യുഎഇയിൽ ഇനി എല്ലാ വർഷവും ജനുവരി 7 ‘സായിദ് സ്ഥാപക ദിനം’; ആദ്യാഘോഷം 2027ൽ

അബുദാബി: യുഎഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മഹത്തായ ജീവിതവും ദീർഘവീക്ഷണവും രാഷ്ട്രനിർമാണത്തിലെ സമാനതകളില്ലാത്ത സംഭാവനകളും അനുസ്മരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 7 ‘സായിദ് സ്ഥാപക ദിനം’ ആയി ആചരിക്കാൻ തീരുമാനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ ദേശീയ അനുസ്മരണ ദിനം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ സായിദ് സ്ഥാപക ദിനാചരണം 2027 ജനുവരി 7ന് നടക്കും.

യുഎഇയെ ലോകത്തിലെ ഏറ്റവും വികസിതവും സമൃദ്ധവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിന് അടിത്തറ പാകിയ ഷെയ്ഖ് സായിദിന്റെ ജീവിതദർശനവും ഭരണനേതൃത്വവും വരുംതലമുറകൾക്ക് പരിചയപ്പെടുത്തുകയാണ് പുതിയ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ ഐക്യം, സഹിഷ്ണുത, മാനവികത, ഉദാരത, സാമൂഹിക പുരോഗതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകും.

ജനുവരി 7 എന്ന തീയതി തിരഞ്ഞെടുത്തതിന് പിന്നിലും പ്രത്യേക പ്രതീകാത്മകതയുണ്ട്. തീയതിയിലെ ഏഴ് എന്ന സംഖ്യ യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്നു. ‘01’ എന്നത് 1971ൽ യുഎഇ ഫെഡറേഷൻ രൂപീകരിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്നതായാണ് വിശദീകരണം. രാജ്യത്തിന്റെ ചരിത്രവും ഐക്യവും സ്ഥാപക പിതാവിന്റെ ദർശനവും ഒരേസമയം ഓർമപ്പെടുത്തുന്ന തരത്തിലാണ് ദിനം നിശ്ചയിച്ചിരിക്കുന്നത്.

സായിദ് സ്ഥാപക ദിനം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമമായ എക്സിൽ പ്രത്യേക സന്ദേശവും പങ്കുവച്ചു. ഷെയ്ഖ് സായിദിന്റെ ഓർമകളും മൂല്യങ്ങളും യുഎഇ ജനതയുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം, അതിരുകളില്ലാത്ത ഔദാര്യം, മനുഷ്യസ്നേഹം, ജനക്ഷേമത്തിനായുള്ള സമർപ്പണം എന്നിവയാണ് ഷെയ്ഖ് സായിദിന്റെ മഹത്തായ പൈതൃകത്തിന്റെ അടിത്തറയെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഷെയ്ഖ് സായിദ് പകർന്നുനൽകിയ മൂല്യങ്ങൾ കേവലം ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാതെ ദൈനംദിന ജീവിതത്തിലും രാജ്യത്തിന്റെ ഭാവിവികസനത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന സന്ദേശവും പുതിയ ദിനാചരണം മുന്നോട്ടുവയ്ക്കുന്നു.

സ്ഥാപക ഓഫീസിന്റെ അഭ്യർഥനയെ തുടർന്നാണ് സായിദ് സ്ഥാപക ദിനം ആചരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒരു ദിവസത്തെ അനുസ്മരണ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഈ സംരംഭം. പകരം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക, ഗവേഷണ, സാമൂഹിക പരിപാടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങും.

വിദ്യാലയങ്ങൾ, സർവകലാശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഷെയ്ഖ് സായിദിന്റെ ജീവിതവും രാഷ്ട്രനിർമാണത്തിലെ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനൊപ്പം ദേശീയ ഐക്യവും സാമൂഹിക ഉത്തരവാദിത്വബോധവും ശക്തിപ്പെടുത്താനും ദിനാചരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

1971 ഡിസംബർ രണ്ടിന് യുഎഇ ഫെഡറേഷൻ രൂപീകരിക്കുന്നതിൽ നിർണായക നേതൃത്വം വഹിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. വിവിധ എമിറേറ്റുകളെ ഒരൊറ്റ ദേശീയ സംവിധാനത്തിന് കീഴിൽ ഒന്നിപ്പിക്കുകയും ആധുനിക യുഎഇയുടെ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, അന്താരാഷ്ട്ര മാനുഷിക സഹായം തുടങ്ങിയ മേഖലകളിൽ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളാണ് ആധുനിക യുഎഇയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്.

പുതിയ ദേശീയ അനുസ്മരണ ദിനം പ്രഖ്യാപിച്ചതിനെ യുഎഇയിലെ പ്രമുഖ ഭരണാധികാരികളും ഉന്നത നേതാക്കളും സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും പ്രഖ്യാപനത്തിന് ലഭിച്ചു.

ഷെയ്ഖ് സായിദിന്റെ ഓർമകളെ ആദരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ദർശനവും മാനവിക മൂല്യങ്ങളും ഭാവിതലമുറകളിലേക്ക് കൈമാറുന്ന ദേശീയ വേദിയായി സായിദ് സ്ഥാപക ദിനം മാറുമെന്നാണ് വിലയിരുത്തൽ. യുഎഇയുടെ ഐക്യത്തിന്റെയും വികസനത്തിന്റെയും ചരിത്രം പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന സുപ്രധാന ദിനമായിരിക്കും ഇനി ഓരോ ജനുവരി ഏഴും.

Leave a Comment

Related posts