ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ തിരംഗ യാത്ര സംഘടിപ്പിക്കാനൊരുങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച സെൻട്രൽ പാർക്കിൽ നടത്താനിരുന്ന ‘ലെഹ്റ ദോ തിരംഗ’ റാലിക്ക് മുന്നോടിയായാണ് പോലീസ് അദ്ദേഹത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
“ഞാൻ ഏത് നിയമമാണ് ലംഘിച്ചത്?” കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ദിപ്കെ ഉന്നയിച്ച ചോദ്യം ഇതായിരുന്നു.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ നേരത്തെ അദ്ദേഹം മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുക എന്നതും തിരംഗ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഒക്ടോബർ 13ന് ദേശീയ പതാകയുമായി ജന്തർ മന്തറിൽ പ്രവേശിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജന്തർ മന്തറിനെ അംഗീകൃത പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് തൊട്ടടുത്ത ദിവസമായിരുന്നു സംഭവം.
ദിപ്കെയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹവും തമ്മിൽ വാക്കുതർക്കമുണ്ടായി. ന്യൂഡൽഹിയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും കസ്റ്റഡിയിലെടുക്കുകയാണെന്നും പോലീസ് അറിയിച്ചു. ന്യൂഡൽഹിയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്നാണ് താൻ ഏത് നിയമമാണ് ലംഘിച്ചതെന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചത്.
നേരത്തെ ദിപ്കെയുടെ വസതിയിലെത്തിയ ഡൽഹി പോലീസ്, തിരംഗ മാർച്ച് സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. സെക്ഷൻ 163 പ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ, നിർദിഷ്ട തിരംഗ യാത്രയ്ക്ക് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അനുമതി നൽകിയിട്ടില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ദേശീയ പതാക ഉയർത്തുന്നതോ വീശുന്നതോ നിയമവിരുദ്ധമല്ലെങ്കിലും മുൻകൂർ അനുമതിയില്ലാതെ റാലി സംഘടിപ്പിക്കുന്നതും ആളുകളെ കൂട്ടിച്ചേർക്കുന്നതും നിലവിലുള്ള നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പോലീസ് ദിപ്കെയോട് വിശദീകരിച്ചു. ദേശീയ പതാകയുടെ ഉപയോഗവും ബഹുമാനവും സംബന്ധിച്ച ചട്ടങ്ങളും ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു.
അതേസമയം, കോക്രോച്ച് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാവ് നേഹ ബോറയെയും പോലീസ് കസ്റ്റഡിയിലെടുത്തു. 29 കാരിയായ നേഹയെ ജന്തർ മന്തറിന് സമീപത്തുനിന്നാണ് പിടികൂടിയത്.
തിരംഗ യാത്രയുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്ന പോലീസ് നടപടികൾ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
