ചിലരുടെ ബോക്സിൽ ഐഫോൺ, മറ്റുള്ളവരുടേതിൽ ചോക്ലേറ്റ്; മുഖം മങ്ങിയവർക്ക് പിന്നാലെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്, വൈറലായി കമ്പനിയുടെ സമ്മാന വിതരണം

ജീവനക്കാർക്ക് സമ്മാനപ്പെട്ടികൾ നൽകി ആദ്യം ആകാംക്ഷയും പിന്നീട് ചിലർക്ക് നിരാശയും സമ്മാനിച്ച യുഎഇ കമ്പനി, ഒടുവിൽ എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചു. ചോക്ലേറ്റ് മാത്രം ലഭിച്ചെന്ന് കരുതിയ ജീവനക്കാരുടെ കൈകളിലേക്കും ഐഫോൺ എത്തിയതോടെ ഓഫീസ് ആഘോഷവേദിയായി.
യുഎഇ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ വ്യത്യസ്തമായ സമ്മാനവിതരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജീവനക്കാർക്ക് മുന്നിൽ നിരവധി സമ്മാനപ്പെട്ടികൾ നിരത്തിവെച്ച് ഓരോരുത്തരോടും ഓരോ ബോക്സ് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബോക്സിനുള്ളിൽ എന്താണെന്ന് ജീവനക്കാർക്ക് മുൻകൂട്ടി അറിയില്ലായിരുന്നു. ആവേശത്തോടെ പെട്ടികൾ തുറന്നപ്പോൾ ചിലരുടെ കൈകളിലെത്തിയത് പുതിയ ഐഫോണുകൾ. എന്നാൽ മറ്റു ചിലരുടെ ബോക്സുകളിൽ ഉണ്ടായിരുന്നത് ചോക്ലേറ്റുകൾ മാത്രം.
ഐഫോൺ ലഭിച്ചവരുടെ മുഖത്ത് സന്തോഷം നിറഞ്ഞപ്പോൾ ചോക്ലേറ്റ് ലഭിച്ച ചില ജീവനക്കാരുടെ മുഖത്ത് നേരിയ നിരാശ പ്രകടമായിരുന്നു. വീഡിയോയിലും ഈ വ്യത്യസ്ത പ്രതികരണങ്ങൾ വ്യക്തമായി കാണാം. എന്നാൽ, കമ്പനിയുടെ യഥാർത്ഥ സർപ്രൈസ് അതിന് ശേഷമായിരുന്നു.
നിമിഷങ്ങൾക്കകം കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഹസീന നിഷാദ് ചോക്ലേറ്റ് ലഭിച്ച ജീവനക്കാരുടെ അടുത്തേക്ക് നേരിട്ടെത്തി. തുടർന്ന് ഓരോരുത്തർക്കും പുതിയ ഐഫോണുകൾ സമ്മാനിച്ചു. അപ്രതീക്ഷിതമായി ഐഫോൺ കൈയിലെത്തിയതോടെ ജീവനക്കാരുടെ നിരാശ ആവേശത്തിനും ആഹ്ലാദത്തിനും വഴിമാറി. കരഘോഷവും പുഞ്ചിരിയും നിറഞ്ഞ ആഘോഷാന്തരീക്ഷമായി ഓഫീസ് മാറി.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ സ്ഥാപനമായ വേൾഡ് സ്റ്റാർ മാൻപവറുമായി ബന്ധപ്പെട്ടതാണ് സംഭവം. കമ്പനിയുടെ സ്ഥാപകൻ നിഷാദ് ഹുസൈനും ഭാര്യയും മാനേജിംഗ് ഡയറക്ടറുമായ ഹസീന നിഷാദും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും കമ്പനിയുടെ സമ്മാനവിതരണ രീതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
വീഡിയോയ്‌ക്കൊപ്പം ജീവനക്കാരുടെ പങ്കിനെക്കുറിച്ച് ഹസീന നിഷാദ് വൈകാരികമായ കുറിപ്പും പങ്കുവച്ചു. ഒരു സ്ഥാപനത്തിന്റെ യഥാർത്ഥ വിജയം ജീവനക്കാരുടെ കഠിനാധ്വാനം, പോസിറ്റീവ് സമീപനം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഫലമാണെന്നായിരുന്നു സന്ദേശത്തിന്റെ സാരം. സ്വന്തം കഴിവുകളിൽ വിശ്വാസം പുലർത്താനും വളർച്ചയ്ക്കായി ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ജീവനക്കാരെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജീവനക്കാരുടെ മികച്ച പ്രകടനത്തെയും സ്ഥാപനത്തോടുള്ള പ്രതിബദ്ധതയെയും അംഗീകരിക്കുന്നതിനായി വിലയേറിയ സമ്മാനങ്ങൾ നൽകുന്ന രീതി വിവിധ കമ്പനികൾ സ്വീകരിക്കാറുണ്ട്. എന്നാൽ ആദ്യം ചോക്ലേറ്റ് നൽകി ചെറിയൊരു നിരാശ സൃഷ്ടിച്ച ശേഷം അതേ ജീവനക്കാരെ ഐഫോൺ നൽകി അമ്പരപ്പിച്ച ഈ വ്യത്യസ്ത സമ്മാനരീതി തന്നെയാണ് വീഡിയോയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കിയത്.
