ഗൂഗിൾ മുതൽ ഓപ്പൺഎഐയും xAIയും വരെ ഒരേ വേദിയിൽ; അത്യാധുനിക എഐ മോഡലുകൾക്ക് ആഭ്യന്തര നിയന്ത്രണം, സ്വതന്ത്ര ഓഡിറ്റ്, ബോർഡ് മേൽനോട്ടം — ഇപ്പോൾ സ്വമേധയാ, ഭാവിയിൽ നിയമമായേക്കാം
വാഷിംഗ്ടൺ: അതിവേഗം ശക്തിപ്രാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെ എത്രത്തോളം നിരീക്ഷിക്കണം എന്ന ആഗോള ചർച്ചകൾക്കിടെ നിർണായക നീക്കവുമായി അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആറ് പ്രമുഖ ടെക് കമ്പനികളുടെ നേതാക്കളും അത്യാധുനിക എഐ മോഡലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാല് പാളികളുള്ള നിയന്ത്രണ-ഓഡിറ്റ് സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാർ പുറത്തുവന്നത്.
‘Joint Commitment on Frontier Responsibilities’ എന്ന പേരിലുള്ള കരാർ, അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്ന കമ്പനികൾ സുരക്ഷാ ഉത്തരവാദിത്തം കൂടുതൽ ശക്തമാക്കണമെന്നാണ് നിർദേശിക്കുന്നത്. നിലവിൽ ഇത് നിയമപരമായി നിർബന്ധിതമായ ചട്ടമല്ല; കമ്പനികൾ സ്വമേധയാ പാലിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിബദ്ധതയാണ്. ട്രംപ് ഇതിനെ ‘morally binding’ എന്ന രീതിയിലാണ് വിശേഷിപ്പിച്ചത്.
എഐ കമ്പനികൾ സ്വന്തം സാങ്കേതികവിദ്യയെ ശക്തമായി നിരീക്ഷിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയാൽ വേഗത്തിൽ പരിഹരിക്കുകയും വേണമെന്ന ആശയമാണ് കരാറിന്റെ കേന്ദ്ര ബിന്ദു.
ഗൂഗിള് മേധാവി സുന്ദർ പിച്ചൈ, അന്ത്രൊപിക് സിഇഒ ഡാരിയോ അമോഡെ, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഓപ്പണ് എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ, എക്സ്എഐ സ്ഥാപകൻ ഇലോൺ മസ്ക്, എന്വിഡിയ (NVIDIA) സിഇഒ ജെൻസൻ ഹുവാങ് എന്നിവരാണ് ട്രംപിനൊപ്പം കരാറിൽ ഒപ്പു വെച്ച പ്രമുഖർ.
ഒന്നാം പാളി: കമ്പനിക്കുള്ളിൽ തന്നെ ശക്തമായ നിയന്ത്രണം
എഐ മോഡലുകൾ പരിശീലിപ്പിക്കുന്ന ഘട്ടം മുതൽ പൊതുജനങ്ങൾക്കായി വിന്യസിക്കുന്നതുവരെ അവയുടെ കഴിവുകളും പെരുമാറ്റവും കമ്പനികൾ തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് ആദ്യ വ്യവസ്ഥ.
പ്രത്യേകിച്ച് സൈബർ സുരക്ഷ, ബയോസെക്യൂരിറ്റി, രാസഭീഷണികൾ തുടങ്ങിയ മേഖലകളിൽ മോഡലുകൾ അപകടകരമായ ശേഷി കൈവരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സാങ്കേതിക സംവിധാനങ്ങളിലേക്ക് ഉദ്ദേശിക്കാത്ത രീതിയിൽ പ്രവേശിക്കുകയോ ഹാക്കിങ് പോലുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയോ ചെയ്യുന്ന സാഹചര്യം തടയാനുള്ള സംവിധാനങ്ങളും വേണം.
രണ്ടാം പാളി: പ്രത്യേക ആഭ്യന്തര സുരക്ഷാ സംഘം
നിയന്ത്രണങ്ങളും നിരീക്ഷണ സംവിധാനങ്ങളും യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഓരോ കമ്പനിയും പ്രത്യേക ആഭ്യന്തര സംഘത്തെ ചുമതലപ്പെടുത്തണം.
സുരക്ഷാ വീഴ്ചയോ സാങ്കേതിക പ്രശ്നമോ കണ്ടെത്തിയാൽ അത് രേഖപ്പെടുത്തുകയും സമയബന്ധിതമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തവും ഈ സംഘത്തിനായിരിക്കും.
മൂന്നാം പാളി: സ്വതന്ത്ര ബാഹ്യ ഓഡിറ്റ്
കമ്പനിയുടെ സ്വന്തം പരിശോധനയിൽ മാത്രം സുരക്ഷ ഒതുങ്ങരുതെന്നതാണ് മൂന്നാമത്തെ വ്യവസ്ഥ. സ്വതന്ത്ര ബാഹ്യ ഓഡിറ്ററെയോ മൂല്യനിർണയ സ്ഥാപനത്തെയോ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കണം.
ആഭ്യന്തര നിയന്ത്രണങ്ങളും നിരീക്ഷണ-കണ്ടെത്തൽ സംവിധാനങ്ങളും പ്രഖ്യാപിച്ചതുപോലെ പ്രവർത്തിക്കുന്നുണ്ടോയെന്ന് സ്വതന്ത്രമായി വിലയിരുത്തുകയാണ് ലക്ഷ്യം.
നാലാം പാളി: ബോർഡ് തലത്തിൽ സ്വതന്ത്ര മേൽനോട്ടം
അവസാനഘട്ടത്തിൽ ഉത്തരവാദിത്തം കമ്പനികളുടെ ഡയറക്ടർ ബോർഡിലേക്കും എത്തും. ഓരോ കമ്പനിയുടെയും ബോർഡിനുള്ളിൽ സ്വതന്ത്ര മേൽനോട്ട കമ്മിറ്റി വേണമെന്നാണ് കരാർ നിർദേശിക്കുന്നത്.
ആഭ്യന്തര സുരക്ഷാ സംഘങ്ങളിൽ നിന്നും ബാഹ്യ ഓഡിറ്റർമാരിൽ നിന്നും റിപ്പോർട്ടുകൾ സ്വീകരിക്കുന്ന കമ്മിറ്റി, കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കണം. ഇതിലൂടെ എഐ സുരക്ഷ സാങ്കേതിക വിഭാഗത്തിന്റെ മാത്രം വിഷയമല്ലാതെ കമ്പനിയുടെ ഉന്നത ഭരണതലത്തിലുള്ള ഉത്തരവാദിത്തമായി മാറും.
എഐ മോഡലുകളുടെ ശേഷി വർധിക്കുന്നതിനനുസരിച്ച് പുതിയ അപകടസാധ്യതകളും ഉയർന്നേക്കാമെന്നതിനാൽ, സുരക്ഷാ മാനദണ്ഡങ്ങളും മികച്ച പ്രവർത്തനരീതികളും വികസിപ്പിക്കാൻ കമ്പനികൾ പതിവായി കൂടിക്കാഴ്ച നടത്താനും കരാറിൽ ധാരണയായിട്ടുണ്ട്.
കരാറിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം അതിന്റെ നിലവിലെ നിയമപരമായ സ്വഭാവമാണ്. ഇത് ഫെഡറൽ നിയമമോ നിർബന്ധിത സർക്കാർ നിയന്ത്രണമോ അല്ല. ലംഘിച്ചാൽ എന്ത് ശിക്ഷയുണ്ടാകുമെന്നതും കരാറിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഇപ്പോഴത്തെ സംവിധാനം പ്രധാനമായും കമ്പനികളുടെ സ്വയംനിയന്ത്രണത്തെ ആശ്രയിക്കുന്നതാണ്.
എന്നാൽ, എഐ സാങ്കേതിക വിദ്യ കൂടുതൽ ശക്തമാകുന്നതിനനുസരിച്ച് ഈ സുരക്ഷാ നടപടികളിൽ ചിലത് ഭാവിയിൽ നിയമങ്ങളിലേക്കോ ഔദ്യോഗിക നിയന്ത്രണങ്ങളിലേക്കോ ഉൾപ്പെടുത്തുന്നത് ഉചിതമായേക്കാമെന്ന് കരാർ അംഗീകരിക്കുന്നു.
ഇതോടെ എഐ വികസനത്തെ പൂർണമായി തടയാതെ തന്നെ, കമ്പനികളുടെ ആഭ്യന്തര നിയന്ത്രണം, സ്വതന്ത്ര പരിശോധന, ബോർഡ് തല ഉത്തരവാദിത്തം എന്നീ ഘടകങ്ങൾ കൂട്ടിച്ചേർത്ത് സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ മാതൃകയാണ് വൈറ്റ് ഹൗസ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ സ്വമേധയാ നടപ്പാക്കുന്ന ഈ സംവിധാനം എത്രത്തോളം ഫലപ്രദമാകും എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം.
