത്തിൽ സമീപവർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 215 കോടി യുഎസ് ഡോളറിലെത്തി. 2024നെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ വർധനവാണിത്. 2021ൽ 101 കോടി ഡോളറായിരുന്നു വ്യാപാരത്തിന്റെ മൂല്യം.

2026ന്റെ ആദ്യ ആറുമാസങ്ങളിൽ മാത്രം എണ്ണയിതര വ്യാപാരം 129 കോടി ഡോളറിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 37.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

2021 സെപ്റ്റംബറിൽ ആരംഭിച്ച യുഎഇയുടെ വിദേശ വ്യാപാര വികസന പദ്ധതിയിലെ പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് ബെനിനുമായുള്ള ഈ സാമ്പത്തിക പങ്കാളിത്ത കരാർ.

സാമ്പത്തിക കരാറിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ധാരണകൾക്കും ചടങ്ങ് വേദിയായി.

രാഷ്ട്രീയ കൂടിയാലോചനകൾ ശക്തിപ്പെടുത്തുക, കോൺസുലർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സംയുക്ത സമിതി രൂപീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളും പ്രഖ്യാപിച്ചു.

കൂടാതെ, യുഎഇയിലെ അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും ബെനിൻ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രങ്ങളും ഒരു താൽപര്യപത്രവും (Letter of Intent) പ്രഖ്യാപിച്ചു.

പുതിയ സാമ്പത്തിക പങ്കാളിത്തം യുഎഇയും ബെനിനും തമ്മിലുള്ള വ്യാപാര, നിക്ഷേപ, നയതന്ത്ര ബന്ധങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങൾക്കും സംരംഭകർക്കും നിക്ഷേപകർക്കും കരാർ കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Leave a Comment

More News