ശബരിമല തീർഥാടനം: സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കേരള–തമിഴ്‌നാട് സംയുക്ത തീരുമാനം

ഇടുക്കി: ശബരിമല തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ചേർന്ന അന്തർസംസ്ഥാന യോഗത്തിൽ നിർണായക തീരുമാനങ്ങൾ.

ഇത്തവണ വണ്ടിപ്പെരിയാറിന് സമീപം വാളാർഡിയിൽ ഓൺലൈൻ ബുക്കിംഗ് കേന്ദ്രം പ്രവർത്തിക്കും. ആരോഗ്യ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും സത്രം വഴിയുള്ള കാനനപാതയിലേക്ക് തീർഥാടകരെ അനുവദിക്കുക. ആരോഗ്യപ്രശ്നങ്ങളുള്ളവരെ പമ്പ വഴിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കും.

തീർഥാടകർക്കായി കുടിവെള്ളം, ഭക്ഷണം, ചികിത്സ, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കും. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും അധിക ബസ് സർവീസുകൾ നടത്തും. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കും.

സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണം, വാച്ച് ടവർ, പ്രത്യേക പട്രോളിങ് സംഘങ്ങൾ എന്നിവ ഏർപ്പെടുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കും.

തീർഥാടന പാതകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്നും അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

തീർഥാടകരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകിയാണ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത ഒരുക്കങ്ങൾ.

Leave a Comment

More News