കളകളുടെ ഗാനം (കവിത): പിന്റോ കണ്ണംപള്ളി

നിന്റെ വാക്കുകൾ ഞാൻ കേട്ടു- അവയിൽ ചോദ്യങ്ങളുണ്ടായിരുന്നു; പക്ഷേ അന്വേഷണത്തിന്റെ വെളിച്ചമില്ലായിരുന്നു. അവയിൽ വിമർശനമുണ്ടായിരുന്നു; പക്ഷേ വിവേകത്തിന്റെ കരുതലില്ലായിരുന്നു. അവയിൽ ശബ്ദമുണ്ടായിരുന്നു; പക്ഷേ സത്യത്തിന്റെ സംഗീതമില്ലായിരുന്നു. നിന്റെ വാക്കുകൾ ഞാൻ വായിച്ചു, ഒരു പഴയ കഥയുടെ പ്രതിധ്വനിയെന്നു കരുതി; പക്ഷേ അപ്പോൾ ഓർമ്മയായി— ഈ ലോകത്ത് ഒരു കഥയും മറ്റൊന്നിന്റെ നിഴൽ മാത്രമല്ല. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം നമ്മോടൊപ്പം നടക്കുന്നു; അതിലെ ആശയങ്ങളും സ്വപ്നങ്ങളും പല രൂപങ്ങളിൽ വീണ്ടും ജനിക്കുന്നു. ഒരു നദി സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ, അനുഭവങ്ങൾ സാഹിത്യത്തിലേക്ക് ഒഴുകുന്നു; പക്ഷേ ഓരോ നദിക്കും സ്വന്തം വഴിയും സ്വരവും ഉണ്ട്. സഹോദരാ, സാമ്യം കാണുന്നത് എളുപ്പമാണ്; എന്നാൽ ഓരോ സൃഷ്ടിയുടെയും ഉള്ളിൽ ഒരു വ്യത്യസ്ത ഹൃദയമിടിപ്പ് ഉണ്ട്. ഒരേ ആകാശം നോക്കിയാലും രണ്ടു കവികൾ ഒരേ കവിത എഴുതില്ല; ഒരേ മഴ നനഞ്ഞാലും രണ്ടു മനസ്സുകൾ ഒരേ…

അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്

കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘർഷണങ്ങൾ തൂവിയ ദ്രവ്യ, സമയ, യൂർജ്ജങ്ങളിൽ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകൾ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേർപെട്ട കേവല തുള്ളി നിൻ വർത്തമാനം. നാളെ മടങ്ങാൻ വിളി വരുമ്പോൾ പിന്നെ നീയില്ല നീയും മഹാസമുദ്രം ! സാരമില്ലൊന്നും നശിക്കുന്നതില്ലയീ രൂപ മാറ്റത്തിന്റെ നാളെകളിൽ കേവല തുള്ളി – യലിഞ്ഞ സമുദ്രമായ് നാമും പ്രപഞ്ചത്തിൽ എന്നുമെന്നും !

എന്റെ കേരളം (വി.ഡി.എസ്. സർക്കാരിന് ഒരു അനുമോദന ഗാനം) : ജയൻ വർഗീസ്

തൂവാനത്തുമ്പികളേ, തുയിലുണരൂ …, തുയിലുണരൂ ! വരവായീ…. വരവായീ വസന്ത നർത്തകികൾ, വരവായീ ….വരവായീ സ്വതന്ത്ര ജന ഭരണം ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും പെരിയാറും പാടും നാട് ! വരി നെല്ലിൻ മണി കൊത്തി കുരുവികളീ ഗഗനത്തിൽ വരയായി, ത്തിരയായി – ട്ടൊഴുകും നാട് – എന്റെ കരളിന്റെ കുളിരായ തിരു മലയാളം ! അടിമകളായ് കഴുതകളായ്‌ അവകാശ ക്കനലുകളിൽ അടിപതറി തലമുറ വീ – ണടിയും നാട് എന്റെ ചുടുകണ്ണീരതിൽ വീണി – ട്ടേരിയും നാട് ! ഈ മണ്ണിൽ ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ ഒരു നവയുഗ ഭരണത്തിൻ കുളിരായ് വായോ എന്റെ കരളിന്റെ കനവിന്റെ കതിരായ് വായോ ! (തൂവാന…)

അമ്മയെന്ന ദൈവം (മോൻസി കൊടുമൺ)

അമ്മയെന്ന രണ്ടക്ഷരം മനസ്സിൽ നിറയുമ്പോ- ളോർക്കുന്നു ഞാനിന്നെൻ ബാല്യകാലം താരാട്ടു പാട്ടിൻ ഈണമിപ്പോഴും നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ – മാറോട് ചേർത്തു പുൽകികിടത്തി താരാട്ടു പാടി യുറക്കിയില്ലേ ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും ഇന്നു നീ യെന്നരികി ലില്ലെങ്കിലും ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ ഒരോ ആപത്തിലും കാത്തിടുന്നു

മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ

ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ” സാരമില്ല എനിക്കാടുന്ന കസേരയാണിഷ്ടം കാലു വാരുവാൻ എളുപ്പവുമാണല്ലോ ഇണങ്ങിയും പിണങ്ങിയും വളർന്നും പിളർന്നും പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു. വോട്ടു ചെയ്ത ജനമോ വെറും കഴുതകളാകുമ്പോൾ മറ്റൊരു വെള്ളക്കഴുകൻ കൂർത്ത നഖങ്ങളുമായി വാനത്തേരിൽ താഴ്‌ന്നിറങ്ങി ജനമോ വീണ്ടും മരക്കഴുതകൾ

അമ്മയെവിടെ? (മദേഴ്‌സ് ഡേ കവിത): ജയൻ വർഗീസ്

“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയിൽ വീണ്ടും കുളിർ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്നേഹമാം ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ ! അമ്മയെവിടെ.…എൻ അമ്മയെവിടെ ? x. x. x. x.xxxxxx മണ്ണിലുറങ്ങുമീ വേദനകൾ കണ്ണിൽ കണ്ണ് നീരാവുന്ന യാതനകൾ. മാതാ പിതാക്കളെ, വാത്സല്യ സാഗര മാതാ മഹികളേ, സ്നേഹക്കുടങ്ങളെ, ഒപ്പം നടന്നു വഴി പിരിഞ്ഞക്കരെ യെത്തിയ സ്വ സഹ ജീവഭാഗങ്ങളെ, സത്യ സതീർത്യരെ, മിത്രങ്ങളെ, ഗുരു സത്തമന്മാരെ വിളക്ക് മരങ്ങളെ, നിങ്ങളെ നെഞ്ചിൽ വഹിച്ചു കൊണ്ടാണെന്റെ മംഗള യാത്രയീ കാല വഴികളിൽ ! ഒന്നൊരിക്കൽക്കൂടി വന്നീടുമോ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിന്നീടുമോ?…

മതി (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

‘മതി’ എന്നൊരുവട്ടം പൂർണ്ണമനസ്സോടൊരു മനുഷ്യൻ ചൊല്ലുന്നതു ഭക്ഷണത്തിനു മാത്രം! മറ്റെന്തു കൊടുത്താലും പണമാകട്ടെ, അല്ല വസ്തുവാകട്ടെ തെല്ലും സംതൃപ്തി കാട്ടാറില്ല! മുഖത്തിൽ അത്യാർത്തിയും, അസംതൃപ്തിയും എന്തോ ദുഃഖവും നിരാശയും പ്രകടം പ്രത്യക്ഷമായ്! മനുഷ്യ ബന്ധങ്ങൾക്കി, ല്ലിതിനപ്പുറം വില മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നു നിത്യം! മണ്ണിനായ്, പണത്തിനായ്, മറ്റോരോ വസ്തുക്കൾക്കായ് മനുഷ്യൻ ദിനരാത്രം മല്ലടിക്കുന്നു തമ്മിൽ! മറക്കുന്നവൻ ഒരു നഗ്ന സത്യമീ ഭൂവിൽ ആർക്കും മറയ്ക്കാനാവാത്തൊരു മുഖ്യമാം പരമാർത്ഥം: ഇരു കൈകളും വീശി വന്നു നാം അതു പോലെ ഇരു കൈകളും വീശി മടങ്ങുമൊരു ദിനം! നേടിയതെല്ലാം തെല്ലും നിനയ്ക്കാ നിമിഷത്തിൽ ഇട്ടിട്ടു വെറും കയ്യോടെല്ലയോ മടങ്ങണം? പിന്നെന്തിനമിതമാം ആശകൾ വളർത്തണം പിന്നെന്തിനെല്ലാത്തിനും അത്യാർത്തി കാണിക്കണം? ആശകൾ, പ്രതീക്ഷകൾ മിതമായ് വളർത്തുകിൽ ആനന്ദ മയമാക്കാം ശാന്ത ജീവിതം നേടാം! കോടികൾ കൊടുത്താലും ആനന്ദം ലഭിക്കില്ല കടയിൽ പോയാർക്കുമേ വാങ്ങാനും…

മഴ മധുരിമ (കവിത): ജയൻ വർഗീസ്

മേടക്കാറ്റിന്‌ നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര്‌ ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ അണയുമൊ പിടയുമെൻ സവിധങ്ങളിൽ ? പുതുമഴ പൂവിളി പുളകാരവം രതിയുടെ ചലനമായ്‌ ഇള മാരുതൻ വിശറിക്ക് പകരമായ് നറു ചേമ്പില പുളകങ്ങൾ പൂക്കുന്ന ലത മാനസം പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം ഇണകളിൽ നിറയുന്ന രതി മാധുര്യം. അകലത്തിൽ അലിയുന്ന മഴ മേഘമായ് പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം

പുൽക്കൊടിയുടെ ദുഃഖം (കവിത): അബ്ദുൾ പുന്നയൂർക്കുളം

വാടിക്കിടക്കുന്നു പുൽക്കൊടികൾ നിമ്‌നോന്നതമാം ധരണിയിൽ… സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..! ധരയിലെങ്ങും പ്രിയരുടെ വിലാപം… കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്, ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ! പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്- വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ മർത്ത്യരക്തം കഴുകിക്കളയാനുമായ്! തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ… മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ… പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ് ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….

ശിശിരം (കവിത): ജയൻ വർഗീസ്

പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ തുള്ളി നിൽക്കുന്നു ! അത് കാണാൻ ചെല്ലക്കാറ്റിൻ തേരിലേറി വന്നെത്തുന്നു മഴമേഘ മദനൻ തൻ വില്ലിൽ അമ്പുമായ്‌ ! ! മഴത്തുള്ളി സ്ഖലിക്കുന്ന മദപ്പാടായ് തുടുക്കുമ്പോൾ ചുവക്കുന്ന ചുണ്ടിൽ ഞാനോ – രുമ്മ വച്ചോട്ടേ ?