31,000-ത്തിലധികം ജീവനക്കാര്‍ക്കായി ആധുനിക താമസസൗകര്യങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; ദുബായിലും ഷാർജയിലും പുതിയ പദ്ധതികൾ

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയായ അസീസി ഡെവലപ്‌മെന്റ്‌സ് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ടു. ദുബായിലും ഷാർജയിലുമായി 31,000-ത്തിലധികം തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന ആധുനിക പാർപ്പിട സമുച്ചയങ്ങളുടെ നിർമാണമാണ് കമ്പനി ആരംഭിക്കുന്നത്. ആരോഗ്യപരിരക്ഷ, തൊഴിൽപരിശീലനം, ക്ഷേമപ്രവർത്തനങ്ങൾ, ഭക്ഷണശാലകൾ, വിനോദസൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ താമസകേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്.

ഷാർജയിലെ അൽ സജയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 36 കെട്ടിടങ്ങളിലായി 20,000-ത്തിലധികം തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കും. നാല് പ്രത്യേക അയൽപക്ക കേന്ദ്രങ്ങൾ, അഞ്ച് മെഡിക്കൽ ക്ലിനിക്കുകൾ, ഒരു ഫാർമസി, കേന്ദ്ര സൂപ്പർമാർക്കറ്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 18,945 ചതുരശ്ര അടി വിസ്തീർണമുള്ള പരിശീലന, കമ്മ്യൂണിറ്റി സെന്ററും സജ്ജീകരിക്കും. സാങ്കേതിക പരിശീലനങ്ങൾക്കും സുരക്ഷാ ബോധവത്കരണ പരിപാടികൾക്കുമായി ഒരേസമയം 400-ലധികം പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ടാകും.

മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത മുറ്റങ്ങളും 155 ബസ് പാർക്കിംഗ് ബേകളും പദ്ധതിയുടെ ഭാഗമാണ്. ജീവനക്കാരുടെ യാത്രാസൗകര്യത്തിനായി കമ്പനിക്ക് നിലവിൽ 500-ലധികം യാത്രാ ബസുകളുമുണ്ട്. അലുമിനിയം, മാർബിൾ, ബാത്ത്റൂം പോഡുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അസീസിയുടെ പത്ത് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ഉൽപ്പാദന കേന്ദ്രത്തിന് സമീപമാണ് പുതിയ താമസസമുച്ചയം ഒരുങ്ങുന്നത്. ഇതിലൂടെ ജീവനക്കാരുടെ യാത്രാസമയം കുറയ്ക്കാനും യാത്രാക്ഷീണം ലഘൂകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ദുബായിലെ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ ഒന്നിൽ രണ്ട് പ്രത്യേക തൊഴിലാളി താമസകേന്ദ്രങ്ങളും നിർമിക്കുന്നുണ്ട്. ആകെ 1,37,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കേന്ദ്രങ്ങളിൽ 9,700-ലധികം ജീവനക്കാർക്ക് താമസസൗകര്യം ലഭ്യമാകും. വാണിജ്യാടിസ്ഥാനത്തിലുള്ള ഭക്ഷണവിതരണ സംവിധാനം, സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള അടുക്കളകൾ, ഇൻഡോർ ജിംനേഷ്യം, മെഡിക്കൽ ക്ലിനിക്, വിനോദത്തിനും വിശ്രമത്തിനുമുള്ള ലോഞ്ച് എന്നിവയും ഇവിടെ സജ്ജീകരിക്കും.

ജബൽ അലിയിലെ പദ്ധതിപ്രദേശത്ത് നിലവിൽ ഷോറിംഗ് ജോലികളും പ്രാഥമിക നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഷാർജയിലെ അൽ സജ പദ്ധതിക്കായുള്ള സ്ഥലമൊരുക്കൽ നടപടികൾ 2026 ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും. ഇരു പദ്ധതികളുടെയും നിർമാണം വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കി 2027 അവസാനത്തോടെ താമസത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

ജീവനക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവും സൗകര്യപ്രദവുമായ താമസാന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽക്ഷമതയും ജീവിതനിലവാരവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അസീസി ഡെവലപ്‌മെന്റ്‌സ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.

Leave a Comment

More News