സി.എൽ. ജോസിന് പത്മ പുരസ്‌കാരം നൽകണം: കെ. ആനന്ദകുമാർ

അമേച്വർ നാടക രംഗത്തെ കുലപതിയും, ആറ് പതിറ്റാണ്ട് കാലമായി ലോകമലയാളി സമൂഹത്തിന് സുപരിചിതനുമായ നാടകകൃത്ത് സി.എൽ. ജോസിനെ പത്മ പുരസ്‌ക്കാരത്തിന് സർക്കാർ ശുപാർശ ചെയ്യണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

36 സമ്പൂർണ നാടകങ്ങൾ, 80 ലധികം ഏകാങ്ക നാടകങ്ങൾ, കുട്ടികൾക്കുള്ള നാടകങ്ങൾ, ഫലിത സമാഹാരങ്ങൾ, ‘ ഓർമ്മകൾക്ക് ഉറക്കമില്ല’ എന്ന ആത്മകഥ, അനുഭവക്കുറിപ്പുകൾ, പഠന ഗ്രന്ഥം തുടങ്ങി അതിവിപുലമായ സാഹിത്യ സംഭാവന നൽകിയ അപൂർവ ഗ്രന്ഥകാരനാണ് സി.എൽ. ജോസ്. അദ്ദേഹത്തിന്റെ നിരവധി നാടകങ്ങൾ വിവിധ സർവകലാശാലകളിൽ പഠനഗ്രന്ഥങ്ങൾ ആയിരുന്നു.

എഴുപതുകളിലും എൺപതുകളിലും ലോക മലയാളി സമൂഹത്തിന് സി.എൽ. ജോസിന്റെ നാടകമില്ലാതെ വാർഷികാഘോഷങ്ങൾ പോലും ഇല്ലായിരുന്നു. കേരളത്തിലും കേരളത്തിന്‌ പുറത്തും, മലയാളി സമൂഹം ജീവിച്ചിരുന്ന നാടുകളിലൊക്കെ ജോസിന്റെ നാടകങ്ങൾ വിജയകരമായി അവതരിപ്പിക്കപ്പെട്ടു. നാടകവതരണത്തിന്റെ എല്ലാ പ്രായോഗികതയും ഉൾക്കൊണ്ടുകൊണ്ടുള്ള രചനാ രീതിയായിരുന്നു ജോസിന്റെ നാടകങ്ങളുടെ പ്രത്യേകത. ഒട്ടെല്ലാ നാടകങ്ങളിലും സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന സന്ദേശം കൂടി അതിമനോഹരമായി ഇണക്കിച്ചേർത്തിരുന്നു.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയും കേന്ദ്ര സംഗീത നാടക അക്കാദമി അംഗമായും പ്രവർത്തിച്ച, ആറു പതിറ്റാണ്ട് കാലം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തോടൊപ്പം സഞ്ചരിച്ച മുതിർന്ന നാടകകൃത്ത് സി.എൽ. ജോസിന്, പത്മ പുരസ്‌കാരം നൽകി, അർഹതയ്ക്ക് അംഗീകാരം നൽകാൻ, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കൂടിയായ ആനന്ദകുമാർ ആവശ്യപ്പെട്ടു.

Leave a Comment

More News