ദോഹ: മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പൊതുബോധ മണ്ഡലത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ചരിത്രത്തിലും സമകാലിക ലോകത്തുമുള്ള മുസ്ലിം സ്ത്രീയുടെ യഥാർത്ഥ ചിത്രവും ചർച്ചാവിഷയമാക്കി വിമൻ ഇന്ത്യ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസ്ലിം സ്ത്രീ: പൊതുബോധത്തിനപ്പുറത്തെ യാഥാർഥ്യം’ എന്ന ചർച്ചാസദസ്സ് ശ്രദ്ധേയമായി. ഒക്ടോബർ 16 വെള്ളിയാഴ്ച ബർവ വില്ലേജിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുത്തു.
ഷബാന മഖ്ബൂലിന്റെ ഖുർആൻ പാരായണത്തോടു കൂടി തുടക്കം കുറിച്ച പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം. അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് മോഡറേറ്റർ ആയിരുന്നു.
എം ജി എം സെക്രെട്ടറി അയ്നു നുഹ, ഫോക്കസ് ഖത്തർ ട്രഷറർ ഫർസീന ലത്തീഫ്, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിനിധി സിദ്ദിഹ, നടുമുറ്റം പ്രതിനിധി റെജുല ഷഫീഖ് എന്നിവർ സമകാലിക മുസ്ലിം സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം, വിദ്യാഭാസ പുരോഗതി, തുടങ്ങി വിഷയത്തിന്റെ വിത്യസ്ത തലങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.
തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ സദസ്സിലുള്ളവരും പങ്കുചേർന്നു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് മെഹർബാൻ കെ.സി. സമാപന പ്രസംഗം നടത്തി.
മുസ്ലിം സ്ത്രീക ളുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച് വ്യാപകമായ വ്യാജ പ്രചാരണങ്ങളുടെയും തെറ്റിദ്ധരിപ്പിക്കലുകളുടെയും പശ്ചാത്തലത്തിൽ യാഥാർഥ്യങ്ങളും വസ്തുതകളും വിശകലനം ചെയ്യുകയും വ്യത്യസ്ത കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

