ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷം ഇന്ന് (ഒക്ടോബർ 27ന്)

തിരുവല്ല : ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ ) സഭയുടെ ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ വാലയിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷം ഇന്ന് (ഒക്ടോബർ 27) രാവിലെ 10ന് തോലശ്ശേരി സിഎസ്ഐ ചർച്ചിൽ നടക്കും.

സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനുമായി ബിഷപ്പ് തോമസ് സാമുവേൽ നൽകിയ നേതൃത്വം ശ്രദ്ധേയമാണ്. സ്നേഹം, കരുണ, നീതി, സേവനം എന്നീ ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ സമൂഹത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പുരാതനവും പ്രശസ്തവും ആത്മീയവും സാമൂഹികവുമായ ഒട്ടനവധി സംഭാവനകൾ നൽകി വരുന്ന വാലയിൽ കുടുംബാംഗവും തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരിയാണ് ബിഷപ്പ് തോമസ് സാമുവേൽ. കുടുംബ യോഗം പ്രസിഡന്റ് റവ. പ്രയിസ് തൈപറമ്പിൽ, സെക്രട്ടറി അലക്സ് പി തോമസ്, ട്രഷറാർ അരുൺ തോട്ടുകടവിൽ എന്നിവർ ആശംസകള്‍ നേർന്നു.

2001 മുതൽ 2011 വരെ സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ 11-ാം മത് ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു. 2001 സെപ്റ്റംബറിൽ വിരമിച്ച ബിഷപ്പ് ഡോ. സാം മാത്യുവിന് ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്.പൗരോഹിത്യത്തിൽ ദീർഘകാലം മാതൃകാപരമായ സേവനം അനുഷ്ഠിച്ച ശേഷം 2011 മാർച്ചിൽ തന്റെ 65-ാമത്തെ വയസ്സിലാണ് അദ്ദേഹം ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ചത്. നിലവിൽ സഭയിൽ ‘ബിഷപ്പ് എമെരിറ്റസ്’ പദവിയിൽ തുടരുന്ന ഏറ്റവും പ്രായം കൂടിയ മുൻ ബിഷപ്പാണ്.

ബിഷപ്പ് എന്ന നിലയിൽ അമേരിക്കയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് പുറമെ, ഗൾഫ് മേഖലകളിലെ സഭാ വളർച്ചയ്ക്കും അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 2009-ൽ ഖത്തറിലെ മെസൈമീർ (Mesaimeer) ഇന്റർ-ഡിനോമിനേഷനൽ ചർച്ച് കോംപ്ലക്സിൽ പുതുതായി നിർമ്മിച്ച സെന്റ് തോമസ് സി.എസ്.ഐ. ചർച്ചിന്റെ പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ബിഷപ്പ് തോമസ് സാമുവൽ ആയിരുന്നു. അന്നത്തെ ഇന്ത്യൻ അംബാസഡർ ദീപ ഗോപാലൻ വാധ്വ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു അത്.ബിഷപ്പ് എന്ന നിലയിൽ സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പ്രശസ്തമായ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് , കോട്ടയം സി.എം.എസ്. കോളേജ് തുടങ്ങിയ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ എക്യുമെനിക്കല്‍ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം വഹിച്ചു.

ദൈവശാസ്ത്രപരമായ സങ്കീർണ്ണതകൾ ഒഴിവാക്കി, സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം പ്രസംഗങ്ങൾ തയ്യാറാക്കുന്നത്. സഭയിലെ യുവതലമുറ ആത്മീയതയോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് അദ്ദേഹം തന്റെ സന്ദേശങ്ങളിലൂടെ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.

കടുത്ത കാൽപന്ത് കളി പ്രേമിയായ അഭിവന്ദ്യ ബിഷപ്പ് തോമസ് സാമുവേൽ 2010 ലെ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇടയിൽ ‘ജ്ഞാനനിക്ഷേപ’ ത്തിൽ തൻ്റെ കത്തിലൂടെ നടത്തിയ പ്രവചനമായിരുന്നു “ഇത്തവണ സ്പെയിൻ ലോകകപ്പ് നേടുമെന്ന്.” അന്ന് “മലയാള മനോരമ ” ദിനപത്രം ഉൾപ്പെടെ അത് വാർത്തയാക്കിയിരുന്നു.

2026ൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജൂൺ മാസം 8 ന് പ്രവചനം അദ്ദേഹം ആവർത്തിച്ചു. “ഇത്തവണ സ്പെയിൻ ലോക കപ്പ് കൊണ്ടുപോകും ഉറപ്പ് “. ഒടുവിൽ രണ്ട് പ്രവചനങ്ങളും ഫലിച്ചു.

ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെയും എക്യൂമെനിക്കൽ സഹകരണത്തിന്റെയും പ്രതീകമായ നിലയ്ക്കൽ എക്യൂമെനിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ബിഷപ്പ് തോമസ് സാമുവൽ നൽകിയ പിന്തുണയും നേതൃത്വവും ശ്രദ്ധേയമായിരുന്നു. വിവിധ സഭകളെയും വിശ്വാസ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം നിർവഹിച്ച പങ്ക് എക്യൂമെനിക്കൽ രംഗത്ത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

പൗരോഹിത്യ ശുശ്രൂഷയുടെ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ ആത്മീയ – രാഷ്ട്രീയ – സാംസ്ക്കാരിക – സാമൂഹിക – വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വ്യക്തികള്‍ ആശംസകൾ അർപ്പിക്കും.

ആത്മീയ ശുശ്രൂഷയ്ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും മാനവിക മൂല്യങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകി വരുന്നു.കുടുംബത്തിന്റെ സ്നേഹവും പിന്തുണയും അദ്ദേഹത്തിന്റെ ജീവിതത്തിലും ശുശ്രൂഷയിലും കരുത്തായി.എൺപതാം വയസ്സിലും ആത്മീയവും സാമൂഹികവുമായ രംഗങ്ങളിൽ സജീവമായി തുടരുന്ന ബിഷപ്പ് തോമസ് സാമുവേലിന്റെ ജീവിതം പുതിയ തലമുറയ്ക്കും വിശ്വാസ സമൂഹത്തിനും പ്രചോദനമാണ്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ ഡോ. സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്താ, ബിഷപ്പ് മാത്യൂസ് മാര്‍ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ ആശംസകള്‍ നേർന്നു.

Leave a Comment

More News