മാ! നിഷാദ (കവിത): ജയൻ വർഗീസ്

കവിയുടെ മനസ്സിൽ
ക്രൗഞ്ചപ്പക്ഷികൾ
കുറുകി ചുണ്ടുകൾ
തഴുകുമ്പോൾ,

പ്രണയാതുരമൊരു
സ്വർഗ്ഗം മണ്ണിൽ
ചിറകു വിരിച്ചത്
കവിതകളായ് !

ഒരു കാട്ടാള
ശരത്തിൽ മരണ
പിടയലിൽ വേദന –
യൊഴുകുമ്പോൾ,

കവിതയോരുജ്ജ്വല
മുനി ശാപത്തിൻ
മുനകളിൽ നീറി –
പ്പടരുകയായ് !

“അരുത് നിഷാദാ
നിന്റെ ശരങ്ങൾ
ക്കരുളുക ശാന്തി
പ്പുളകങ്ങൾ ,

ഉരുക്കി യുണ്മയിൽ
ഉടച്ചു വാർക്കുക
കൊഴുക്കൾ മണ്ണിൻ
പ്രണവങ്ങൾ !

Leave a Comment

More News