കെഎസ്ആർടിസിക്ക് പുതുജീവൻ; എംഎൽഎ ഫണ്ടിൽ നിന്ന് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി

ഒരു എംഎൽഎയ്ക്ക് പരമാവധി മൂന്ന് ബസുകൾ; 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പായാൽ നൂറു കണക്കിന് പുതിയ ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎൽഎമാരുടെ മണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി.

2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു എംഎൽഎയ്ക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനായി ഫണ്ട് വിനിയോഗിക്കാം. ധനകാര്യ വകുപ്പ് നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക.

നിലവിൽ കെഎസ്ആർടിസിയുടെ വിവിധ റൂട്ടുകളിൽ പഴക്കം ചെന്നതും മാറ്റിസ്ഥാപിക്കേണ്ടതുമായ നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി ചെലവ് വർധിക്കുന്നതിനൊപ്പം സർവീസുകളുടെ കാര്യക്ഷമതയെയും യാത്രക്കാരുടെ സൗകര്യത്തെയും ഇത് ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തിക്കാനുള്ള നീക്കം.

വാങ്ങുന്ന ബസുകളുടെ സീറ്റിംഗ് ശേഷി, ബോഡി മാതൃക, ഇന്ധന വിഭാഗം തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ കെഎസ്ആർടിസിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമമായി തീരുമാനിക്കുക. ഓരോ മണ്ഡലത്തിലും ബസുകൾ അനുവദിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം, നിലവിലുള്ള പൊതുഗതാഗത സൗകര്യങ്ങൾ, സമീപ പ്രദേശങ്ങളിലെ യാത്രാവശ്യകത എന്നിവ പരിഗണിച്ച് സർവീസ് റൂട്ടുകൾ നിശ്ചയിക്കും.

ബസിന്റെ വിലയ്ക്കൊപ്പം നികുതി, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ അനുബന്ധ ചെലവുകളും ഉൾപ്പെടുത്തിയ വിശദമായ പട്ടിക സെപ്റ്റംബർ 30നകം എംഎൽഎമാർ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി പൂർണതോതിൽ നടപ്പാക്കിയാൽ പരമാവധി 420 ബസുകൾ വരെ വാങ്ങാൻ സാധിക്കും. എന്നാൽ യഥാർത്ഥത്തിൽ എത്ര ബസുകൾ വാങ്ങുമെന്നത് എംഎൽഎമാർ അനുവദിക്കുന്ന ഫണ്ടിനെയും പദ്ധതികളുടെ അംഗീകാരത്തെയും ആശ്രയിച്ചിരിക്കും.

പഴക്കംചെന്ന ബസുകൾ ഘട്ടംഘട്ടമായി മാറ്റി പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിലൂടെ കെഎസ്ആർടിസി സർവീസുകളുടെ നിലവാരം ഉയർത്താനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനം ഒരുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Comment

More News