കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷനും പീസ് വില്ലേജും സംയുക്തമായി പാരാപ്ലീജിക് വ്യക്തികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പ്രസ്താവിച്ചു. ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിൽ പീപ്പിൾസ് ഫൗണ്ടേഷനും പീസ് വില്ലേജും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പീപ്പിൾസ് ഫൗണ്ടേഷനും പീസ് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ‘ഉയരെ’ പാരാപ്ലീജിക് കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പാരാപ്ലീജിക് വ്യക്തികളും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാരാപ്ലീജിക് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസത്തിനായി പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഉയരെ’ പദ്ധതിയിലൂടെ 400 കുടുംബങ്ങൾക്ക് പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നത്. ചികിത്സ, വീടുകളുടെ സൗകര്യവൽക്കരണം, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ, പ്രതിമാസ കുടുംബസഹായം, കൗൺസലിങ്, ബോധവൽക്കരണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
വയനാട് പിണങ്ങോട് കേന്ദ്രീകരിച്ച് ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന പീസ് വില്ലേജ്, ഭിന്നശേഷിക്കാരുടെയും മറ്റു പരിഗണന അർഹിക്കുന്നവരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.. ഉഷ വിജയൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഓർഗനൈ സിംഗ് കമ്മിറ്റി ചെയർമാൻ ടി. പി യൂനുസ് സ്വാഗതം പറഞ്ഞു. ഉയരെ എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനർ കെ.കെ. ബഷീർ ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച് സംസാരിച്ചു.
ഡോ. സിദ്റത്തുൽ മുൻതഹ, സിറാജ് നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകിയ സംഗീത, മാജിക് പരിപാടികളും അനുഭവങ്ങൾ പങ്കുവെക്കലും കുടുംബാംഗങ്ങളുമായുള്ള സംവാദവും സംഗമത്തിന്റെ ഭാഗമായി. പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ടി.പി. ഷബീബ് നന്ദി പറഞ്ഞു.
സമാപന സമ്മേളനത്തിൽ പീസ് വില്ലേജ് ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് സെക്രട്ടറി കെ. മുസ്തഫ മാസ്റ്റർ സ്വാഗതം പറഞ്ഞു. വാഹനങ്ങൾക്കായുള്ള അഡാപ്റ്റഡ് ഹാൻഡ് കൺട്രോൾ സംവിധാനങ്ങളുടെ നവീകരകനും സംരംഭകനുമായ തോരപ്പ മുസ്തഫയുമായി പ്രചോദനാത്മക സംവാദം നടന്നു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ മുഖ്യപ്രഭാഷണം നടത്തി. പീസ് വില്ലേജ് ഡയറക്ടർ ഹാരിസ് അരിക്കുളം നന്ദി പറഞ്ഞു.
പാരാപ്ലെജിക് വ്യക്തികളുടെയും കുടുംബങ്ങളുടെയും ഒറ്റപ്പെടൽ ഒഴിവാക്കുക, പരസ്പര സൗഹൃദവും ആത്മവിശ്വാസവും വളർത്തുക, ജീവിതാനുഭവങ്ങൾ പങ്കുവെക്കുക, പുനരധിവാസത്തിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തുക എന്നിവയായിരുന്നു കുടുംബസംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ സി.കെ സമീർ, പീസ് വില്ലേജ് ജനറൽ മാനേജർ ശാക്കിർ മൂസ , ഐഡിയൽ റിലീഫ് വിംഗ് ജില്ലാ കൺവീനർ ആബിദലി, കെസിയ മരിയ, സമീർ കൈതക്കൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
