
തിരുവനന്തപുരം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ
രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് റവന്യു – ഭൂ പരിഷ്ക്കരണ വകുപ്പ് മന്ത്രി എപി അനിൽ കുമാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നടന്ന വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ. ദുരിത ബാധിതരുടെ പുനരധിവാസം ഒരു സോഷ്യൽ പ്രോസസാണ്. അതിന്റെ ഭാഗമായി ശാസ്ത്രീയ പഠനം നടത്തി സമഗ്ര പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് വരും കാലത്ത് ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, ആവശ്യമായ മുൻകരുതലുകൾക്കും, ചരിത്ര രേഖയായി ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് ആർക്കൈവ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ സംഘടിപ്പിച്ച ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ പശ്ചാത്തലം, ദുരന്ത നിവാരണ നയങ്ങൾ, സാമൂഹിക ആഘാതങ്ങൾ, ദീർഘകാല പുനരധിവാസ മാതൃകകൾ തുടങ്ങിയ വിഷയങ്ങളിൽ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, കേരള യൂണിവേഴ്സിറ്റി ജിയോളജി ഡിപ്പാർട്മെന്റ് അസോ. പ്രൊഫസർ ഡോ. സജിൻ കുമാർ കെ.എസ്, ടാറ്റ സ്കൂൾ ഓഫ് സയൻസ് മുംബൈ അസി. പ്രൊഫസർ ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ട്രാൻസിഷൻ സ്റ്റഡീസ് സീനിയർ ജേഴ്ണലിസ്റ്റ് എം.കെ രാംദാസ്, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ്, ഡെപ്യുട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ വി.എം നിഷാദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുമായി സംവദിച്ചു. രജിസ്റ്റർ ചെയ്ത 175 ൽ പരം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതരായ സംരംഭകരായ പത്ത് വനിതകളും സെമിനാറിന്റെ ഭാഗമായി. പി. ജി വിദ്യാർത്ഥികളായ മരിയ റോസ് തോമസ്, ദിയാന സിദ്ധീഖ് എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ സർക്കാരും സന്നദ്ധ സംഘടനകളും മറ്റു ഏജൻസികളും നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ സമഗ്രവിവരങ്ങൾ https://mundakkai-digital-archive.vercel.appഎന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. വെബ്സൈറ്റ് തയ്യാറാക്കിയ എസ്.ആർ.എം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ അമീൻ അഹ്സൻ, ആർ കാശിനാഥ്, അഭിരാം നമ്പ്യാർ പി കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദുരന്തത്തിന്റെ നാൾവഴികൾ, ആഘാതങ്ങൾ, പുനരധിവാസ ഇടപെടലുകൾ, അനുഭവങ്ങൾ, പാഠങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ഗവേഷകർ, നയ രൂപീകരണ രംഗത്തുള്ളവർ, വിദ്യാർത്ഥികൾ, പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിജ്ഞാനശേഖരമാണ്.
പീപ്പിൾസ് ഫൌണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും, പ്രോജക്ട് ഡയറക്ടർ സുഹൈർ ടി.കെ നന്ദിയും പറഞ്ഞു. പീപ്പിൾസ് ഫൌണ്ടേഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ മുബാറക്, പ്രൊജക്റ്റ് ഡയറക്ടർമാരായ ഇസ്മായിൽ, റഹീം കെ, പ്രൊജക്റ്റ് കോഡിനേറ്റർമാരായ മുഹ്സിൻ, അൻഷാദ്, സർഫറാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ‘അറൈസ് മേപ്പാടി’ എന്ന പേരിൽ 20 കോടി രൂപയുടെ സമഗ്ര പുനരധിവാസ പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ഇതിനകം 78 വ്യാപാരസ്ഥാപനങ്ങൾ പുനരാരംഭിക്കാനും 56 സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സാധിച്ചു. വയൻ ആരോമ, അറൈസ് ഗർമെൻറ്സ് എന്നീ രണ്ട് സാമൂഹിക സംരംഭങ്ങൾ ആരംഭിച്ചു. 110 പേർക്ക് നൈപുണ്യ വികസന പരിശീലനം നൽകി. 19 കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകി വരുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളും തുടരുകയാണ്. 30 കുടുംബങ്ങൾക്കുള്ള ഭവനനിർമാണ പദ്ധതിയും പുരോഗമിക്കുന്നു.
വിപുലമായ സർവേയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയ അറൈസ് മേപ്പാടിയുടെ ഭാഗമായി ദുരന്താനന്തര ആറു മാസത്തെയും ഒരുവർഷത്തെയും പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ സമഗ്ര ഡിജിറ്റൽ രേഖ തയ്യാറാക്കിയത്.
