ആക്കുളത്ത് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഫ്ലാറ്റിന് സമീപത്തു നിന്ന് മണ്ണെടുത്തത്തിനെത്തുടര്‍ന്ന് റോഡ് ഇടിഞ്ഞു താഴ്ന്നു; ഫ്ലാറ്റില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: ആക്കുളത്ത് ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിനായി ആഴത്തിൽ മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ 14 നിലകളുള്ള പി.ആർ.എസ്. ലേക്ക്‌വില്ലെ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന റോഡും മണ്ണും ഇടിഞ്ഞുതാഴ്ന്നു. മണ്ണിടിച്ചിൽ ഫ്ലാറ്റ് കെട്ടിടത്തിന്റെ മൂന്ന് മീറ്റർ അടുത്തുവരെ എത്തിയതോടെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ.എസ്. നിർദേശം നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. ഫ്ലാറ്റ് സമുച്ചയത്തിൽ 65ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങൾ അന്നു രാത്രിതന്നെ ഹോട്ടലുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നു.
അതേസമയം, സ്ഥലം പരിശോധിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന് ചുറ്റുമുള്ള മണ്ണ് ഉടൻ ഇടിഞ്ഞുവീഴാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, മഴ ശക്തമായാൽ റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞ് ഏകദേശം 30 അടി താഴ്ചയിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്.

പി.ആർ.എസ്. ലേക്ക്‌വില്ലെ അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ഗുഡ് ഷെപ്പേർഡ് സ്കൂൾ അധികൃതർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ച വൈകിട്ടുതന്നെ ആരംഭിച്ചു. തകർന്ന റോഡ് പുനർനിർമിക്കുകയും അപകടസാധ്യത പൂർണമായി പരിഹരിക്കുകയും ചെയ്യുന്നതുവരെ ഫ്ലാറ്റുകളിൽ താമസിക്കരുതെന്നാണ് നിർദേശം.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വെൺപാലവട്ടം, ആനയറ, ഈഞ്ചയ്ക്കൽ, മെഡിക്കൽ കോളേജ്, കാര്യവട്ടം, കരിയം തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസക്കാർക്ക് താൽക്കാലിക സൗകര്യം ഒരുക്കാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ താമസക്കാർ ഫ്ലാറ്റുകൾ ഒഴിഞ്ഞു.

ഗുഡ് ഷെപ്പേർഡ് സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിനായി ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ റോഡിനോട് ചേർന്ന് വലിയ കുഴിയെടുത്തിരുന്നു. മണ്ണിന്റെ ഉറപ്പ് ശാസ്ത്രീയമായി പരിശോധിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് ആരോപണം. ഇതേത്തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ രണ്ടുതവണ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണിടിച്ചിൽ തടയുന്നതിനായി സംരക്ഷണഭിത്തി നിർമിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് തിങ്കളാഴ്ച അർധരാത്രിക്കുശേഷം കനത്ത മഴയ്ക്കിടെ വലിയ ശബ്ദത്തോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുതാഴ്ന്നത്.

ഫ്ലാറ്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനാണ് മണ്ണിടിച്ചിൽ ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് അപ്പാർട്ട്‌മെന്റ് അസോസിയേഷൻ ഭാരവാഹികളെയും മറ്റ് താമസക്കാരെയും വിവരമറിയിച്ചു. പിന്നാലെ അധികൃതർ താമസക്കാർക്ക് ജാഗ്രതാ നിർദേശം നൽകി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ കെ.പി. ബിന്ദു ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ശ്രീകാര്യം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അടിയന്തരമായി ഫ്ലാറ്റുകൾ ഒഴിയേണ്ട ആവശ്യമില്ലെന്നുമാണ് ആദ്യം അധികൃതർ താമസക്കാരെ അറിയിച്ചത്.

ആകെ 78 ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ 65 എണ്ണത്തിലാണ് നിലവിൽ താമസക്കാരുള്ളത്. അപകടസാധ്യത കണക്കിലെടുത്ത് പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടിയെന്ന നിലയിൽ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Comment

More News