സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ബില്ലിംഗിലെ സുതാര്യതക്കുറവും നിയന്ത്രിക്കാൻ നാലംഗ ഉന്നതതല സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

മരുന്നുവില മുതൽ പരിശോധനാ നിരക്കും മുറിവാടകയും വരെ പരിശോധിക്കും; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ ഉന്നതതല സമിതി

Medical bill concept on blue background, hospital payment and health care cost

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ബില്ലിംഗിലെ സുതാര്യതക്കുറവും നിയന്ത്രിക്കാൻ നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. മരുന്നുവില, പരിശോധനാ നിരക്കുകൾ, മുറിവാടക, വിവിധ ചികിത്സാ നടപടികളുടെ ചെലവ് എന്നിവ പരിശോധിച്ച് നിയന്ത്രണ സംവിധാനം രൂപപ്പെടുത്തുന്നതിനായി നാലംഗ ഉന്നതതല സമിതി രൂപീകരിക്കും.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. നിയമസഭയിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്വകാര്യ ആശുപത്രി മേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും സമിതി ചർച്ച നടത്തും.

സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം ചികിത്സാച്ചെലവിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രോഗിക്ക് ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് അറിയിക്കുക, വിശദമായ ബിൽ നൽകുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്.

ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ വിലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനുള്ള മാർഗങ്ങൾ സമിതി പരിശോധിക്കും. പരമാവധി ചില്ലറവിലയായ എംആർപിയേക്കാൾ കുറഞ്ഞ നിരക്കിൽ രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കും.

ഡയഗ്നോസ്റ്റിക് പരിശോധനകൾ, സി.ടി., എംആർഐ സ്കാനുകൾ, വിവിധ ശസ്ത്രക്രിയകൾ, ചികിത്സാ നടപടികൾ എന്നിവയ്ക്കായി ഈടാക്കുന്ന നിരക്കുകളും സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും.

മുറിവാടകയും അവലോകനം ചെയ്യും. ജനറൽ വാർഡുകൾക്കും സാധാരണ മുറികൾക്കും ഈടാക്കുന്ന നിരക്കുകൾ കുറയ്ക്കാനാകുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക.

ചികിത്സാച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും സമിതി പരിശോധിക്കും. സർക്കാർ സ്ഥാപനമായ കെഎംഎസ്‌സിഎൽ വഴി സ്വകാര്യ ആശുപത്രികൾക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്.

ചികിത്സയിലെ പിഴവുകൾ, സേവനത്തിലെ പോരായ്മകൾ തുടങ്ങിയ പരാതികളും പരിശോധിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാനും സമിതിക്ക് നിർദേശമുണ്ട്. ചികിത്സയുടെ ഗുണനിലവാരം, സേവനലഭ്യത, സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകുക.

Leave a Comment

More News