രാത്രിയാകുന്നു (കവിത): ഷാഹുൽ പണിക്കവീട്ടിൽ

രാത്രിയാകുന്നു…ഘടികാരം നോക്കൂ.. സമയമെത്രയായ്….
ഇനിയെത്ര ദൂരമെന്നറിയാതെ
തുടരുന്നു നമ്മളീ യാത്ര..

വെറുതെ ഇരിക്കുമ്പോൾ
ഉൾത്തടം നനയ്ക്കുന്ന സ്മൃതിയുടെ
നനഞ്ഞ ചിറകടിയൊച്ച നീ കേട്ടുവോ

കൗമാരച്ചോട്ടിൽ കൊഴിഞ്ഞുവീണോരാ
കുസൃതി പൂക്കൾക്കിടയിൽ നിന്നൊരു ഗദ്ഗദം കേട്ടുവോ..നീ

യൗവനം കുടമാറ്റം നടത്തിയ പൂരപ്പറമ്പിൽ നിന്നൊരു
മുറവിളി നീ കേട്ടുവോ
ഇടഞ്ഞ കൊമ്പൻ ചിന്നം വിളിച്ചു
കോരിയെറിഞ്ഞ ജീവിതം
നടുവൊടിഞ്ഞു തളർന്നു കിടക്കുന്നത് നീ കണ്ടുവോ

പോക്കുവെയിൽ പൊത്തിലൊരു വേഴാമ്പൽ കേഴുന്നതു കേട്ടുവോ
പരാശ്രയത്തിന്റെ പരുക്കൻ പാതയിൽ മുറിവേറ്റ കാൽപാദങ്ങൾ നീ കണ്ടുവോ
ഏകാകിയുടെ തോളിൽ തൂങ്ങും
രോഗപീഡകളുടെ മാറാപ്പു നീ കണ്ടുവോ
വഴിയിൽ പതിയിരിക്കുന്ന ദുർവിധിയെ കണ്ടു ഭയന്ന
പഥികന്റെ  ദീനരോദനം നീ കേട്ടുവോ..

ചോരതുപ്പിയൊടുങ്ങുന്ന സന്ധ്യതൻ
വിളറിയ മുഖം പടിഞ്ഞാറു നീ കണ്ടുവോ
ഇരുൾമൂടും ഇടവഴിയിൽ
ഇന്നലെകളുടെ ദുർഭൂതങ്ങളെ കണ്ടുവോ

ദൂരെ എവിടെയോ ഒരു കാലൻകോഴി കൂകുന്നതു നീ കേട്ടുവോ…

ഘടികാരം നോക്കൂ.. സമയമെത്രയായ്….
ഇനി എത്ര ദൂരമുണ്ടെന്നറിയില്ലല്ലോ

Leave a Comment

More News