ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം

ഫിലഡല്‍ഫിയ: “ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍” എന്ന മഹത്‌സന്ദേശം ഉയര്‍ത്തിക്കാട്ടി ഒക്ടോബര്‍ 10 ശനിയാഴ്ച്ച ഫിലഡല്‍ഫിയയില്‍ നടന്ന കേരളകത്തോലിക്കാ സ്നേഹകൂട്ടായ്മയുടെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷം വര്‍ണാഭമായി. ഒരേ ക്രൈസ്തവവിശ്വാസത്തിലൂന്നി തനതായ പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു.

ഒക്ടോബര്‍ 10 ശനിയാഴ്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്‍റെ 48-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചത് അസോസിയേഷന്‍റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി അയിരുന്നു മുഖ്യാതിഥി.

സെ. തോമസ് സീറോമലബാര്‍ ദേവാലയകവാടത്തില്‍ അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനിക്കു അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരണം നല്കി. നാലുമണിക്കു തിരുമേനിയുടെ നേതൃത്വത്തില്‍ മലങ്കരറീത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിയില്‍ ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, സെ. തോമസ് സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ബിപ്പി മാത്യു തറയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

2026 ല്‍ വിവാഹിതരായ ദമ്പതിമാരെയും, രജതജൂബിലി, സുവര്‍ണജൂബിലി എന്നീ വിശേഷാല്‍ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി ആശീര്‍വദിക്കുകയും, ഐ. എ. സി. എ. വക പാരിതോഷികങ്ങള്‍ നല്‍കി അഭിനന്ദിക്കുകയും ചെയ്തു.

ബലിയര്‍പ്പണത്തെതുടര്‍ന്നു ഐ. എ. സി. എ. പ്രസിഡന്‍റ് തോമസ് സൈമണിന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് സൈമണ്‍ അധ്യക്ഷപ്രസംഗം നടത്തി. അസോസിയേഷന്‍ ഡയറക്ടര്‍മാരും, അംഗദേവാലയവികാരിമാരുമായ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. ബിപ്പി മാത്യു തറയില്‍ എന്നിവര്‍ ആശംസകള്‍നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ചാര്‍ലി ചിറയത്ത് സ്വാഗതവും, ജോ. ട്രഷറര്‍ ഫിലിപ് (ബിജു) ജോണ്‍ നന്ദിയും പ്രകാശിപ്പിച്ചു.

ആദ്ധ്യാത്മിക, സാമൂഹിക മേഖലകളില്‍ സേവനത്തിന്‍റെ 48 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ കാരുണ്യപ്രവര്‍ത്തികളുടെ ഭാഗമായി സ്വരൂപിച്ച പുതിയതും, അധികം ഉപയോഗിക്കാത്തതും, മുഷിയാത്തതുമായ അമേരിക്കന്‍ വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, കമ്പിളി വസ്ത്രങ്ങളും ഗോസ്പല്‍ മിഷന്‍ കേന്ദ്രത്തിനു ദാനം ചെയ്യുകയുണ്ടായി.

കള്‍ച്ചറല്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ഫിലാഡല്ഫിയായിലെ ഡാന്‍സ് സ്കൂള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, യുവജനങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ചെണ്ടമേളം, ശ്രുതിമധുരമായ ഗാനങ്ങള്‍ എന്നിവ കാണികള്‍ നന്നായി ആസ്വദിച്ചു. സ്വപ്ന സജി സെബാസ്റ്റ്യന്‍, മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അവതാരകരായി. സ്നേഹവിരുന്നോടെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്കു തിരശീല വീണു.

Leave a Comment

More News