കുറ്റാന്വേഷണത്തിന്റെ ആവേശവുമായി ‘ക്രൈം 302’; പൊലീസുകാരുടെ ക്രൈം ത്രില്ലർ ഒക്ടോബർ 23ന് തിയറ്ററുകളിലേക്ക്

യഥാർഥ ജീവിതത്തിലെ കുറ്റാന്വേഷണ അനുഭവങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം ‘ക്രൈം 302’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തുന്നു. പൊലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ദുരൂഹമായ മരണങ്ങൾക്കും അപകടങ്ങൾക്കുമുപിന്നിൽ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണകഥയാണ് അവതരിപ്പിക്കുന്നത്. ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥരും സിനിമയുടെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

പൊലീസ് സേവനത്തിനൊപ്പം സിനിമയെന്ന സ്വപ്നവും മനസ്സിൽ കൊണ്ടുനടന്ന സജീർ സൈനുദ്ദീന്റെ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ‘ക്രൈം 302’. കുറ്റാന്വേഷണത്തിന്റെ വിവിധ തലങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കുന്ന ചിത്രം, പതിവ് ക്രൈം ത്രില്ലറുകളിൽനിന്ന് വ്യത്യസ്തമായ അവതരണശൈലിയാണ് ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്ന അന്വേഷണരീതികളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായകമാകുന്നു.

പ്രമുഖ താരങ്ങളായ സിദ്ദിഖ്, പാഷാണം ഷാജി, ദിനേശ് പണിക്കർ, ഷാജു നവോദയ, സുധീർ സുകുമാരൻ, ഷിഫാന, ബിഗ് ബോസ് താരം ജസീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിനയിക്കുന്നുണ്ട്. സിനിമാരംഗത്തെ പരിചയസമ്പന്നരായ അഭിനേതാക്കളും യഥാർഥ പൊലീസ് ഉദ്യോഗസ്ഥരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വൻ ബജറ്റ് ചിത്രങ്ങൾക്കൊപ്പം പുതുമുഖ സംവിധായകരുടെയും വ്യത്യസ്തമായ പ്രമേയങ്ങളുമായി എത്തുന്ന സിനിമകളുടെയും പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകരിലാണ് സംവിധായകൻ പ്രതീക്ഷയർപ്പിക്കുന്നത്. നല്ല സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള മലയാളികളുടെ പിന്തുണയാണ് തന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കാൻ ധൈര്യം പകർന്നതെന്ന് സജീർ സൈനുദ്ദീൻ വ്യക്തമാക്കുന്നു. ഒരുകൂട്ടം കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ആത്മാർഥമായ സഹകരണവും ചിത്രത്തിന്റെ നിർമാണത്തിൽ നിർണായകമായി.

സാധാരണ വാഹനാപകടങ്ങളായി കണക്കാക്കപ്പെടുന്ന ചില മരണങ്ങൾ യഥാർഥത്തിൽ ആസൂത്രിത കൊലപാതകങ്ങളായിരിക്കാമെന്ന ആശയമാണ് ‘ക്രൈം 302’യുടെ കഥയുടെ അടിസ്ഥാനം. റോഡപകടമെന്ന പ്രതീതി സൃഷ്ടിച്ച് കൊലപാതകങ്ങൾ നടത്തുന്നതും തെളിവുകൾ നശിപ്പിച്ച് അന്വേഷണത്തെ വഴിതെറ്റിക്കുന്നതുമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്.

കേരളത്തിൽ ഏറെ ചർച്ചയായ കണിച്ചുകുളങ്ങര കൊലപാതകക്കേസ് ഇത്തരം കുറ്റകൃത്യങ്ങളുടെ ഗൗരവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന സംഭവങ്ങളിലൊന്നാണ്. പറവൂരിലെ ഹിമാലയൻ ചിട്ടി സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആദ്യം വാഹനാപകടത്തിന്റെ സ്വഭാവത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് സംഭവത്തിനുപിന്നിലെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഇത്തരത്തിൽ അപകടമരണങ്ങളായി ആദ്യം വിലയിരുത്തപ്പെടുന്ന സംഭവങ്ങളിൽ ചിലത് വിശദമായ അന്വേഷണത്തിലൂടെ കൊലപാതകങ്ങളാണെന്ന് തെളിയിക്കപ്പെടാറുണ്ട്. ബൈപ്പാസുകളിലും വിജനമായ റോഡുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സംഭവിക്കുന്ന ദുരൂഹ മരണങ്ങളിൽ യഥാർഥ കാരണം കണ്ടെത്തുക അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

മരിച്ചവരുടെ ബന്ധുക്കൾ ഉന്നയിക്കുന്ന സംശയങ്ങളോ സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന ചെറിയ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥരുടെ സൂക്ഷ്മനിരീക്ഷണമോ ആയിരിക്കാം ഇത്തരം കേസുകളിൽ നിർണായക വഴിത്തിരിവാകുന്നത്. അപകടമെന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവത്തിനുപിന്നിലെ യാഥാർഥ്യം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ആവേശവും ആകാംക്ഷയുമാണ് ‘ക്രൈം 302’ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കൊപ്പം സമകാലിക സമൂഹത്തിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. പുതിയ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളും കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും കഥയുടെ ഭാഗമായി അവതരിപ്പിക്കുന്നതിലൂടെ ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറം സാമൂഹിക പ്രസക്തിയുള്ള ആശയങ്ങളും പങ്കുവയ്ക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ചിത്രത്തിന്റെ സംഗീതരംഗത്തും പുതുമുഖങ്ങളുടെ സാന്നിധ്യമുണ്ട്. സംവിധായകൻ സജീർ സൈനുദ്ദീന്റെ മകൾ അയിഷ സജീറും റോയ് അതിമൂടനും ചേർന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വ മ്യൂസിക്കാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

നിഷ ആൻഡ് സാറ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലും റാഫിയ സജീറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. അലനാണ് എഡിറ്റിങ്. രാജേഷ് ചിതറ മേക്കപ്പും മനു മലയൻകീഴ്, ശ്രീജിത് കുമാരപുരം എന്നിവർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സഞ്ജു, മഹേഷ് എന്നിവരാണ് കലാസംവിധാനത്തിന്റെ ചുമതല വഹിക്കുന്നത്.

നമോ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സംവിധാനത്തിൽ, യഥാർഥ പൊലീസ് ഉദ്യോഗസ്ഥരുടെ അഭിനയപങ്കാളിത്തത്തോടെ ഒരുങ്ങുന്ന ‘ക്രൈം 302’, കുറ്റാന്വേഷണത്തിന്റെ ദുരൂഹതകളും അപ്രതീക്ഷിത വഴിത്തിരിവുകളും നിറഞ്ഞ സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 23ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Leave a Comment

More News