അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ഒക്ടോബർ 26ന് ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലേക്ക് പുറപ്പെടും. ഒക്ടോബർ 27 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തും.
യുഎഇയും കാനഡയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. പ്രതിരോധം, സുരക്ഷ, ഊർജം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മുൻഗണനാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യും. ഇതിനുപുറമെ നൂതന ആശയവിനിമയ സാങ്കേതികവിദ്യകൾ, ക്വാണ്ടം സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമാകും.
അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന യുഎഇ–കാനഡ നയതന്ത്ര ബന്ധത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. വെറും 47 ദിവസത്തിനുള്ളിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കിയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. കൂടാതെ, 2026 മേയിൽ കാനഡ–യുഎഇ വിദേശ നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറും (FIPA) പ്രാബല്യത്തിൽ വന്നിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം കിരീടാവകാശി ഷെയ്ഖ് ഖാലിദ് സുപ്രധാന നിക്ഷേപ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കാനഡയിലെ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ്, ഖനനം തുടങ്ങിയ നിർണായക വ്യവസായ മേഖലകളിൽ 5,000 കോടി യുഎസ് ഡോളർ വരെ നിക്ഷേപം നടത്താനാണ് യുഎഇ സർക്കാർ ലക്ഷ്യമിടുന്നത്.
യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. തന്ത്രപ്രധാനമായ ഈ നിക്ഷേപത്തിലൂടെ ഇരുരാജ്യങ്ങളുടെയും ദീർഘകാല സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തുറക്കുന്നതിനൊപ്പം യുഎഇയും കാനഡയും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതായിരിക്കും അബുദാബി കിരീടാവകാശിയുടെ ഔദ്യോഗിക സന്ദർശനം.
