എടത്വാ: എടത്വ സബ് ട്രഷറിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. റജി ചെറിയാൻ എംഎൽഎ യും ട്രഷറി ഉദ്ദ്യോഗസ്ഥരും എത്തി നിർമ്മാണം വിലയിരുത്തി.
ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ, ജൂനിയർ സൂപ്രണ്ട് രാജേഷ് ജി മുതുകുളം, സബ് ട്രഷറി ഓഫീസർ രമ്യാ പി രവി
ഹൈഡ്രോജിയോളജിസ്റ്റ് സാന്റി എസ് ആർ, എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത്, കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ ആണ് സന്ദർശനം നടത്തിയത്.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എടത്വ സബ് ട്രഷറിയുടെ ശിലാസ്ഥാപനം 2025 മെയ് 29ന് തോമസ് കെ തോമസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് അന്ന് നിര്‍വഹിച്ചത്. സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിച്ച 22 ട്രഷറികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ട്രഷറികളില്‍ വന്‍കിട ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും ശിലാസ്ഥാപന ചടങ്ങിൽ അന്ന് മന്ത്രി പറഞ്ഞിരുന്നു.
എടത്വ, തലവടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഓഫീസുകളുടെ ധാരാളം പണമിടപാടുകളാണ് സബ് ട്രഷറി വഴി നടത്തുന്നത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച ട്രഷറിയുടെ സേവനം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും മൂന്നാം നിലയിലേക്കെത്താന്‍ പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വയോജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഇരിക്കാനുള്ള ക്രമീകരണങ്ങള്‍, ശുചിമുറി സൗകര്യം, കുടിവെള്ളം ഇവ താഴത്തെ നിലയില്‍ തന്നെ സജ്ജീകരിക്കും. എടത്വ സെന്റ് അലോഷ്യസ് കോളേജിന് സമീപം എടത്വ പള്ളി വകയായി നല്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് കോടി 71 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.
എടത്വ സബ് ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 വർഷമായി എടത്വ വികസന സമിതി സമര രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. പ്രതീകാത്മക ട്രഷറി നിർമ്മിച്ച് നില്പ് സമരവും നടത്തിയിരുന്നു.

