മനുഷ്യക്കടത്തും ചൂഷണവും; മൂന്ന് വിദേശികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മനുഷ്യക്കടത്തും ചൂഷണവും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ എട്ടിനാണ് പ്രത്യേക ഓപ്പറേഷനിലൂടെ ഇവരെ പിടികൂടിയത്. രാജ്യത്തെ മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ ബംഗ്ലാദേശ്, യെമൻ സ്വദേശികളാണെന്നാണ് റിപ്പോർട്ട്.

സ്ത്രീകളെയും കുട്ടികളെയും ഇവര്‍ ചൂഷണം ചെയ്തിരുന്നതായി അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇരകളെ റിയാദ് നഗരത്തിലെ പൊതുസ്ഥലങ്ങളിലും വിവിധ തെരുവുകളിലും നിർബന്ധിച്ച് ഭിക്ഷാടനത്തിന് നിയോഗിക്കുകയും അതിലൂടെ അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. റിയാദ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെയാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിച്ചത്.

അറസ്റ്റിന് പിന്നാലെ മൂന്നു പേര്‍ക്കുമെതിരെ നിയമനടപടികൾ ആരംഭിക്കുകയും തുടർ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കുറ്റവാളികളെ പിടികൂടുന്നതോടൊപ്പം ചൂഷണത്തിന് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും പോലീസ് അധികൃതർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഇരകൾക്ക് ആവശ്യമായ മാനുഷിക സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും ഇല്ലാതാക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നത്. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത തൊഴിൽ അവസാനിപ്പിക്കുന്നതിനുള്ള ദേശീയ നയം നടപ്പാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകിവരികയാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിനുമായി സൗദി സർക്കാർ കർശനമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.

Leave a Comment

More News