റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സംഘർഷാവസ്ഥ രൂക്ഷമായി. യെമനിലെ ഹൂതി വിമതർ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ സൗദി എയർലൈൻസിലെ ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖതാമിയും ഉൾപ്പെടുന്നു. ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതിനു പുറമെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സര്വ്വിസും തടസ്സപ്പെട്ടു.
സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകിയ വിവരങ്ങൾ പ്രകാരം, ആദ്യ മിസൈൽ ആക്രമണം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം നേരിട്ട് ഒരു സൗദി വിമാനത്തിന് നേരെയായിരുന്നു. ഇതിന്റെ ഫലമായി വ്യാഴാഴ്ച കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തേണ്ടിയിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണം റദ്ദാക്കേണ്ടിവന്നു. സൗദി എയർലൈൻസ് മാത്രം നിശ്ചയിച്ചിരുന്ന 140 സർവീസുകളിൽ 97 എണ്ണവും റദ്ദാക്കി.
സൗദി അറേബ്യയുടെ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് ഹൂതി നേതൃത്വം വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, മക്കയെയും മദീനയെയും ഈ മുന്നറിയിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാഭീഷണി കണക്കിലെടുത്ത് എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, ലുഫ്താൻസ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി റിയാദിലെ ഇന്ത്യൻ എംബസി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആക്രമണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും എംബസി നിർദേശിച്ചു. സഹായം ആവശ്യമുള്ള പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 8002471234 എന്ന ഹെൽപ്ലൈൻ നമ്പറും നൽകിയിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ, ഹൂതി വിമതരുടെ മൂന്ന് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇയും ഖത്തറും സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് വ്യക്തമാക്കി.
പരസ്പര പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിൽ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങളുടെ സൈനികർ റിയാദിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പാക്കിസ്താനും സ്ഥിരീകരിച്ചു.
സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102.96 ഡോളറായി വർധിച്ചു.
