കൊച്ചി: മാസപ്പടി കേസിൽ വിജിലൻസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അപ്പീൽ നിലനിൽക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കക്ഷികളായിരുന്നില്ല. അതിനാൽ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ വിഷയത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു.
പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ള ഹർജിക്കാർ, സംസ്ഥാന സർക്കാർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), സിംഗിൾ ബെഞ്ചിലെ ഹർജിക്കാരൻ കെ.എം. ഷാജഹാൻ എന്നിവരുടെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഹർജികൾ ഉത്തരവിനായി മാറ്റിയത്. അപ്പീൽ നൽകാൻ അനുമതി ലഭിച്ചാൽ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരെ കേൾക്കണമെന്നില്ലല്ലോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കേസിൽ ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. എന്നാൽ എഫ്.ഐ.ആറിനെയല്ല, അത് രജിസ്റ്റർ ചെയ്യാൻ കാരണമായ സിംഗിൾ ബെഞ്ച് ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹർജിക്കാർ വിശദീകരിച്ചു.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഹർജിക്കാർ വാദിച്ചു. പൊതുതാൽപര്യ ഹർജിയുടെ സ്വഭാവമുള്ള വിഷയം സിംഗിൾ ബെഞ്ച് പരിഗണിച്ചതും നിയമപരമായി ശരിയല്ലെന്നാണ് അവരുടെ നിലപാട്.
ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നു. ഈ നടപടി റദ്ദാക്കി വിജിലൻസിനോട് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.
ഇ.ഡി. നൽകിയ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടത്. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം പാലിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ വിശദീകരിച്ചു.
അതേസമയം, അഴിമതിനിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന് കത്ത് നൽകിയതെന്നും ഇ.ഡി. വ്യക്തമാക്കി.
കേസിൽ പൊതുപണത്തിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും അതിനാൽ തന്റെ ഹർജി നിലനിൽക്കുന്നതാണെന്നും പരാതിക്കാരനായ കെ.എം. ഷാജഹാൻ വാദിച്ചു.
സി.എം.ആർ.എൽ.–എക്സാലോജിക് മാസപ്പടി കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകേണ്ടിയിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സി.പി.എം. ആവശ്യപ്പെടുന്നത് രാഷ്ട്രീയ പരിഗണനയോ പ്രത്യേക ആനുകൂല്യമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് സർക്കാർ തെറ്റായ രീതിയിലാണ് നടപ്പാക്കിയതെന്നും ഗോവിന്ദൻ വിമർശിച്ചു.
ഇത്തരമൊരു സമീപനം രാജ്യവ്യാപകമായി സ്വീകരിച്ചാൽ അത് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം ആരോപിച്ചു. ആരോ നൽകിയതായി പറയപ്പെടുന്ന മൊഴിയല്ലാതെ കേസിൽ വ്യക്തമായ തെളിവുകളൊന്നും ഇ.ഡി. ഹാജരാക്കിയിട്ടില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
