ഫോർട്ട് ഹുഡ് കൂട്ടക്കൊല: മുൻ യുഎസ് സൈനിക മേജറെ ഫയറിംഗ് സ്ക്വാഡിലൂടെ വധിക്കും; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യത്തേത്

വാഷിങ്ടൺ: 2009-ലെ ഫോർട്ട് ഹുഡ് സൈനിക താവള വെടിവയ്പ്പിൽ 13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് ആർമി മേജർ നിദാൽ മാലിക് ഹസനെ ഫയറിംഗ് സ്ക്വാഡിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന് പെന്റഗൺ അറിയിച്ചു. 60 വർഷത്തിലേറെയായി അമേരിക്കൻ സൈന്യം നടപ്പാക്കുന്ന ആദ്യത്തെ ഫയറിംഗ് സ്ക്വാഡ് വധശിക്ഷയായിരിക്കും ഇത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ സൈനിക വധശിക്ഷ കൂടിയാണിത്.

യുഎസ് ആർമിയിലെ മേജറും ഡോക്ടറുമായിരുന്ന നിദാൽ മാലിക് ഹസൻ 2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ നടത്തിയ വെടിവയ്പ്പിൽ നിരായുധരായ 13 സൈനികരെ കൊലപ്പെടുത്തുകയും 32 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഹസന്റെ വധശിക്ഷ നടപ്പാക്കാൻ ശുപാർശ ചെയ്തതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിന് അംഗീകാരം നൽകിയതായും പെന്റഗൺ വക്താവ് ഷോൺ പാർനെൽ തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
13 സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജൂറി ഹസനെ മുൻകൂട്ടി ആസൂത്രണം ചെയ്ത 13 കൊലപാതകങ്ങളിലും 32 കൊലപാതകശ്രമങ്ങളിലും കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. വധശിക്ഷ നൽകണമെന്ന തീരുമാനവും ജൂറി ഏകകണ്ഠമായി ശുപാർശ ചെയ്തു.

വധശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും യുഎസ് ആർമി സെക്രട്ടറി തീരുമാനിക്കുമെന്ന് പാർനെൽ വ്യക്തമാക്കി. “ഹസന്റെ വിധിദിനം ഒടുവിൽ എത്തിയിരിക്കുന്നു” എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

വിർജീനിയ സ്വദേശിയും യുഎസ് ആർമിയിലെ സൈക്യാട്രിസ്റ്റുമായിരുന്ന ഹസൻ, താനാണ് വെടിവയ്പ്പ് നടത്തിയതെന്ന് പിന്നീട് കോടതിയിൽ സമ്മതിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് “താൻ ചെയ്ത തെറ്റുകൾക്ക്” അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

2013-ലെ കോർട്ട് മാർഷൽ വിചാരണയ്ക്കിടെ, അഫ്ഗാനിസ്ഥാനിലെ മുസ്ലിംകളെയും താലിബാനെയും സംരക്ഷിക്കുകയാണെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്ന് ഹസൻ പറഞ്ഞിരുന്നു.

2009 നവംബർ അഞ്ചിനായിരുന്നു കൂട്ടക്കൊല. അമേരിക്കൻ സൈനിക താവളത്തിൽ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാതെ നടന്ന ഏറ്റവും മാരകമായ ആക്രമണമായാണ് സംഭവം രേഖപ്പെടുത്തപ്പെട്ടത്. വിദേശ ദൗത്യങ്ങൾക്ക് പുറപ്പെടാനിരുന്ന സൈനികർ ആരോഗ്യ പരിശോധനകൾക്കും വാക്സിനേഷനും വേണ്ടി കാത്തിരുന്ന തിരക്കേറിയ മെഡിക്കൽ കെട്ടിടത്തിലായിരുന്നു വെടിവയ്പ്പ്.

നിലവിൽ യുഎസ് സൈനിക സംവിധാനത്തിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് തടവുകാരിൽ ഒരാളാണ് ഹസൻ.
സൈനിക നിയമപ്രകാരം ഒരു വധശിക്ഷ നടപ്പാക്കുന്നതിന് യുഎസ് പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമാണ്. ഇതിനു പുറമെ അപ്പീൽ നടപടികളും വധശിക്ഷയുടെ നിയമസാധുത സംബന്ധിച്ച അന്തിമ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്.

1983-ൽ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ആംഡ് ഫോഴ്‌സസ് സൈനിക വധശിക്ഷ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗൻ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സൈനിക വധശിക്ഷ പുനഃസ്ഥാപിച്ചു.

അമേരിക്കയിൽ സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വധശിക്ഷകളിൽ നിന്ന് സൈനിക വധശിക്ഷയ്ക്ക് വ്യത്യസ്തമായ നിയമനടപടികളാണുള്ളത്. രാജ്യത്തെ ഭൂരിഭാഗം വധശിക്ഷകളും സംസ്ഥാന തലത്തിലാണ് നടപ്പാക്കുന്നത്. നിലവിൽ 27 സംസ്ഥാനങ്ങളിലും ഫെഡറൽ സർക്കാരിനും സൈന്യത്തിനും വധശിക്ഷ നിയമപരമായി ലഭ്യമായ ശിക്ഷാരീതിയാണ്.

ഫയറിംഗ് സ്ക്വാഡിലൂടെയുള്ള വധശിക്ഷ അമേരിക്കയിൽ അപൂർവമാണ്. കഴിഞ്ഞ വർഷം സൗത്ത് കരോലിനയിൽ ഫയറിംഗ് സ്ക്വാഡിലൂടെ ഒരു വധശിക്ഷ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്ന അത്, 15 വർഷത്തിനിടെ അമേരിക്കയിൽ ഈ രീതി ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷയുമായിരുന്നു. ഐഡഹോ, മിസിസിപ്പി, ഒക്ലഹോമ, യൂട്ടാ എന്നീ നാല് സംസ്ഥാനങ്ങളിലും ഫയറിംഗ് സ്ക്വാഡ് ഉപയോഗിക്കാൻ നിയമപരമായ വ്യവസ്ഥയുണ്ട്.

ഫെഡറൽ വധശിക്ഷയെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. 2025 ജനുവരിയിൽ രണ്ടാം ഭരണകാലത്തിന്റെ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഫെഡറൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നയം അദ്ദേഹം പുനഃസ്ഥാപിച്ചിരുന്നു.

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഫെഡറൽ വധശിക്ഷ നടപ്പാക്കുന്നതിന് യുഎസ് നീതിന്യായ വകുപ്പ് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

ട്രംപ് ഒപ്പു വെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ, അമേരിക്കൻ പൗരന്മാർക്കെതിരായ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളും മാരകമായ അക്രമങ്ങളും നടത്തുന്നവരെ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള “അത്യാവശ്യ ഉപാധി” എന്നാണ് വധശിക്ഷയെ വിശേഷിപ്പിക്കുന്നത്.

Leave a Comment

More News