
ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടത്തില് യോജിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ. എൽഡിഎഫ് സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയും അഞ്ചുവർഷ തത്വമുറപ്പാക്കി, പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തു. അതിവേഗം കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയ സന്ദർഭത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. ഇതോടെ ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളാകെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. കാലാവധി ദീർഘിപ്പിക്കാനുള്ള കമ്മീഷന്റെ ആവശ്യത്തിനു പോലും സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അഞ്ചുവർഷ പരിഷ്കരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയവർ പതിവുപോലെ പത്തുവർഷം കൂടുമ്പോൾ മാത്രമേ ശമ്പള പരിഷ്കരണം അനുവദിക്കാനാകൂ എന്ന നിലപാട് തന്നെ സ്വീകരിച്ചിരിക്കുന്നു. ധവള പത്രത്തിലും ബജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. അഞ്ചുവർഷ തത്വം അനുസരിച്ചുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയ സർക്കാർ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി അഞ്ചുവർഷ തത്വം അട്ടിമറിക്കുകയാണ്. റവന്യൂ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിൽ ശമ്പളത്തിന്റെയും പെൻഷന്റെയും ചെലവ് പരിമിതപ്പെടുത്തണമെന്ന വലതുപക്ഷ യുക്തിയെ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ശമ്പള പരിഷ്കരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടക്കാലാശ്വാസം അനുവദിക്കാൻ സർക്കാർ തയ്യാറാവണം.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ, അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പാക്കുന്നതും ഫാമിലി പെൻഷനും ഉൾക്കൊള്ളുന്നതു അഷ്വേര്ഡ് പെൻഷൻ പദ്ധതി 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തി ഉത്തരവാക്കിയിരുന്നു.എന്നാൽ ഉത്തരവായ എ.പി.എസ്. നടപ്പിലാക്കില്ലെന്നും എൻ പി എസ് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തിലെ സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന എല്ലാ അവകാശ ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും, സിവിൽ സർവീസിനെ ഇല്ലാതാക്കുന്നതിനുമുള്ള നയങ്ങൾക്കെതിരെയുള്ള അതിശക്തമായ പ്രക്ഷോഭത്തിൽ അണിനിരക്കാൻ മുഴുവൻ ജീവനക്കാരോടും സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു.
കേരള എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന കൗൺസിൽ യോഗം എറണാകുളം ടൗൺഹാളിൽ ചേർന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് എം എ അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി എം വി ശശിധരൻ റിപ്പോർട്ട് ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ സഖാക്കൾ എം ജിതേഷ് (കാസറഗോഡ് ), ടി ഷറഫുദീന് (കണ്ണൂര്), രിജേഷ് പി സി (വയനാട്), ലിനീഷ് എന് (കോഴിക്കോട്), കെ ദീപ (മലപ്പുറം), എം സി സുജേഷ് (പാലക്കാട്) , മഞ്ജഷ് കെ എം ( തൃശൂര്), എന് കെ ഗിരീഷ് കുമാര് (എറണാകുളം), ടി ജി രാജീവ് (ഇടുക്കി), എം ജി ജയ്മോന് (കോട്ടയം), വിമല് വി ദേവ് ( ആലപ്പുഴ) ജെ സുജ (പത്തനംതിട്ട) , ആര് അനില്കുമാര് (കൊല്ലം) , എച്ച് എ നസിമുദീന് (തിരുവനന്തപുരം നോര്ത്ത്) , ജി സുനില്കുമാര് (തിരുവനന്തപുരം സൌത്ത്) എന്നിവര് പങ്കെടുത്തു
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ അണിനിരക്കുക എന്ന പ്രമേയവും കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
നവംബർ 21ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
